#ദിനസരികള്‍ 768



വെറുമൊരു പാരഡിക്കവിത !

          അയ്യപ്പപ്പണിക്കര്‍ അഞ്ചു പാരഡിക്കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമുണ്ടായിട്ടല്ല , എഴുതിയിട്ടുണ്ട് എന്ന് മാത്രം. അതില്‍ നിന്നും നമുക്ക് എന്തെങ്കിലും മനസ്സിലാക്കാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നേ പറയാനുള്ളു. അല്ലെങ്കിലും എല്ലാ കവിതയില്‍ നിന്നും എല്ലാവരും എന്തെങ്കിലും മനസ്സിലാക്കണമെന്ന് നാം വാശി പിടിച്ചിട്ടെന്തു കാര്യം ? ഇനി അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ അതു മനസ്സിലാക്കണമെന്ന് പറയാനും നമുക്ക് അധികാരമുണ്ടോ? ഒഴുകാനല്ലേ സുഖം? എന്തുകൊണ്ട് ഒഴുകുന്നുവെന്ന് എന്തിന് ചിന്തിക്കണം? അതുകൊണ്ട് ഒന്നും മനസ്സിലാക്കാനില്ലെങ്കിലും ചുമ്മാ ഒഴുകാന്‍ വേണ്ടി ആ കവിത നമുക്ക് ഒന്ന് വായിക്കുക. നമ്മള്‍ നിരാശരാകുമെന്നുള്ളതുകൊണ്ട് കവിതയുടെ അര്‍ത്ഥമൊന്നും അന്വേഷിച്ചേക്കരുത് എന്ന മുന്നറിയിപ്പ് ആദ്യമേ നല്കട്ടെ. ഇനി കവിത വായിക്കുക.

എവിടെ മനസ്സ്

എവിടെ മനസ്സ് ഭയകൌടില്യ മോഹങ്ങള്‍ക്ക്
വശം വദരാകുന്നതില്‍ സന്തോഷിക്കുന്നുവോ
എവിടെ ബുദ്ധി കക്ഷിതാല്പര്യങ്ങളുടെ പരിലാളനംകൊണ്ട്
താല്കാലിക നേട്ടങ്ങളുണ്ടാക്കുന്നതില്‍ വിജയിക്കുന്നുവോ
എവിടെ ആത്മാവ് അവസര സേവയ്ക്കുള്ള അവസരമായി
ജീവിതത്തിന്റെ ഹ്രസ്വതയെ കൊണ്ടാടുന്നുവോ
എവിടെ മനുഷ്യന്‍ നേട്ടങ്ങളുടെ ചവറ്റു കൂമ്പാരത്തിന്‍ മുകളില്‍നിന്ന്
ഗിരിപ്രഭാഷണങ്ങള്‍ കണ്ട് മറ്റുള്ളവരെ നിശബ്ദരാക്കുന്നുവോ
എവിടെ നേതാക്കള്‍ സ്വന്തം ഖ്യാതി നിലനിറുത്തുവാന്‍ വേണ്ടി
ആദര്‍ശങ്ങള്‍ വെട്ടിയരിഞ്ഞ് തീകത്തിച്ച് രസിക്കുന്നുവോ
എവിടെ രാഷ്ട്രം ദുര്‍ഗന്ധ കുമാരന്മാരുടെ വേട്ടയാടലിനുള്ള
വീട്ടുവളപ്പായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നുവോ
എവിടെ സ്വാതന്ത്ര്യത്തിന് വിലയിടിവും
അടിമച്ചന്തകള്‍ക്ക് വിലപേശലും നടക്കുന്നുവോ
എവിടെ ഓഹരിയും കടപ്പത്രവും കൈക്കൂലിയും മാത്രം
പ്രാതസ്മരണീയ വാര്‍ത്തകളായി മാറുന്നുവോ
എവിടെ കുതികാല്‍ വെട്ട് തപശ്ചര്യയും
വിദ്വേഷം പ്രണവവും ആക്കി വളര്‍ത്തപ്പെടുന്നുവോ
ആ പരോമോദാര നരകവീഥിയില്‍ നിന്ന്
എന്നെങ്കിലും എന്റെ നാടു രക്ഷപ്പെടുമോ?
അങ്ങേയ്ക്ക് എന്തു ചെയ്യാന്‍ കഴിയും , പ്രഭോ ?

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