#ദിനസരികള്‍ 1083 സഹോദരന് അയ്യപ്പനും മോഡിയുടെ സ്തുതി പാഠകരും




കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ.      

വെളിച്ചം മിന്നൽ ചൂടൊച്ച
ഇവയ്ക്കുള്ളിൽ മറഞ്ഞിടും
അത്ഭുതങ്ങൾ വെളിക്കാക്കും
സയൻസിന്നു തൊഴുന്നു ഞാൻ.      

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതർ
കെടുത്തീട്ടും കെടാതാളും
സയൻസിന്നു തൊഴുന്നു ഞാൻ.     

കീഴടക്കി പ്രകൃതിയെ
മാനുഷന്നുപകർത്രിയായ്‌
കൊടുപ്പാൻ വൈഭവം പോന്ന
സയൻസിന്നു തൊഴുന്നു ഞാൻ.      

കൃഷി കൈത്തൊഴിൽ കച്ചോടം
രാജ്യഭാരമതാദിയെ
പിഴയ്ക്കാതെ നയിക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.      

ബുക്കുകൾക്കും പൂർവ്വികർക്കും
മർത്ത്യരെ ദാസരാക്കിടും
സമ്പ്രദായം തകർക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.      

അപൗരുഷേയ വാദത്താൽ
അജ്ഞ വഞ്ചന ചെയ്തിടും
മതങ്ങളെ തുരത്തുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.      

സ്വബുദ്ധിവൈഭവത്തെത്താൻ
ഉണർത്തി നരജാതിയെ
സ്വാതന്ത്ര്യോൽകൃഷ്ടരാക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.      

എത്ര തന്നെ അറിഞ്ഞാലും
അനന്തം അറിവാകയാൽ
എന്നുമാരായുവാൻ ചൊല്ലും
സയൻസിന്നു തൊഴുന്നു ഞാൻ.      

