#ദിനസരികള്‍ 154


ഞാനൊരു കമ്യൂണിസ്റ്റാണോ ? അല്ല. മാര്‍ക്സിസ്റ്റാണോ ? അല്ല.സോഷ്യലിസ്റ്റ് ? അതുമല്ല.ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട് മേല്‍പ്രസ്ഥാവിച്ച മഹത്തായ തത്വചിന്തകള്‍ മുന്നോട്ടുവക്കുന്ന ഗുണങ്ങളില്‍ ഭൂരിപക്ഷവും എന്നില്‍ കണ്ടെത്താന്‍ കഴിയില്ല.ആ ചിന്തകള്‍ വിഭാവനം ചെയ്യുന്ന മാനവികതയില്‍ നിന്ന് , സാമൂഹിക സാമ്പത്തിക സാംസ്കാരിക സരണികളില്‍ നിന്ന് ഏറെ ദൂരെയാണ് എന്റെ കാലടികള്‍ കുത്തിനില്ക്കുന്നത്.മനുഷ്യദുഖത്തിന്റെ മൂലകാരണങ്ങളെ തേടിപ്പിടിച്ച് ഉന്മൂലനം ചെയ്യുന്നതിനും വര്‍ഗ്ഗരഹിത സമൂഹത്തിന്റെ പക്ഷപാതരഹിതമായ മുദ്രാവാക്യങ്ങളെ അര്‍ഹിക്കുന്ന വിധത്തില്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിനും  സ്വജീവിതത്തെ നിരാകരിച്ച് അപരജീവിതങ്ങളുടെ സന്തോഷങ്ങളില്‍ അഭിരമിക്കുന്നതിനും എനിക്ക്  കഴിയാറുണ്ടോ? അങ്ങനെ ജീവിക്കുകയും പരസുഖത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മനുഷ്യപ്രേമികളായ മഹാരഥന്മാരുണ്ടാക്കിവെച്ച വഴിത്താരകളിലൂടെ സസുഖം നടന്നുപോകുക എന്നതല്ലാതെ വഴിവെട്ടിയവന്റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചോ ഈ വഴി വരാന്‍ പോകുന്ന തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്നല്ല, മുഴുവന്‍ മനുഷ്യകുലത്തിനും അവകാശപ്പെട്ടതാണ് എന്നോ ഞാന്‍ ആലോചിക്കാറേയില്ല. എന്നുവെച്ചാല്‍ ഞാന്‍ എന്നെ എന്നിലേക്ക് എത്രമാത്രം വലിച്ചടുപ്പിക്കാന്‍ കഴിയുമോ അത്രത്തോളം അടുപ്പിച്ചുവെച്ചിരിക്കുന്നു.എന്റെ ശബ്ദത്തോളം സുഖദമായ മറ്റൊരു ശബ്ദം ഇനിയും കണ്ടെത്തിയിട്ടില്ല എന്നാണെന്റെ വിചാരം!
            ആനന്ദ് ഏതോ ലേഖനത്തില്‍ പറഞ്ഞതുപോലെ ചായപ്പണികളുടേയും നൃത്തസംഗീതങ്ങളുടേയും സന്ധ്യ അവസാനമില്ലാതെ നീണ്ടുപോകണമെന്നില്ല. മിനുക്കുകള്‍ മാത്രമല്ല , കത്തിയും കരിയും അരങ്ങത്തുവരാനുണ്ട്.സുഖങ്ങളുടെ ശീതളച്ഛായകളില്‍ നിന്ന് മിന്നുന്ന വെയിലിലേക്ക് ഉണര്‍‌ന്നെഴുന്നേല്ക്കുമ്പോള്‍ മാത്രമായിരിക്കും എനിക്കു കൂടെ വന്നവരൊക്കെ വഴിപിരിഞ്ഞുകഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുക.അപ്പോഴേക്കും നമുക്കുള്ള അവസാനകാഹളം മുഴങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

            പറഞ്ഞുവരുന്നത് , വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും സ്വയം നവീകരിക്കപ്പെടുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകത മറ്റേതുകാലത്തേക്കാളും ഇക്കാലങ്ങളില്‍ അനുപേക്ഷണീയമായ അനിവാര്യതയാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട് എന്നാണ്.പറയുന്ന ഇസത്തിന്റെ പരിപൂര്‍ണമായ ആവിഷ്കാരം അസാധ്യമാണെങ്കിലും അല്പസ്വല്പം നീതിപുലര്‍ത്തിപ്പോകുക എന്നത് മാതൃകകളുടെ അസാന്നിധ്യത്താല്‍ അതിപ്രധാനമായ ഒരു വസ്തുതയാണ്. വഴി ഒന്നേയുള്ളു. നവീകരിക്കുക. പിന്നേയും പിന്നേയും നവീകരിക്കുക.നടക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങളെന്ന പോലെ വീഴുക എഴുന്നേല്ക്കുക നടക്കുക. വീണ്ടും വീണ്ടും വീഴട്ടെ. ആത്യന്തികമായി നടക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനാണ് വീഴ്ചകള്‍ ഉപകരിക്കുന്നതെങ്കില്‍ എത്രതവണ വീണാലെന്ത് ? ചോര പൊടിഞ്ഞാലെന്ത് ?അനുദിനം സ്വയം നവീകരിക്കപ്പെടുകയും വീഴ്ചകള്‍ പറ്റിയാലും മാര്‍ക്സിസവും കമ്യൂണിസവുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മഹാവീഥിയിലേക്ക് ചെന്നെത്തിപ്പെടുക എന്ന ആത്യന്തികലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുമെങ്കില്‍ വേറെന്തു ധന്യത ?അതുതന്നെയാകട്ടെ ലക്ഷ്യവും. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1