#ദിനസരികള്‍ 51


പി.ബി ഷെല്ലിയുടെ ഒസിമാന്‍ഡിയസ് എന്ന കവിത പഠിച്ചത് അതിവിദൂരമായ ഭൂതകാലങ്ങളിലെപ്പോഴോ ആണ്. എങ്കിലും ആ കവിത ഉണ്ടാക്കിയ മുഴക്കം ഇന്നും എന്റെ കാതുകളിലുണ്ട്. മാത്രവുമല്ല തത്തുല്യമായ മറ്റൊരു മുഴക്കത്തെ ഇതുവരെ കണ്ടത്തുവാന്‍ കഴിഞ്ഞിട്ടുമില്ല എന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. എന്തുകൊണ്ടായിരിക്കും ഈ കവിത ഇത്രമാത്രം എനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്.
            അനശ്വരതയെ തേടുക എന്നത് മനുഷ്യര്‍ ഈ ഭൂമുഖത്ത് ആവിര്‍ഭവിച്ച അന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തെ പരിഷ്കൃതമനസ്സുകള്‍ ചിന്തിക്കുന്നതുപോലും മരണമെന്ന അനിവാര്യതയെ എങ്ങനെ ഉല്ലംഘിക്കാം എന്നുതന്നെയാണ്.അതിനു സഹായകമായ രീതിയില്‍ നാം ശാസ്ത്രങ്ങളെ പരിപോഷിപ്പിക്കുന്നു , ശസ്ത്രങ്ങളെ പ്രയോഗിക്കുന്നു. എന്നിട്ടും ഒരു പരിധിക്കപ്പുറം കാലുകുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മരണത്തെ അതിജീവിക്കുക അസാധ്യമാണെന്ന തിരിച്ചറിവ് മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. അതോടെ മതങ്ങള്‍ ഉടലെടുത്തു. അവ്യക്തമായ മരണാനന്തരങ്ങളെക്കുറിച്ച്  അവരവരുടേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് മതങ്ങള്‍ മനുഷ്യനെ കക്ഷിചേര്‍ക്കുവാന്‍ തുടങ്ങി. സെമിറ്റിക്  മത സങ്കല്പങ്ങള്‍ നിലനില്ക്കുന്നതുതന്നെ നിത്യജീവന്‍ പ്രദാനം ചെയ്തുകൊണ്ടാണ്. മനീഷികളും മഹാശാസ്ത്രകാരന്മാരുമടക്കം ഒരു ജനത ഒന്നാകെ നിത്യജീവന് വേണ്ടി മതങ്ങളുടെ പിന്നില്‍ വരിനിന്നു.എല്ലാവരുടേയും താല്പര്യങ്ങള്‍ക്ക് പിന്നില്‍ മരിക്കാതിരിക്കുക എന്ന അദമ്യമായ ആഗ്രഹം മുഴച്ചുനിന്നു. മരണഭയം നമ്മെ യുക്തിബോധമില്ലാത്തവരും മതവൈതാളികരുമാക്കിത്തീര്‍ത്തു.ഇതൊന്നും മതത്തിന് വേണ്ടിയല്ല മറിച്ച് പരലോകത്ത് വിരാമമില്ലാത്ത ജീവിതത്തിന്റെ പേരിലാണ് എന്നതത്രേ വസ്തുത.
            ബര്‍ഗ്മാന്റെ സെവന്ത് സീലില്‍ മരണത്തെ അകറ്റി നിറുത്തുവാനുള്ള മറ്റൊരു പ്രയത്നത്തെ നാം കാണുന്നു. കഥാനായകന്‍ അന്തോണിയസ് ബ്ലോക്ക് മരണവുമായി ഉണ്ടാക്കിയ സന്ധിതന്നെ കളികഴിയുന്നതുവരെ തന്നെ സ്പര്‍ശിക്കരുത് എന്നാണ്. അവിടേയും അനിവാര്യമായത് സംഭവിക്കുന്നു എന്നുമാത്രം. നമ്മുടെ മലയാളത്തിലുമുണ്ട് മരണത്തോട് സംവദിക്കുന്ന രചനകള്‍ . അവയില്‍ എടുത്തുപറയാന്‍ തോന്നുന്നത് വയലാറിന്റെ എനിക്കു മരണമില്ല എന്ന കവിതയാണ്.പക്ഷേ ഈ കവിത കേവലമായ മരണത്തോടുള്ള യുദ്ധപ്രഖ്യാപനമല്ല മറിച്ച് , മരണാതീതമായ മാനവികത്വത്തിന് നിദാനമായിരിക്കുന്ന ധാരണകളെ ആവിഷ്കരിക്കുന്ന രചനയാണ്. കാലമുണ്ടായിരിക്കുന്നിടത്തോളം ഞാന്‍തന്നെയാണ് അധിനായകന്‍ എന്ന പ്രഖ്യാപനം മരണമേ നീ നിന്റെ പത്തി മടക്കിക്കോളു എന്ന പ്രഘോഷിക്കല്‍ കൂടിയാണ്. കവി ആവിഷ്കരിക്കുന്ന അധിനായകനായ മാനവനെ നമ്മുടെ സാഹിത്യഭണ്ഡാരങ്ങളില്‍ യഥേഷ്ടം കണ്ടെത്താം.
            ഒസിമാന്‍ഡിയസിലാകട്ടെ ഭീമാകാരങ്ങളായ തന്റെതന്നെ പ്രതിമകളെ സ്ഥാപിച്ചുകൊണ്ട് താന്‍ കാലാതിവര്‍ത്തിയാണ് എന്ന് പ്രഖ്യാപിക്കുന്ന ഒസിമാന്‍ഡിയസ് എന്ന രാജാവിനെ നാം കാണുന്നു.ഇത് മരണത്തിനെ വെല്ലുവിളിക്കുന്ന മറ്റൊരു രീതിയാണ്. ഞാന്‍ മരിച്ചാലും എന്റെ പ്രതിമകള്‍ , ഞാന്‍ പണികഴിപ്പിച്ച മണിഹര്‍മ്യങ്ങള്‍ , വഴിത്താരകള്‍ , കോട്ടകൊത്തളങ്ങള്‍ , വിശാലമായ രാജ്യാതിര്‍ത്തികള്‍ ഒക്കെ എന്നെ കീര്‍ത്തിച്ചു കൊണ്ട് ഇവിടെ അവശേഷിക്കും എന്ന സങ്കല്പം രാജാവ് നെഞ്ചേറ്റുന്നു. പക്ഷേ കാലത്തിന്റെ പ്രവാഹത്തില്‍ അപ്രതിരോധ്യമെന്ന് കരുതിയിരുന്നവ ധൂളീസദൃശം നുറുങ്ങിപ്പോകുന്നു.കല്ലേപ്പിളര്‍ക്കുന്ന കല്പനകളാ‍ല്‍ നാടകങ്ങളെ അടക്കിഭരിച്ച തിരുമുഖങ്ങള്‍ മണ്ണടിഞ്ഞിരിക്കുന്നു. ഒന്നും അവശേഷിക്കുന്നില്ല, ഒന്നും.അധിനായകനാകാന്‍ ആഗ്രഹിച്ച ഒസിമാന്‍ഡിയസ് എന്ന രാജാവിന് ചുറ്റും കലങ്ങിമറിഞ്ഞുകിടക്കുന്ന മരുഭൂമിയുടെ അന്തമില്ലാത്ത മഹാരാശി മാത്രം. ഒന്നും സ്ഥായിയല്ല എങ്കിലും ചിരസ്ഥായികളാകാനുള്ള ശ്രമം നാം ഇനിയും തുടരുക.കവികള്‍ ,മനുഷ്യാ നീ മണ്ണാകുന്നു , നീ മണ്ണിലേക്കുതന്നെ മടങ്ങും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമിരിക്കട്ടെ.

            ഈ കവിതയെ മലയാളത്തിലേക്ക് ആശയാനുവാദം ചെയ്യാനുള്ള എന്റെ ശ്രമം താഴെ
                                          അതിപുരാതനദേശാന്തരങ്ങളില്‍ -
കുതുകിയാമൊരാള്‍ ചൊല്ലി മരുഭൂവില്‍
പകുതിമുങ്ങിക്കിടക്കുന്നതുണ്ടൊരു -
നൃപതിതന്റെ ചിതറിയ വിഗ്രഹം .
കൊടിയ മുദ്രകള്‍ പേറുന്നൊരാനനം,
കുടില ബുദ്ധികള്‍ കല്പിച്ച ചുണ്ടുകള്‍,
കരുതിവെച്ചിരിക്കുന്നു നമുക്കായി-
സ്ഥപതി , ഹൃത്തില്‍ കുറിച്ചു പകര്‍ന്നപോല്‍
അരികിലേതോ സ്ഫടികക്കഷണത്തില്‍
എഴുതിവെച്ചിരിക്കുന്നു മഹാബലി :-
ചക്രവര്‍ത്തി ഞാന്‍ , ഞാനൊസിമാന്‍ഡിയസ്
ശക്തമാമെന്റെ സാമ്രാജ്യം കാണുക

ചുറ്റു , മെത്രയോ ദൂരം പരന്നെഴും
അറ്റമില്ലാമണല്‍ക്കൂന മാത്രമേ !


            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1