#ദിനസരികള്‍ 153



ജി മധുസൂദനന്‍ എഴുതിയ ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ , ,അദ്ദേഹംതന്നെ എഡിറ്റുചെയ്ത ഹരിതനിരൂപണം മലയാളത്തില്‍ എന്നീ പുസ്തകങ്ങള്‍  ഹരിതനിരൂപണം , പാരിസ്ഥിതിക വിമര്‍ശനം എന്നൊക്കെ അറിയപ്പെടുന്ന Ecocriticism എന്ന വിമര്‍ശനപദ്ധതി , നമ്മുടെ ഭാവുകത്വപരിസരങ്ങളെ വിലയിരുത്തുന്ന വിധം ചര്‍ച്ച ചെയ്യുന്ന രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങളാണ്.ആദ്യത്തേ പുസ്തകം ഹരിതനിരുപണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പുറങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടാമത്തെ പുസ്തകം മലയാളകൃതികളെ ഈ വിമര്‍ശനരീതിയുമായി ഇണക്കിവെച്ച് എങ്ങനെ ചര്‍ച്ച ചെയ്യാം എന്ന് ഉദാഹരണസമേതം വിശദമാക്കുന്നു.

            ഇക്കോക്രിട്ടിസിസത്തിന്റെ നിര്‍വ്വചനങ്ങള്‍ നോക്കുക.എല്ലാ പാരിസ്ഥിതിക വിമര്‍ശനവും ഒരടിസ്ഥാന സ്വഭാവം പങ്കുവെക്കുന്നു. മനുഷ്യന്‍ പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുന്നതുപോലെതന്നെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ ഇക്കോക്രിട്ടിസിസം അന്വേഷിക്കുന്നു.ഒരു സൈദ്ധാന്തികവ്യവഹാരമെന്ന നിലയില്‍ അത് ഒരേ സമയം മനുഷ്യരും ഇതരസത്തകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.മറ്റൊന്ന് , പ്രപഞ്ചവും മനുഷ്യചേതനയുമായുള്ള ചാര്‍ച്ചയും ഭൂമിശാസ്ത്രവും ഭൂദൃശ്യങ്ങളും സാഹിത്യവുമായുള്ള ബന്ധത്തിന്റെ പഠനങ്ങളും മുതല്‍ ഘടനാവാദാനന്തര സങ്കേതങ്ങളുപയോഗിച്ച് നവീനകലയെക്കുറിച്ച് നടത്തുന്ന പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയൊരു കുടക്കീഴ് ആയിരിക്കണം ഇക്കോക്രിട്ടിസിസം

            രണ്ടു നിര്‍വചനങ്ങളും പ്രകൃതിയോടുള്ള ഇടപെടലുകള്‍ സാധാരണ ജീവിതത്തെ എന്നപോലെത്തന്നെ സാഹിത്യ സാംസ്കാരികജീവിതത്തേയും  സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ഒന്നൊന്നിന്റെ അധികാരി എന്നതിലുപരി സഹവര്‍ത്തിത്വമാണ് മുന്നിട്ടുനില്ക്കേണ്ടതെന്നും അസന്നിഗ്ദമായി വ്യക്തമാക്കുന്നുണ്ട്.ഈ സഹവര്‍ത്തിത്വത്തിന് മനുഷ്യന്‍ പ്രകൃതിയില്‍‌ ഉരുവംകൊണ്ടകാലത്തോളം തന്നെ വേരുകളുണ്ട്. രണ്ടാമത്തെ പുസ്തകമാകട്ടെ മലയാളത്തിലെ പരിസ്ഥിതിനിരുപണത്തിനെ ശക്തപ്പെടുത്തിയ പഠനങ്ങളെ അവതരിപ്പിക്കുന്നു.ആനന്ദും സച്ചിദാനന്ദനും എം എന്‍ വിജയനും എം അച്യുതനും അയ്യപ്പപ്പണിക്കരുമടക്കം മലയാളത്തിലെ തലമുതിര്‍ന്ന ഒരു നിര എഴുത്തുകാരുടെ സംഭാവനകളെ ക്രോഡീകരിച്ചിരിക്കുന്നു.പാരിസ്ഥിതിക സൌന്ദര്യശാസ്ത്രത്തെ ഉപയോഗിച്ചു കഥാ കവിതാ നോവല്‍ പഠനങ്ങളുടെ സമര്‍ത്ഥമായ മാതൃകകളുടെ ഒരു ഖനിയാണ് ഹരിതനിരൂപണം മലയാളത്തില്‍ എന്ന ഈ പുസ്തകം.ഇനിയും ശക്തിപ്പെടേണ്ട ഈ വിമര്‍ശനശാഖക്ക് നമ്മുടെ സാഹിത്യമേഖലയില്‍ ശോഭനമായ ഒരു ഭാവിയുണ്ട്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം