#ദിനസരികള്‍ 767


ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി.
          മതേതരത്വത്തിനോടാണ് , വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്.മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല വെച്ചു കൊടുക്കലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
          ഇതു മനസ്സിലാക്കാന്‍ തമിഴ്നാട് നല്ലൊരു ഉദാഹരണമാണ് .ഡി എം കെ  കോണ്‍ഗ്രസ് മതേതര മുന്നണിയ്ക്കൊപ്പം നിലയുറപ്പിച്ച ഇടതുപക്ഷം നാലുസീറ്റുകള്‍ നേടി നേട്ടമുണ്ടാക്കി.മുപ്പിത്തിയൊമ്പതില്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഒന്നു മാറ്റി നിറുത്തിയാല്‍ ബാക്കി വരുന്ന മുപ്പത്തിയെട്ടില്‍ രണ്ടൊഴിച്ച് മുപ്പത്തിയാറും മതേതരമുന്നണിക്കൊപ്പം നിന്നു. മതേതര കക്ഷികളുടെ ഈ വന്‍വിജയം മോഡിയും കൂട്ടരും അധികാരത്തിലെത്താതിരിക്കാനുള്ള കരുതലിന്റെ ഫലമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !
            ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഫലപ്രദമായി ഇടപെടാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കേരളവും വോട്ടു രേഖപ്പെടുത്തിയത്.മോഡിയെ അകറ്റി നിറുത്തുവാന്‍ കോണ്‍ഗ്രസിനാണ് കഴിയുന്നതെങ്കില്‍ ആ കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് കേരളത്തിലെ ജനത ചിന്തിച്ചു. അങ്ങനെയുണ്ടായ ബി ജെ പി വിരുദ്ധ തരംഗം സൃഷ്ടിച്ച മുന്നേറ്റത്തിന്റെ ഫലം കൊയ്തെടുക്കാനായത് കോണ്‍ഗ്രസിനാണെന്നത് ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
          ഇടതുപക്ഷത്തിന്റെ ആശയപരമായ ദൃഡതയെ പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ട് ഇത്രയധികം ഏകീകരണം എന്തുകൊണ്ട് നടന്നു ? ഈ ചോദ്യത്തോടൊപ്പം പരാജയത്തിന് കാരണമാകുന്ന തരത്തില്‍ മറ്റേതെങ്കിലും ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും നടക്കണം.
          ശബരിമല ഘടകമായിട്ടുണ്ടോ എന്നൊരു ചോദ്യം നാം അഭിമുഖീകരിക്കാതെ ഒഴിഞ്ഞു മാറുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ശബരിമല ഒരു കുറഞ്ഞ ശതമാനത്തിന്റെ ഇടയില്‍ ഏശിയിട്ടുണ്ടെങ്കിലും അത് ബി ജെ പി ക്കോ അതുവഴി അവരുടെ വിജയത്തിനോ കാരണമായിട്ടില്ല എന്നതില്‍ നാം അഭിമാനിക്കുക. ഇടതുപക്ഷത്തിനൊപ്പം നില്ക്കുകയും എന്നാല്‍ വലതുപക്ഷ മനസ്സിന്റെ വികാരങ്ങളെ പരിപാലിക്കുകയും ചെയ്യുന്ന, യാഥാസ്ഥിതിക മനസ്സുള്ള കുറഞ്ഞ ശതമാനം വരുന്ന ഒരു പറ്റം ആളുകള്‍ ഇക്കാര്യത്തില്‍ സംഘപരിവാരം സ്വീകരിച്ച അതിവൈകാരികമായ ഇടപെടലുകളെ തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസിന് വോട്ടു ചെയ്ത് സമാധാനിച്ചത് ഒരു പക്ഷേ ഈ ഫലത്തിന് ഒരു കാരണമായേക്കാമെങ്കിലും പ്രധാന കാരണം അതാണെന്ന് കരുതുവാന്‍ വയ്യ.
          മതേതരത്ത്വത്തിനെ സ്വാഗതം ചെയ്യുന്ന ഇടതുപക്ഷമാണ് ഈ വിധിക്കു പിന്നിലുള്ളതെന്ന് കാണുന്നതാണ് എനിക്ക് താല്പര്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ഫലം ഇടതുപക്ഷ വിരുദ്ധതയില്‍ നിന്നും ഉണ്ടായതല്ല , മറിച്ച് ഇടതുപക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിന്റെ ഫലമായിട്ടുണ്ടായതാണ്. ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ മോഡിയുടെ മതാത്മക ഭാരതത്തിനെതിരെ മതേതരത്വമനസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടതിന്റെ ഫലമാണ് ഈ വിധി.  ഇടതുപക്ഷത്തിന്റെ അണികളെയോ ബലങ്ങളേയോ ഒരു തരത്തിലും ഈ വിധി പ്രതികൂലമായി ബാധിക്കില്ല.
          അതുകൊണ്ട് ബി ജെ പിക്കെതിരെ, മോഡിക്കെതിരെ മതേതരത്വത്തിന് വേണ്ടിയുള്ള ഉറച്ച നിലപാടായിട്ടു വേണം ഈ പരാജയത്തെ നാം വിലയിരുത്താന്‍. ഇത്തരമൊരു മനസ്സ് രൂപപ്പെടുത്തിയെടുക്കാന്‍ ഇവിടെ നവോത്ഥാനകാലം മുതല്‍ അക്ഷീണം പ്രവര്‍ത്തിച്ചുപോന്ന മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങളില്‍ എല്ലായ്‌പ്പോഴും മതേതരത്വത്തിന് പ്രധാന സ്ഥാനവുമുണ്ട്. മതേതരമനസ്സിനെ നിലനിറുത്താന്‍ ഇടതുപക്ഷം ഇടപെട്ടതുപോലെ മറ്റാരും തന്നെ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ഇടതുപക്ഷത്തിന്റെ കൂടി വിജയമാകുന്നു.             
         
         
         
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1