സയൻസാൽ ദീപ്തമീ ലോകം
സയൻസാലഭിവൃദ്ധികൾ
സയൻസെന്യേ തമസ്സെല്ലാം
സയൻസിന്നു തൊഴുന്നു ഞാൻ. ( വിക്കിയില്‍ നിന്ന് )
          ഇത് സയന്‍സ് ദശകം. സാക്ഷാത് ശ്രീനാരായണ ഗുരു എഴുതിയ ദൈവദശകത്തിന് സഹോദരന്‍ അയ്യപ്പന്‍ എഴുതിയ മറുപടി. ശാസ്ത്ര ചിന്തയുടെ പ്രസക്തിയാണ് ഈ വരികള്‍ പ്രചരിപ്പിക്കുന്നതെന്ന് നമുക്ക് കട്ടായം പറയാവുന്നതാണ്. അയ്യപ്പന്‍ ഇങ്ങനെയൊരു ട്രോളെഴുതി പ്രചരിപ്പിക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞ ഗുരു പിന്നീട് തന്റെ ദൈവദശകം ചൊല്ലിയതിനു ശേഷം ഇനി മുതല്‍ അയ്യപ്പന്റെ സയന്‍സ് ദശകം കൂടി ചൊല്ലിക്കോളാന്‍ ഭക്തജനങ്ങള്‍ക്ക് അനുവാദം കൊടുത്തുവത്രേ ! വരാനിരിക്കുന്ന ഒരു കാലത്ത് ശാസ്ത്ര ജ്ഞാനത്തിന്റെ പ്രസക്തിയെന്താണെന്ന് ഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയ്യപ്പന്റെ ശ്രമങ്ങളെ താല്ക്കാലികമായി തടയാന്‍ കഴിഞ്ഞാലും എന്നന്നേക്കുമായി അവസാനിപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സയന്‍സ് ദശകവും ഗുരു അനുവദിച്ചു കൊടുത്തു.
          എന്നാല്‍ ഇക്കാലത്തിരുന്നുകൊണ്ട് ഈ രാജ്യത്തേയും ജനതയേയും നൂറ്റാണ്ടിനപ്പുറത്തെ താളിയോല ജീവിതങ്ങളിലേക്ക് തിരിച്ചു നടത്തുന്ന അധികാരികളെ നമ്മള്‍ കാണുന്നു. ഒരടിത്തറയുമില്ലാത്ത അസംബന്ധങ്ങള്‍ കൊണ്ട് അക്കൂട്ടര്‍ വാര്‍ത്താമാധ്യങ്ങളില്‍ നിറയുന്നു. നാളിതുവരെ യുക്തിചിന്തയും ശാസ്ത്രീയാവബോധവും കൊണ്ട് നാം നേടിയെടുത്ത ജീവിത നിലവാരം ആയിരത്താണ്ടുകള്‍ക്കപ്പുറത്തെ കോമാളിത്തങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ഇത്തരം അസംബന്ധങ്ങള്‍ അധികാരികള്‍ വിളിച്ചു പറയുമ്പോള്‍ അതു തെറ്റാണെന്ന് ചൂണ്ടിക്കാണിക്കേണ്ടവര്‍ തന്നെ കെട്ട ന്യായങ്ങളുമായി വന്ന് കൈയ്യടിച്ചുകൊടുക്കുന്നു.ഒരുദാഹരണം നോക്കുക. കൊറോണയെ തുരത്തുന്നതിനു വേണ്ടി ഏപ്രില്‍ 5 ന് ഒമ്പതു മണിയ്ക്ക് എല്ലാവരും തന്നെ ഒമ്പതു മിനുട്ടു നേരം വിളക്കു കത്തിച്ചു വെയ്ക്കണമെന്നാണ് നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇത്തരമൊരു ആഹ്വാനത്തിനെതിരെ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം നിര്‍‌ദ്ദേശങ്ങള്‍‍ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് മാത്രമേ ആനയിക്കുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി ബി ജെ പിയുടേയും ആറെസ്സെസ്സിന്റേയും ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരായ ചിലരെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കാനാണ് ഒരുമ്പെട്ടത്. അതിലൊരാള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മ അവര്‍ഡ് ജേതാവുമായ ഡോ. കെ കെ അഗര്‍വാളാണ്. (അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്ത്യ സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ റീട്വീറ്റ് ചെയ്തതുകൊണ്ടു എടുത്തുപറയുന്നു) “The call from Modi for us to pray for nine minutes with resolve and light candles is based on Yoga Vashishtha chapter six, the principle of collective consciousness. What 5 per cent of people think, 95 per cent will do.
Collective consciousness has the ability to heal ace-two receptors based on quantum principles, rithambhara pragya principles. If we collectively believe the coronavirus should not accumulate in ace two receptors, the collective consciousness will ensure this will not happen.” (പിന്നീട് സര്‍ക്കാര്‍ ഈ ട്വീറ്റ് ഡിലീറ്റു ചെയ്തുവെന്ന്  ടെലിഗ്രാഫ് പറയുന്നു )
 എറിഞ്ഞു കിട്ടുന്ന നക്കാപ്പിച്ചയ്ക്കുവേണ്ടി എന്തിനും കൈയ്യടിച്ചു കൊടുക്കുന്ന അല്പന്മാരായി നമ്മുടെ ശാസ്ത്രരംഗത്തുള്ളവര്‍ മാറരുത്. അവര്‍ ചിന്തിക്കേണ്ടത് വരാനിരിക്കുന്ന ഒരു തലമുറയെക്കുറിച്ചാണ്  .ശ്രീനാരായണനെ തിരുത്താന്‍ ശ്രമിച്ച സഹോദരന്‍ അയ്യപ്പനെപ്പോലെ ആര്‍ജ്ജവമുള്ളവരെയായിരിക്കും നാളെ വരാനാരിക്കുന്ന തലമുറ അഭിമാനത്തോടെ അനുസ്മരിക്കുക എന്നത് നമ്മുടെ ശാസ്ത്രലോകം മറക്കാതിരിക്കുക.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം