#ദിനസരികള്‍ 164
ഭ്രാന്ത് സുഖമുള്ള
അവസ്ഥയാണോ? ഭ്രാന്തിനു
പുറത്തു ജീവിക്കുന്നവര്‍ക്ക് എന്തായാലും അതത്ര സുഖമുള്ള കാര്യമല്ല.അകത്തുള്ളവര്‍ക്കാണെങ്കില്‍
അതില്പരം സുഖമുള്ള മറ്റൊന്നില്ല എന്ന് പറയുന്നവരുണ്ട്. കണ്ടും കേട്ടും അറിഞ്ഞതില്‍
നിന്ന് ഭ്രാന്ത് അഥവാ ഉന്മാദം മറ്റു രോഗങ്ങളെപ്പോലെയല്ല എന്ന കാര്യം നമുക്കു തീര്‍ച്ചയാണ്.
ഭ്രാന്തിനോടുള്ള സമീപനം തന്നെ വ്യത്യസ്ഥമാണ്. കെട്ടിയിടുകയും ഒറ്റക്കു
താമസിപ്പിക്കുകയും തല്ലിശരിയാക്കുകയും കല്യാണം കഴിപ്പിക്കുകയുമൊക്കെ ഭ്രാന്തിനുള്ള
മരുന്നുകളാണെന്ന് നാം പലപ്പോഴായി കരുതിയിരുന്നു.ഭ്രാന്തിന്റെ പേരില്‍ സമൂഹത്തില്‍
നിന്നുതന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തുന്നത് ഏതായാലും ഇപ്പോഴും ഒരു
പൊതുസ്വഭാവമാണ്. ഉന്മാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ അപ്രവചനീയതയാണ്
ഭ്രാന്തില്ലാത്തവരില്‍ ഭയപ്പാടുണ്ടാക്കുന്നതിന് പ്രധാന കാരണമാകുന്നത്.അതുകൊണ്ടാണ്
അത്തരക്കാരെ പരമാവധി മാറ്റിനിറുത്തുക എന്നത് സ്വാഭാവികമായിരിക്കുന്നത്.
ഇത് സാധാരണ ഭ്രാന്തന്മാരുടെ കാര്യമാണ്.എന്നാല്‍
അസാധാരണന്മാരായ ചില ഉന്മാദികളുണ്ട്. നാം അവരെ വിളിക്കുക കലാകാരന്മാരെന്നും
സാഹിത്യകാരന്മാരെന്നുമൊക്കെയാണ്. സമൂഹം അവര്‍ക്ക് പ്രത്യേക പരിഗണനയും ലാളനയുമൊക്കെ
നല്കുന്നുമുണ്ട്. എന്നാല്‍ എല്ലാ കലാകാരന്മാരും ഭ്രാന്തന്മാരാണ് എന്നൊരു ഏകീകരണത്തിനിവിടെ
ശ്രമിക്കുന്നില്ല. പ്രതിഭയുള്ളവര്‍ക്കൊക്കെ ഭ്രാന്തുണ്ടാകും എന്ന് പൊതുവായൊരു
സങ്കല്പമുണ്ട്. അരിസ്റ്റോട്ടില്‍ , ഭ്രാന്തും
പ്രതിഭയും കൈകോര്‍ത്തുപിടിച്ച് നടക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ട് അതിനെ
ശരിവെക്കുന്നുമുണ്ട്.വായിച്ച് വായിച്ച് വട്ടായിപ്പോയതാണ് എന്ന് നമ്മളും ഗ്രാമ്യം
പ്രയോഗിക്കാറുണ്ടല്ലോ.നമ്മുടെ
ആത്മീയത പലപ്പോഴും ഭ്രാന്തോളമെത്താറുണ്ടെന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ.
കലാകാരന്മാരായ
ഉന്മാദികളെന്ന് പേരെടുത്ത എത്രയോ പേര്‍ നമുക്കുണ്ടായിട്ടുണ്ട്.ഒരു
തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഭ്രാന്ത് അവരെ കീഴ്പ്പെടുത്തിയിരുന്നു.ഉന്മാദികളായ
അത്തരം കലാകാരന്മാരെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുക വാന്‍ഗോഘായിരിക്കും.തന്റെ
പ്രണയിനിയായ റേയ്ച്ചലിന് സ്വന്തം ചെവി മുറിച്ചു കൊടുത്തതടക്കം ഭ്രാന്തുകളുടെ ഒരു
മുന്നേറ്റമായിരുന്നല്ലോ ആ ജീവിതമാകെത്തന്നെയും.മറ്റൊരാള്‍ ദാലിയാണ്. തന്റെ കലയേയും
ജീവിതത്തേയും ഉന്മാദത്തിന്റെ രണ്ടു ചിറകുകളാക്കിയ മഹാനായ സര്‍റിയലിസ്റ്റ്.ഇനിയും
എത്രയോ പേര്‍.നീഷേ , ടെന്നസ്സി വില്യംസ് , ഹെമിംഗ് വേ, ഡോം മൊറൈയ്സ് ,സോമര്‍
സെറ്റ് മോം , യൂകിയോ മിഷിമ തുടങ്ങി ഉന്മാദികളായ പ്രതിഭകളുടെ ഒരു നീണ്ട പട്ടികതന്നെ
നമുക്ക് തയ്യാറാക്കാം.ആ ഭ്രാന്ത് ഇല്ലായിരുന്നെങ്കില്‍ ഇന്ന് അറിയപ്പെടുന്ന
തലത്തില്‍ അവരെത്തുമായിരുന്നോ?
സംശയമാണ്. അതുകൊണ്ട് ഭ്രാന്തിനെ വെറും ഭ്രാന്തെന്നു പറഞ്ഞു തള്ളിക്കളയണ്ട.
ചിലപ്പോള്‍ ലോകത്തിന്റെ ഗതിവിഗതികളെ പുതുക്കിപ്പണിയുന്നതിന് കെല്പുള്ള ഊര്‍സ്രോതസ്സുകളെയാവും
നാം ആട്ടിക്കളയുക.അതുകൊണ്ട് ഭ്രാന്തിനെ ആരാധിക്കുവാനും അനുസരിക്കുവാനും നാം
ശീലിക്കേണ്ടിയിരിക്കുന്നു.
Comments