#ദിനസരികള്‍ 155
“പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം” എന്നെഴുതിയപ്പോള്‍
കല്പനാവൈഭവമെന്ന വിസ്മയത്തിന്റെ ഏതേതു വിതാനങ്ങളിലായിരിക്കും കവിയുടെ തൂലിക
തൊട്ടുനിന്നിട്ടുണ്ടാകുക എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത
പ്രകര്‍ഷത്തിന്റെ പ്രവാഹങ്ങളിലേക്ക് തന്നെ പിന്‍പറ്റുന്നവരെ നയിക്കുന്ന, സൃഷ്ടിയുടെ മാസ്മരികമായ നിമിഷങ്ങളുടെ അസാമാന്യശോഭയിലാണ് കവിയും കവിതയും അനശ്വരതയിലേക്ക് ഉയരുന്നത്.
ലോകമാകെ പ്രസരിച്ചിരിക്കുന്ന പ്രഭാപടലങ്ങള്‍തന്നെയാണ് ഒരു തുള്ളിയേയും
തിളക്കമുറ്റതാക്കുന്നത് എന്ന ബോധം സഹജീവികളോടും പ്രകൃതിയോടുതന്നെയും സൌമനസ്യത്തോടെ
ഇടപെടുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.സഹാനുഭൂതി എന്ന വികാരം ഔദാര്യമല്ലെന്നും
കൊടുക്കുകയും കൊള്ളുകയും ചെയ്യേണ്ട ഒരു പാരസ്പര്യമാണെന്നുമുള്ള ബോധത്തിന്റെ
രൂപീകരണത്തിന് കവി സൃഷ്ടിക്കുന്ന ഇത്തരം നിമിഷങ്ങള്‍ കാരണമാകുമെങ്കില്‍ അത്തരമൊരു നിമിഷത്തെയാണ് പൂര്‍ണം എന്ന കവിതയിലൂടെ
സച്ചിദാനന്ദന്‍ നമുക്ക് സൃഷ്ടിച്ചുതന്നിരിക്കുന്നത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2017 സെപ്‌റ്റംബര്‍ 16)
ഉള്ളുലയ്ക്കുന്ന ഒരന്തരീക്ഷത്തെ
ഇക്കവിതയിലെ ആദ്യവരികളിലേക്കുതന്നെ ആവാഹിച്ചെടുക്കാന്‍
സച്ചിദാനന്ദന്‍ കാണിച്ച വൈഭവം അസാമാന്യമാണെന്ന് പറയാത വയ്യ.വിശ്വത്തോളം വ്യാപിച്ചു
നില്ക്കുന്ന സൌമനസ്യത്തിന്റെ അസാധാരണമായ ഒരു ബോധത്തില്‍ നിന്നുകൊണ്ടായിരിക്കണം
സച്ചിദാനന്ദന്‍ ഈ കവിത എഴുതിയത്.നോക്കുക
പൂര്‍ണമാക്കരുതൊരു
ചുവരും വിടവുകള്‍
വേണമേയുറുമ്പിനും
പാറ്റക്കും ചിതലിനും
പൂര്‍ണമാക്കരുതൊരു
കതകും
, കടക്കണം
ഗൌളികള്‍
, കിളികളും
പൂക്കള്‍
തന്‍ മണങ്ങളും
ഭൂമിയുടെ അവകാശികളായി
ബഷീര്‍ പ്രഖ്യാപിച്ച പാറ്റയും പഴുതാരയുമടക്കമുള്ള ജീവിവര്‍ഗങ്ങള്‍ ഇവിടെ
നമുക്കൊപ്പം ജീവിക്കുന്നതിനെ ചോദ്യം ചെയ്തുകൂട എന്നും സംസ്കാരമുള്ള
ഇരുകാലിമൃഗങ്ങള്‍ അവയെ സൌമനസ്യത്തോടെ ഉള്‍ക്കൊള്ളണമെന്നുമുളള ചിന്ത മാത്രമല്ല ഈ
കവിതയെ വ്യത്യസ്തമാക്കുന്നത്. മറിച്ച് സ്വയം പൂര്‍ണമല്ലാത്ത ഓരോന്നിനും
മറ്റൊന്നിനോട് കൂടിച്ചേരുമ്പോഴാണ് പൂര്‍ണത കൈവരുന്നത് എന്ന് ഈ കവിത നമ്മെ
ബോധിപ്പിക്കുന്നു. അതുകൊണ്ടാണ്
പൂര്‍ണമല്ലൊരു പൂവും
പുഴയും കുരുവിയും
ചേര്‍ത്തിടാമൊരിതള്‍
ഒരല്പം നീര്‍ ഒരു തൂവല്‍ - എന്ന് കവി
പറഞ്ഞുവെക്കുന്നത്.സ്വയംപൂര്‍ണമായിട്ട് ഒന്നുമില്ലെന്നും ഒന്നിനോടൊന്നുകൂടി ചേരുക
എന്നത് പ്രകൃതിസഹജമാണെന്നും അതുനിഷേധിക്കുക വഴി നാം കിരാതത്വത്തെ പൂണുകയാണെന്നുമുള്ള
ഈ കവിദര്‍ശനത്തെ മനുഷ്യകുലം പിന്‍പറ്റേണ്ടത് സമകാലികമായ അനിവാര്യതയാണ്.
Comments