#ദിനസരികള്‍ 157
കമ്യൂണിസത്തിന്
മതാത്മകതയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതില്‍ സമകാലികരായ എതിരാളികള്‍ ആത്മരതിയുടേതായ
സുഖം അനുഭവിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്.കടുത്ത വിമര്‍ശനമാണെന്ന തെറ്റിദ്ധരിച്ചുകൊണ്ട്
പല ലളിതബുദ്ധികളും ആക്ഷേപകരമായ ആ പരാമര്‍ശത്തെ വീണ്ടും വീണ്ടും
ഉന്നയിക്കാറുമുണ്ട്. മതവും കമ്യൂണിസവും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന
രീതികളെക്കുറിച്ചും അങ്ങനെ പ്രവര്‍ത്തിക്കുവാന്‍ അടിസ്ഥാനമാക്കുന്ന
സങ്കല്പനങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കാതെ താല്കാലികമായ ആശ്വാസത്തിന് ഒരു
തെറി തുപ്പുന്ന ലാഘവത്തോടെയാണ് പലരും ഈ ആക്ഷേപം പുറത്തെടുക്കാറുള്ളത്. പക്ഷേ
പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ആനന്ദിനെപ്പോലെയുളള ഒരാള്‍ അത്തരമൊരു ആക്ഷേപത്തെ
ആവര്‍ത്തിക്കുമ്പോള്‍ ഗര്‍ഹണീയമെന്നല്ലാതെ മറ്റെന്താണ് പറയുക?
മതാധിഷ്ടിതകൌടില്യങ്ങളുടെ കെട്ടിയേറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ജാഗ്രത
പാലിക്കേണ്ട ഘട്ടത്തില്‍ മതേതരത്വമെന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന
സാമുഹികപ്രസ്ഥാനങ്ങളെ , എന്തൊക്കെ വീഴ്ചകളുണ്ടെങ്കിലും സംശയത്തിന്റെ
കള്ളികളിലേക്ക് വലിച്ചിടുക എന്നത് ഫാസിസത്തിന്റെ തേരോട്ടങ്ങള്‍ക്ക്
ശക്തിപകരുവാനല്ലേ സഹായിക്കുക ?
പ്രോട്ടോഫാസിസത്തിന്റെ
കാലത്ത് മതരഹിതമൂല്യങ്ങളെ ആകമാനം സംശയത്തിന്റെ കണ്ണുകളില്‍ പെടുത്തി
ഒറ്റപ്പെടുത്തിയെടുക്കുവാനുള്ള സംഘടിതശ്രമങ്ങള്‍ ഇന്ത്യയൊട്ടാകെ നടന്നിരുന്നു.അതിന്റെ
ഫലമായി “ എല്ലാം
കണക്കാണ് “ എന്ന
ഒരു ചിന്ത സമുഹത്തിലാകമാനം വ്യാപരിപ്പിക്കുവാന്‍ തല്പരകക്ഷികള്‍ക്ക് കഴിഞ്ഞു.എല്ലാം
കണക്കാണെങ്കില്‍പ്പിന്നെ ഞങ്ങളായാലെന്ത് ? എന്ന ചോദ്യമുയര്‍ത്തുകയാണ് ഈ പ്രചണ്ഡമായ
പ്രചാരണഘോഷങ്ങളുടെ രണ്ടാംഘട്ടം. ആ രണ്ടാംഘട്ടം പ്രോട്ടോഫാസിസത്തിന്റെ അഥവാ ഉര്‍ -
ഫാസിസത്തിന്റെ അവസാനവും ഫാസിസത്തിന്റെ തുടക്കവുമാണ്.ഇവിടെനിന്നാണ് ഫാസിസം അതിന്റെ
തനതായ വലകള്‍ നെയ്തുതുടങ്ങുന്നത്.സ്വച്ഛവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍
സംശയങ്ങള്‍ ഉണ്ടാക്കുകയും ആ സംശയങ്ങളെപ്രതി ചേരിതിരിക്കുകയും ചെയ്തുകൊണ്ടാണ്
ഫാസിസം ഞങ്ങളാണ് കൂട്ടത്തില്‍ കേമന്‍ എന്നു സ്ഥാപിക്കുന്നത്.അങ്ങനെ
സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് എന്തൊക്കെ ഘടകങ്ങളെ
കൂട്ടുപിടിച്ചാണെന്ന് ഉമ്പര്‍ട്ടോ എക്കോ വ്യക്തമായി
ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇതൊന്നും ആനന്ദിന് അറിയാതിരിക്കില്ല എന്നു ഞാന്‍
പ്രതീക്ഷിക്കുന്നു.
അതുകൊണ്ട് സംശയങ്ങളെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും
ചെയ്യുന്നത് ഫാസിസ്റ്റ് പ്രവണതകളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയേയുള്ളു
എന്ന് ആക്ഷേപങ്ങളെ അന്ധമായി ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണം.അടിത്തറയുള്ള വിമര്‍ശനങ്ങളെ
നേരിടുന്നതിന് ഇടതുപക്ഷത്തിന് ശേഷിയും ശേമുഷിയുമുണ്ട്. വിമര്‍ശനങ്ങളെന്നു
തെറ്റിദ്ധരിച്ചുകൊണ്ടു ഉന്നയിക്കുന്ന ആക്ഷേപങ്ങളെന്ന അടുക്കളക്കുശുമ്പുകളെ
തള്ളിക്കളയാതിരിക്കുന്നതെങ്ങനെ ?”ജയ്
ശ്രീറാം എന്നോ അല്ലാഹു അക്ബര്‍ എന്നോ സത് ശ്രീ അകാല്‍ എന്നോ ഹല്ലേലുയോ എന്നോ
ഒക്കെപ്പോലെയുള്ള ഒരു മുദ്രാവാക്യമല്ല ഈങ്കുലാബ് സിന്ദാബാദ്”
എന്ന് ആനന്ദ് മനസ്സിലാക്കണം.അതിനു കഴിഞ്ഞില്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ
ഫാസിസംവിരിച്ച വലയില്‍ ചെന്നു വീണുകൊടുക്കുന്നതിന് തുല്യമാകും. (ലേഖനം മലയാളം
വാരികയില്‍, സെപ്തം 18 2017 )
Comments