#ദിനസരികള്‍ 1079 പോലീസും പൊതുജനങ്ങളും
പോലീസും പൊതുജനങ്ങളും
കേരള പോലീസിലെ ചിലരുടെ
പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ.
ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ്
ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു.
പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു
പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും
ഇക്കാലത്ത് നാം തെരുവുകളില്‍ കണ്ടു. ഒന്നോ രണ്ടോ പേരാണ് പോലീസിനെ ഇങ്ങനെ
മൊത്തത്തില്‍ പറയിപ്പിക്കുന്നതെന്നാണ് വസ്തുത.അത്തരത്തില്‍ പോലീസിന്റെ
രണ്ടുതരത്തിലുള്ള സമീപനരീതികള്‍ വ്യക്തമാക്കുന്ന ഒരനുഭവ കഥ ഞാന്‍ കഥ പറയാം.
ഇക്കഴിഞ്ഞ ദിവസം നടന്നതാണ്.
രണ്ടു ദിവസം
മുമ്പ് ഉച്ചയ്ക്ക് എനിക്കൊരു ഫോണ്‍ വന്നു. അറിയാവുന്ന ആളാണ്. എടുത്തു. അദ്ദേഹത്തിന്റെ
പെങ്ങള്‍ കല്പറ്റയിലെ ഒരാശു ശുപത്രിയില്‍ ചികിത്സയിലാണ്.അത്യാസന്ന നിലയിലാണ്.
ഡോക്ടര്‍മാര്‍ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ചോളാന്‍ പറഞ്ഞിരിക്കുന്നു.
കൂടപ്പിറപ്പാണ്. ഒന്നു പോയി കാണണം. ഇല്ലെങ്കില്‍ മരിക്കുന്നതു വരെ സങ്കടം
തീരില്ല. പൊതുവേ അന്വേഷിച്ചപ്പോള്‍ വാഹനങ്ങളൊന്നും തന്നെ കടത്തി വിടുന്നില്ല
എന്നാണ് അറിഞ്ഞത്. എല്ലായിടത്തും പോലീസ് ചെക്കിംഗാണ്. അതുകൊണ്ട് എന്തെങ്കിലും
വിധത്തില്‍ സഹായിക്കണം. ഞാന്‍ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു
കൊറോണക്കാലമാണ്.
പോലീസ് കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്ന് അറിയാം. അതുനല്ലതുമാണ്. ആളുകള്‍ അനാവശ്യമായി
ഇറങ്ങി നടക്കുന്നത് കുറഞ്ഞിരിക്കുന്നു. എന്തായാലും പോലീസിനെ ബന്ധപ്പെടാം. അവരുടെ
നിര്‍ദ്ദേശം എങ്ങനെയാണോ അതു സ്വീകരിക്കാം എന്ന ധാരണയില്‍ ഒരുദ്യോഗസ്ഥനെ വിളിച്ചു
( അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
എന്തായാലും ഈ വിഷയവുമായി പ്രാഥമികമായ ബന്ധപ്പെടേണ്ടയാള്‍ അദ്ദേഹമായതുകൊണ്ടാണ്
വിളിച്ചത്.) കാര്യം അദ്ദേഹം മുഴുവനായിത്തന്നെ കേട്ടോ എന്ന് സംശയം. അസഹിഷ്ണുത
നിഴലിക്കുന്ന സംസാരം. ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തു
പറഞ്ഞു. മരിച്ചില്ലല്ലോ. മരിക്കണമെന്നുമില്ലല്ലോ ഡോക്ടര്‍മാര്‍ അങ്ങനെ പലതും
പറയും എന്ന തരത്തിലായി അദ്ദേഹത്തിന്റെ ന്യായം.കൂടുതല്‍ സംസാരിച്ചിട്ട്
കാര്യമുണ്ടെന്ന് തോന്നിയില്ല. ഞാന്‍ ഫോണ്‍ വെച്ചു.
ആ
ഉദ്യോഗസ്ഥന്റെ സമീപന രീതി എനിക്കിഷ്ടപ്പെട്ടില്ല എന്ന് പ്രത്യേകം
പറയേണ്ടതില്ലല്ലോ. അദ്ദേഹം കാര്യങ്ങള്‍ കേട്ടതിനു ശേഷം സാഹചര്യങ്ങളുടെ
പ്രാധാന്യവും എന്തുകൊണ്ട് കഴിയില്ലായെന്നുമൊക്കെ ഒരു സാമാന്യ മര്യാദയ്ക്കെങ്കിലും
പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ തന്നെ കല്പറ്റയില്‍ പോകണമെന്ന്
ആവശ്യപ്പെട്ടയാളോട് തിരിച്ചു വിളിച്ച് പോകണ്ട എന്നു പറയുമായിരുന്നു. പക്ഷേ ഈ
ഓഫീസറുടെ രീതി തികച്ചും അരോചകമായിത്തോന്നി. എന്താണ് കാര്യമെന്നുപോലും അദ്ദേഹം
കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അടിയന്തിര സാഹചര്യമാണെന്ന്
ബോധ്യപ്പെട്ടാല്‍ സഹായിക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ്. ഒരു പ്രസ്താവന
എഴുതിക്കൊടുത്താല്‍ അടിയന്തിര ഘട്ടങ്ങളില്‍ സഞ്ചരിക്കാവുന്നതാണെന്നാണ്
മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാവുന്നതേയുള്ളു.എന്നാല്‍ ഇദ്ദേഹത്തെപ്പോലെയുള്ള
ഏതെങ്കിലും ഒരു പോലീസ് ഓഫീസര്‍ക്ക് മറിച്ച് തോന്നിയാല്‍ വണ്ടി
പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാം. പിന്നീട് സാഹചര്യം
ബോധ്യപ്പെടുത്തി വണ്ടി വിട്ടുകിട്ടാന്‍ പണിപ്പെടേണ്ടിവരും. അതുകൊണ്ട് പോലീസിനെ
അറിയിച്ചാണ് പോകുന്നതെങ്കില്‍ വഴിയില്‍ വെച്ച് മറ്റേതെങ്കിലും സ്റ്റേഷന്‍
പരിധിയിലെ ചെക്കിംഗില്‍ പെട്ടാല്‍ ഹോം സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ടെന്നും
കാര്യങ്ങള്‍ ബോധ്യമാകുന്നില്ലെങ്കില്‍ അവരുമായി ബന്ധപ്പെടാമെന്നും യാത്രക്കാര്‍ക്ക്
പറയാമല്ലോ. ഈയൊരു ഉദ്ദേശത്തോടെയാണ് ഇദ്ദേഹത്തെ വിളിച്ചതും സംസാരിച്ചതും. എന്നാല്‍ ഒന്നിനും
വഴങ്ങില്ലെന്ന് ബോധ്യമായതോടെ ഞാന്‍ പിന്‍വാങ്ങി.
പക്ഷേ അദ്ദേഹത്തിന്റേത്
തികച്ചും തെറ്റായ സമീപനമാണ് എന്ന കാര്യത്തില്‍ എനിക്കു
സംശയമില്ലായിരുന്നു.അതുകൊണ്ടുതന്നെ അതിനോട് പൊരുത്തപ്പെടാന്‍ മനസ്സ് അനുവദിച്ചുമില്ല.
ആശുപത്രിയില്‍ പോകണമെന്ന ആവശ്യം ന്യായമാണ് എന്നുതന്നെയാണ് ഞാന്‍ ചിന്തിച്ചത്.
അതുകൊണ്ട് ഒരു തവണ കൂടി ശ്രമിക്കാമെന്ന് വെച്ചു
രണ്ടാമത്
വിളിച്ചത് മാനന്തവാടി സി ഐ അബ്ദുള്‍ കരീമിനെയാണ്. അദ്ദേഹത്തിന്റെ സമീപനം
എന്താകുമെന്ന കാര്യത്തില്‍ സംശയം എനിക്കു് സംശയമുണ്ടായിരുന്നുവെങ്കിലും പറയാനുള്ളത്
അദ്ദേഹം സാവകാശം കേള്‍ക്കുന്നുവെന്നതുതന്നെ വലിയ കാര്യമായിത്തോന്നി. എല്ലാം
കേട്ടതിനു ശേഷം അദ്ദേഹം ചോദിച്ചത് രണ്ടാളുകളില്‍ കൂടുതല്‍ പോകാന്‍
പാടില്ല എന്ന് അറിയാമല്ലോ അല്ലേ എന്നാണ്. പിന്നീട് കാര്യങ്ങള്‍ എളുപ്പമായി.
കൃത്യവും വ്യക്തവുമായി അദ്ദേഹം വ്യവസ്ഥകള്‍ പറഞ്ഞു. ആശുപത്രിയുമായി
ബന്ധപ്പെടും. സത്യസന്ധമാണെങ്കില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
രണ്ടുപേര്‍ മാത്രമേ പോകാന്‍ പാടുള്ളു.എവിടേയും അനാവശ്യമായി വണ്ടി നിറുത്തി പുറത്ത്
ഇറങ്ങരുത്. പോലീസുകാന്‍ കൈകാണിക്കുമ്പോള്‍ നിറുത്തണം. അവര്‍ ആവശ്യപ്പെടുന്ന
വിവരങ്ങള്‍ നല്കണം. ഒരു സത്യപ്രസ്താവന എഴുതി കൈവശം വെയ്ക്കണം. സഞ്ചരിക്കുന്ന ആളുകളുടെയും രോഗിയുടേയും പേരും ഫോണ്‍ നമ്പറുകളും വണ്ടിയുടെ നമ്പറും പോലീസിന് തരണം. എവിടെയെങ്കിലും
എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അദ്ദേഹത്തെ വിളിക്കാം. സാഹചര്യങ്ങളുടെ
പ്രാധാന്യം അറിയാമല്ലോ ? അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത് .
അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നു കൂടി പറഞ്ഞു മനസ്സിലാക്കണം എന്നു എന്നോട് നിര്‍ദ്ദേശിച്ചു
കൊണ്ടാണ് അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
എനിക്ക് ആ
ഉദ്യോഗസ്ഥനെക്കുറിച്ച് മതിപ്പു തോന്നി. അദ്ദേഹം സാചര്യങ്ങളുടെ പ്രാധാന്യം
മനസ്സിലാക്കി പെരുമാറിയിരിക്കുന്നു. നിയമങ്ങളും വ്യവസ്ഥകളും മനുഷ്യത്വവിരുദ്ധമായി
പ്രയോഗിക്കാനല്ലെന്ന് ചിന്തിക്കുന്ന ഒരാള്‍ക്കു മാത്രമേ ഇങ്ങനെ പെരുമാറാന്‍
കഴിയുകയുള്ളു. എന്തായാലും സി ഐ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്കിയതിനു ശേഷം
യാത്ര തിരിച്ചോളാന്‍ ഞാന്‍ അവരോട് പറഞ്ഞു. ഒന്നു മണിക്കൂറിനു ശേഷം അവര്‍ ആശുപത്രിയിലെത്തിയെന്നും
സഹോദദരിയെ കണ്ടുവെന്നും അറിയിച്ചു കൊണ്ടുള്ള ഫോണ്‍ വന്നു.
ഇന്നു രാവിലെ
അദ്ദേഹം വീണ്ടും വിളിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ സഹോദരി മരിച്ചു.
അവസാനമായി ഒന്നു കാണാന്‍ അവസരമുണ്ടാക്കിയതിന് എത്ര നന്ദി പറഞ്ഞാലും
മതിയാകില്ലെന്ന് അദ്ദേഹം പറയുമ്പോള്‍ ആ വാക്കുകളില്‍ ഒരു വിതുമ്പല്‍ അടക്കിപ്പിടിച്ചിരിക്കുന്നത്
നില്ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
‘മൃദു ഭാവെ ദൃഢ കൃത്യേ’ എന്നാണ്
പോലീസ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം. മൃദു ഭാവം എന്ന പ്രയോഗത്തിന്റെ വിശാലമായ
അര്‍ത്ഥങ്ങള്‍ തൊട്ടു നില്ക്കുന്നത് മനുഷ്യത്വവുമായിട്ടാണ്. ആ വ്യാപ്തി
മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ഒന്നാമത്തെ ഉദ്യോഗസ്ഥനെപ്പോലെയും മനുഷ്യത്വപരമായി
ചിന്തിക്കുവാന്‍ കഴിയുന്നവര്‍ രണ്ടാമത്തെ ഉദ്യോഗസ്ഥനെപ്പോലെയും പെരുമാറും. ഒന്നാമത്തെക്കൂട്ടര്‍
ജനത്തിന് ഭാരമായി മാറുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ നാടിനും
ജനതയ്ക്കും യഥാര്‍ത്ഥ കാവല്‍ക്കാരാകുകയും ചെയ്യും.
കേരളം
ഇക്കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ രണ്ടു വിഭാഗത്തില്‍ പെടുന്ന
ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികളാണ്.
Comments