#ദിനസരികള്‍ 152
പാറപൊട്ടിച്ചു നന്നേ
പരുക്കനായ്
മാറിയോരെന്‍ തഴമ്പാര്‍ന്ന
കൈത്തലം
നിന്‍ചുരുള്‍മുടിക്കാട്ടിലലസമായ്
സഞ്ചരിക്കവേ പൂവായതെങ്ങനെ
?
കല്ലുടയും കഠിനശബ്ദങ്ങളെ
ത്തല്ലിവീഴ്ത്തുമെന്‍
കണ്ഠത്തിലോമനേ,
നിന്നൊടൊന്നു ഞാന്‍
മിണ്ടുമ്പോഴേക്കു തേന്‍
നിന്നു തുള്ളിത്തുളുമ്പുന്നതെങ്ങനെ
? – കവി
തിരുനെല്ലൂര്‍ കരുണാകരന്‍.ആരേയും തരളിതനാക്കാന്‍ കെല്പുള്ള പ്രണയത്തിന്റെ
മാസ്മരികതയെ ആവിഷ്കരിക്കുവാന്‍ കവി പ്രയോഗിച്ച വാക്കുകളുടെ ലക്ഷ്യവേധിയായ സൂക്ഷ്മത
നോക്കുക.പാറയില്‍ നിന്ന് പൂവിലേക്ക് , കല്ലിന്റെ
കാഠിന്യത്തില്‍ നിന്ന് തേന്‍ തുള്ളിയുടെ രുചിവലയത്തിലേക്ക് എഴുത്തുകാരന്‍
നമ്മെ ആനയിക്കുന്നത് എത്രയോ സ്വാഭാവികമായിട്ടാണ്.ഏച്ചുകെട്ടലുകളോ മുഴച്ചു
നില്ക്കുലുകളോ ഇല്ല.പാറയില്‍ നിന്നു വഴുതി പൂവിലേക്ക് വീഴുന്നപോലെ ഒരനുഭവം. ആ
അനുഭവമുണ്ടാക്കുന്ന വര്‍ണച്ചാര്‍ത്തില്‍ ഓരോ അനുവാചകനും കാമുകനാകുകയും പ്രണയത്തിന്റെ
അലൌകികമായ ആനന്ദത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യുന്നു.
കുന്നുകളറഞ്ഞറഞ്ഞൊക്കെയും നിരപ്പാക്കി
മണ്ണുകൊണ്ടകലത്തെക്കായലില്‍ച്ചിറകെട്ടി
കാരുരുക്കുരുക്കുന്ന വേനലോടടരാടി
ക്കാത്തു കാത്തവസാനം ഞങ്ങളീ ജയം നേടി –
എന്നു കേള്‍ക്കുമ്പോള്‍ അധ്വാനത്തിന്റേതായ വൈഷമ്യങ്ങളും വെല്ലുവിളികളും
ആത്യന്തികമായി നേടുന്ന വിജയത്തിന്റെ ആഹ്ലാദവുമൊക്കെ ദ്യോതിപ്പിക്കാന്‍
ശക്തമാകുന്നില്ലേ ഈ വരികള്‍?
പദങ്ങളുടെ തിരഞ്ഞെടുപ്പും അതുണ്ടാക്കുന്ന അര്‍ത്ഥപരിസരങ്ങളും
കവി ചിന്തിക്കുന്നത് വായനക്കാരന് പകര്‍ന്നുതരാന്‍ ഉതകുന്നു.
എഴുത്തുകാരന് തന്റെ ആയുധമായ വാക്കുകളുടെ മുകളിലുള്ള
നിയന്ത്രണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുവാനാണ് അധ്വാനത്തിന്റെ വിയര്‍പ്പുരസത്തെ
തന്റെ വരികളിലേക്കാവാഹിക്കുക വഴി കവിതയെ കരുത്തിന്റെ പര്യായമാക്കി മാറ്റിയ
വിപ്ലവകവി തിരുനെല്ലൂരിനെ കൂട്ടുപിടിച്ചത്. ആശയങ്ങളുണ്ടായിട്ടു കാര്യമില്ല. അവയെ
വ്യക്തമായ ഭാഷയില്‍ ആവിഷ്കരിക്കുവാനുള്ള സാമര്‍ത്ഥ്യം കൂടി കവി ആര്‍ജ്ജിക്കണം. ആശയങ്ങളെ
അടിത്തറയില്‍ നിന്ന് കെട്ടി ഉയര്‍ത്തുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണസാമഗ്രിയാണ്
സാഹിത്യത്തില്‍ (സാഹിത്യത്തിനപ്പുറവും) വാക്കുകളെന്ന കാര്യം
വിസ്മരിക്കാനാകുന്നതല്ല.വികാരവിക്ഷോഭത്തിന്റെ കൊടുമുടിയില്‍ ആശാന്‍ പറഞ്ഞപോലെ ഭാഷയും
വാക്കുമൊക്കെ അപൂര്‍ണവും ഉദ്ദേശിച്ച അര്‍ത്ഥങ്ങളെ ആവിഷ്കരിക്കുവാന്‍ അസമര്‍ത്ഥവും
ആകുന്നുണ്ടെങ്കിലും ഉചിതപദങ്ങളെ ഉചിതമായി സന്നിവേശിപ്പിച്ച് ആശയങ്ങളെ വിനിമയം
ചെയ്യുന്നതിന് കാഥികരെ ശക്തരാക്കുന്നത് ഭാഷപ്രയോഗപ്രാവിണ്യം തന്നെയാണ്.
Comments