#ദിനസരികള്‍ 163
എന്താണ് മാര്‍ക്സിസം എന്ന
ചോദ്യം ആഴ്ചയില്‍ ഒരിക്കലെങ്കിലും ആരെങ്കിലും ഉന്നയിച്ചു കേള്‍ക്കാറുണ്ട്. എന്താണ്
ഫാസിസമെന്നത് അതിനോടൊപ്പം തന്നെ വരുന്ന മറ്റൊരു ചോദ്യമാണ്.ഫാസിസത്തിന് പ്രതിയോഗി
മാര്‍ക്സിസമാണ് എന്നൊരു ചിന്ത വ്യാപകമായിട്ടുണ്ടെന്നതില്‍ നിന്നാണ് രണ്ടാമത്തെ ചോദ്യം
രൂപം കൊള്ളുന്നത്.ഫാസിസത്തിന്റെ അപകടകരമായ വ്യാപനത്തെ തടയാന്‍ മാര്‍ക്സിസം
എങ്ങനെയെല്ലാം സഹായിക്കുമെന്ന് അറിയുന്നതുതന്നെ ഇക്കാലങ്ങളില്‍ നല്ലൊരു പ്രതിരോധമാണ്.ആഴങ്ങളിലേക്ക്
കടക്കുവാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തവര്‍ക്കുപോലും മാര്‍ക്സിസത്തെക്കുറിച്ച്
ഒരു ധാരണയുണ്ടാക്കാന്‍ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും.അത്തരക്കാര്‍ക്കുവേണ്ടി
മാര്‍ക്സിസത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചില ചെറിയ
പുസ്തകങ്ങളെ പരിചയപ്പെടുത്തട്ടെ. ചെറുത് എന്നുദ്ദേശിച്ചത് അവയുടെ പേജുകളുടെ എണ്ണം
കണക്കാക്കിയാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
1968 ല്‍ ഇ എം എസ് ജയിലില്‍ വെച്ചെടുത്ത ക്ലാസുകളുടെ
ക്രോഡീകരണമാണ് പിന്നീട് മാര്‍ക്സിസത്തിന്റെ ബാലപാഠം എന്ന പേരില്‍ പ്രസിദ്ധീകരിച്ച
ലഘുലേഖ.മാര്‍ക്സിസം എന്താണെന്നും സമൂഹത്തില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള
അടിസ്ഥാനസങ്കല്പനങ്ങള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.പ്രൊഫസര്‍ കെ
എന്‍ ഗംഗാധരന്‍ മാര്‍ക്സിസം ഒരു കൈപ്പുസ്തകം ഈ മേഖലയിലെ നല്ലൊരു പഠനമാണ്.മാര്‍ക്സിസത്തിന്റെ
പ്രവര്‍ത്തനങ്ങളുടെ രീതിയെ സൂക്ഷ്മമായും വ്യക്തമായും ഇദ്ദേഹം ഈ പുസ്തകത്തില്‍
കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രധാനപ്പെട്ട പ്രയത്നമാണ്
മാര്‍ക്സിസ്റ്റ് പദാവലി എന്ന പേരില്‍ പ്രസിദ്ധീകരിച്ച മാര്‍ക്സിസ്റ്റ് സംജ്ഞകളെ
വിശദമാക്കുന്ന പുസ്തകം.തൊഴിലാളിവര്‍ഗ്ഗത്തിന്റെ ലോകവീക്ഷണവും വിപ്ലവശാസ്ത്രവുമായ
മാര്‍ക്സിസത്തെക്കുറിച്ചു എഴുതപ്പെട്ട പ്രാധാന്യമുള്ള ഒന്നാണ് പദാവലി എന്ന
കാര്യത്തില്‍ സംശയമില്ല.
ബൈബിളിന്റെ വെളിച്ചത്തില്‍ മാര്‍ക്സിസത്തെ പഠിക്കാന്‍
ശ്രമിച്ച ഫാദര്‍ എസ് കാപ്പന്റെ മാര്‍ക്സിയന്‍ ദര്‍ശനത്തിന് ഒരാമുഖം എന്ന പുസ്തകം
സവിശേഷമായ ഒരു മാതൃകയാണ്.അധ്വാനം സ്നേഹത്തിന്റെ കണ്ണികള്‍ തീര്‍ക്കും എന്ന ഉറച്ച
വിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.മാര്‍ക്സിസത്തിന്റെ
അടിസ്ഥാന പ്രമാണങ്ങളെപ്പറ്റി കൃത്യമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ പുസ്തകം
ഉപകരിക്കും.ഇ രാമചന്ദ്രന്റെ മാര്‍ക്സിസം തുടക്കക്കാര്‍ക്ക് എന്ന പുസ്തകം പേരു
സൂചിപ്പിക്കുന്നതുപോലെത്തന്നെ തുടക്കക്കാരെ മാര്‍ക്സിസത്തിലേക്ക് ആകര്‍ഷിക്കുന്ന
തരത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് മാര്‍ക്സിസം
ഉപയോഗിച്ച് വിപ്ലവപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതെങ്ങനെ എന്നുവരെയുള്ള വിവരങ്ങള്‍
ഈ പുസ്തകത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.
ഇനിയും മാര്‍ക്സിസത്തെക്കുറിച്ച് പഠിക്കാന്‍ തുടക്കക്കാരെ
സഹായിക്കുന്ന നിരവധി പുസ്തകങ്ങളുണ്ട്. പെട്ടന്ന് മനസ്സില്‍ വന്നതു സൂചിപ്പിച്ചു
എന്നേയുള്ളു. എമില്‍ ബേണ്‍സിന്റെ വിഖ്യാതമായ എന്താണ് മാര്‍ക്സിസം എന്ന പുസ്തകം
മറക്കാന്‍ കഴിയുന്നതല്ല.ആ പുസ്തകത്തെ ഉപജീവിച്ച് മാര്‍ക്സിസത്തിന്റെ പഠനത്തിന്
ശ്രമിക്കുന്നത് വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.
Comments