#ദിനസരികള്‍ 924 ഒരു നുണയന്റെ ചരിത്രവായനകള്‍ - 2
കെ കെ മുഹമ്മദ്, തന്റെ ആത്മകഥയിലെ അയോധ്യ : അറിഞ്ഞതും പറഞ്ഞതും സത്യം എന്ന പേരുള്ള
അധ്യായത്തിലാണ് ബാബറി മസ്ജിദിനെക്കുറിച്ച്
പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ തന്റെ അഭിപ്രായങ്ങളെ അവതരിപ്പിക്കുന്നത്.
ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്
പ്രൊഫസര്‍ ബി ബി ലാലിന്റെ നേതൃത്വത്തില്‍ 1976 -77 കാലഘട്ടത്തില്‍
അദ്ദേഹം അയോധ്യ സന്ദര്‍ശിക്കുന്നത്. ഇനി
അദ്ദേഹം എഴുതുന്നതു നോക്കുക “പര്യവേക്ഷണത്തിനായി
ഞാനവിടെ എത്തുമ്പോള്‍ ബാബറി മസ്ജിദിന്റെ ചുമരുകളില്‍ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു.ഈ
തൂണുകള്‍ ബ്ലാക് ബസാള്‍ട്ട് എന്ന് അറിയപ്പെടുന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്.തൂണുകളുടെ
താഴ് ഭാഗത്ത് പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ളതുപോലെ
പൂര്‍ണ കലശം കൊത്തി വെച്ചിട്ടുണ്ട്.ക്ഷേത്രകലയില്‍ പൂര്‍ണകലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളില്‍
ഒന്നാണ്.ഇത്തരത്തിലുള്ള ഒന്നോ രണ്ടോ തൂണുകളല്ല മറിച്ച് പതിനാലു തൂണുകള്‍ പള്ളി
പൊളിക്കുന്നതിന് മുമ്പുണ്ടായിരുന്നു.” മുഹമ്മദ് എത്ര ആധികാരികമായിട്ടാണ്
എഴുതുന്നത് എന്ന് നോക്കുക. എന്നാല്‍ പ്രൊഫസര്‍ റസാവി കെ കെ മുഹമ്മദിന്റെ ഈ അവകാശ
വാദത്തെ തള്ളിക്കളയുന്നു. ബി ബി ലാലിന്റെ സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി
മാത്രമായിരുന്ന മുഹമ്മദ് ആ സംഘത്തിലെ ഒരു വിദഗ്ദരോടൊപ്പമാണ് തന്നെ സ്വയം
സ്ഥാപിച്ചിരിക്കുന്നുവെന്നതാണ് വസ്തു. സംഘത്തിന്റെ മേധാവി കൊടുത്ത റിപ്പോര്‍ട്ടുകളില്‍
കാണാത്ത വിവരങ്ങളാണ് താന്‍ കണ്ടെത്തി എന്ന നിലയില്‍ മുഹമ്മദ് അവതരിപ്പിക്കുന്നത്. അയോധ്യയില്‍
ബി ബി ലാല്‍ നടത്തിയ പര്യവേക്ഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാവര്‍ക്കും ലഭ്യമാണ്” എന്നും
അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പ്രൊഫസര്‍ റിസാവി ഇത്രയും കൂടി പറയുന്നു “ അതേ
സമയം താന്‍ അയോധ്യയില്‍ പര്യവേക്ഷണം നടത്തിയ പുരാവസ്തു വിദഗ്ദനാണെന്ന് കെ കെ
മുഹമ്മദ് വ്യക്തിപരമായി അവകാശപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.അത്തരമൊരു
അവകാശവാദത്തിന് ദേശീയ തലത്തില്‍ ഒരു വിലയും ആരും കല്പിക്കാതിരുന്നതിനാല്‍ ആരും
അതേക്കുറിച്ച് ആശങ്കാകുലരായിരുന്നുമില്ല. ദേശീയതലത്തില്‍ ആ അവകാശവാദത്തിന്
എന്തെങ്കിലും പ്രാധാന്യം കൈവരുന്നതുവരെ ആരും പ്രതികരിച്ചിരുന്നുമില്ല.എന്നാലും
അദ്ദേഹമിത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നുവെന്നത് നേരാണ്.” 1992 ന്
മുമ്പ് ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ അയോധ്യയുമായി ബന്ധപ്പെട്ട് ഒരു
സെമിനാര്‍ നടന്നിരുന്നു.എം അത്ഹര്‍ അലി, സൂരജ് ഭാന്‍ , ഡി എന്‍ ഝാ , ആര്‍ എസ്
ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ പ്രസ്തുത സെമിനാറില്‍ ഒരു റിപ്പോര്‍ട്ടും
തയ്യാറാക്കി. “ ബാബറി
മസ്ജിദ് നില്ക്കുന്ന ഭൂമിയില്‍ ക്ഷേത്രത്തിന്റെ ഏതെങ്കിലും തരത്തിലുള്ള
അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിവരമുണ്ടോ? ശ്രീരാമനുമായി ബന്ധപ്പെട്ട ഇതിഹാസം
ആളുകള്‍ക്കിടയില്‍ പ്രചാരത്തിലാകുന്നത് എന്നുമുതല്‍ക്കാണ് ?” എന്നിങ്ങനെ
ചില ചോദ്യങ്ങള്‍ ആ റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്.ഈ റിപ്പോര്‍ട്ടുകളിലോ
അയോധ്യയുമായി ബന്ധപ്പെട്ടു നടന്ന മറ്റ് അനേകം പഠനങ്ങളിലോ ഒരു ക്ഷേത്രം തകര്‍ത്തതായി
പറഞ്ഞിട്ടില്ലെന്ന് പ്രൊഫസര്‍ റസാവി പ്രസ്താവിക്കുന്നു.ഇവര്‍ക്കാര്‍ക്കും
കിട്ടാത്ത ഈ വിവരം എങ്ങനെയാണ് മുഹമ്മദിന് മാത്രമായി കിട്ടിയതെന്ന എന്ന ചോദ്യം
പ്രസക്തമാണ്.എന്നുമാത്രവുമല്ല ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷം നടന്ന പഠനത്തില്‍
കണ്ടെത്തിയ 445 പുരാവസ്തു അവശിഷ്ടങ്ങളില്‍ ഒന്നുപോലും
ക്ഷേത്രത്തിന്റേതായിട്ടില്ല.2003 മൂന്ന് മാര്‍ച്ചില്‍ നടത്തിയ ഈ പര്യവേക്ഷണത്തിന്
കോടതി നിയോഗിച്ച പ്രൊഫസര്‍ സുപ്രിയാ വര്‍മ്മയും പ്രൊഫസര്‍ ജയമേനോനും നല്കിയ
റിപ്പോര്‍ട്ടുകള്‍ ഈ നിലപാടു ശരിവെയ്ക്കുന്നു.
ബാബറി
മസ്ജിദിനെക്കുറിച്ച് കെ കെ മുഹമ്മദ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെല്ലാംതന്നെ
ശുദ്ധനുണകളാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ സയ്യിദ് അലി നദിം റിസാവി
സ്ഥാപിച്ചെടുക്കുന്നു. ചരിത്ര സത്യങ്ങളെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി
വളച്ചൊടിച്ചുകൊണ്ട് വസ്തുതാവിരുദ്ധമായി അവതരിപ്പിക്കുന്ന സംഘപരിവാരത്തിന്റെ
കൈകളിലെ ഒരു പാവ മാത്രമായി കെ കെ മുഹമ്മദ് എന്ന പുരാവസ്തു വിദഗ്ദന്‍
മാറിയിരിക്കുന്നുവെന്ന ആക്ഷേപത്തിന് ഈ അഭിമുഖം തെളിവുനല്കുന്നു. അതൊടൊപ്പം കെ കെ
മുഹമ്മദിന്റെ വിക്കിപ്പീഡിയ പേജില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലായി
കൊടുത്തിരിക്കുന്ന മുഗൾ ചക്രവർത്തി അക്ബർ ദിൻ ഇലാഹി എന്ന മതം ആദ്യമായി വിളംബരം
ചെയ്ത ഇബാദത്ത് ഖാന, അശോകൻ കേസരിയിൽ
നിർമ്മിച്ച ബുദ്ധ സ്തൂപം മുതലായവ കണ്ടെത്തിയത് താനാണെന്ന അവകാശവാദത്തേയും പ്രൊഫസര്‍
റിസാവി നിരാകരിക്കുന്നു. എന്നു മാത്രവുമല്ല. യാതൊരു വിധത്തിലുള്ള ചരിത്ര
ബോധവുമില്ലാതെ ഫത്തേപ്പൂര്‍ സിക്രിയിലെ പല സ്മാരകങ്ങളും തനിക്കു തോന്നിയ രീതിയില്‍ മാറ്റിപ്പണിത
കെ കെ മുഹമ്മദിന്റെ വിഡ്ഢിത്തത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
വ്യക്തിപരമായ
നേട്ടങ്ങള്‍ക്കുവേണ്ടി ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചു കൊണ്ട്
മുഹമ്മദിനെപ്പോലെയുള്ളവര്‍ നടത്തുന്ന നീക്കങ്ങള്‍ ഭാരതത്തിന്റെ ബഹുസ്വരതയിലൂന്നിയ ജനാധിപത്യസങ്കല്പങ്ങളെ
അട്ടിമറിയ്ക്കുന്നവരെ സഹായിക്കുന്നതാണെന്ന് ഈ അഭിമുഖം അടിവരയിടുന്നു. മലയാളികള്‍ക്ക്
ഏറെ പരിചയമുള്ള മുഹമ്മദിനെപ്പോലെയുള്ളവരെ വൈകിയെങ്കിലും തിരിച്ചറിയാന്‍ ഈ അഭിമുഖം
നമ്മെ സഹായിക്കുന്നു.
Comments