#ദിനസരികള്‍ 1082



          അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും.നാറിപ്പുഴുത്തു അഴുകിയൊലിച്ചിറങ്ങുന്ന ഈ അധമനെയാണല്ലോ നാളിതുവരെ നാം പാടിപ്പുകഴ്ത്തിയതെന്നോര്‍ത്ത് അന്ന് അവര്‍ ലജ്ജിക്കും. കേരളത്തിലെ ജനതയ്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരുദാഹരണം പഴയ ഡി ജി പി സെന്‍കുമാറാണ്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന അയാളെ റിട്ടയര്‍മെന്റു സമയം വരെ ആരെല്ലാമാണ് പിന്തുണച്ച് എന്നു നോക്കുക. അയാള്‍ ലോകത്തെ സമര്‍ത്ഥമായി അക്കാലങ്ങളില്‍ പറ്റിച്ചു. തന്റെ യഥാര്‍ത്ഥ മുഖം മറച്ചു വെച്ചുകൊണ്ട് മറ്റൊരാളായി ജീവിച്ചു. ഇപ്പോള്‍ അയാള്‍ എന്താണെന്ന് നമുക്ക് മനസ്സിലാകുന്നു. ഇത്രയും നീചനായ ഒരുവനെയാണല്ലോ നാം പോലീസ് മേധാവിയായി അംഗീകരിച്ചാദരിച്ചതെന്നോര്‍ത്ത് തലയ്ക്കടിക്കുന്നു.
          ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും. അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു. നികൃഷ്ടതയുടെ പരകോടിയില്‍ പുലര്‍ന്നു പോകുന്ന ഈ അല്പന്മാരെയാണല്ലോ ജനാധിപത്യത്തിലെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്നതെന്ന് നാം അപ്പോള്‍ അത്ഭുതപ്പെട്ടുപോകും. ടി പി സെന്‍കുമാറെന്ന വ്യക്തിയില്‍ നിന്ന് അത്തരമൊരു മാനസികാവസ്ഥ ഒരു സ്ഥാപനത്തിലേക്ക് എത്തിച്ചേരുമ്പോള്‍ കഥ കുറച്ചു കൂടി തീക്ഷ്ണമാകുന്നു.മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഒരു സമൂഹത്തില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും മനുഷ്യരെ പരസ്പരം വിഭജിക്കുവാനും കൂടുതല്‍ സഹായകമാകും. അത്തരത്തിലുള്ള അതിനീചമായ ഒരു പ്രയോഗമാണ് തബ്‌ലീഗ് കൊവീഡ് എന്നത്.
          മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവീഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം വൈറസിന്റെ ഒരു ഹോട്ട് സ്പോട്ടായി ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ മാറി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ നിരീക്ഷണത്തിലായി.എന്നാല്‍ രാജ്യത്ത് നിസ്സാമുദ്ദീന്‍ മാത്രമായല്ല ഇത്തരത്തില്‍ അതിപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ഡല്‍ഹിയില്‍ത്തന്നെ രണ്ടു സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടായി. രാജസ്ഥാന്‍ , ഉത്തര്‍പ്രദേശ് , മഹാരാഷ്ട്ര , ഗുജറാത്ത് , കേരളം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി പത്തോളം പ്രദേശങ്ങള്‍ അതീവ ജാഗ്രത വേണ്ട ഇടങ്ങളായി കണക്കാക്കപ്പെട്ടു. അവയില്‍ ഒന്നു മാത്രമായ നിസ്സാമൂദ്ദീന് എന്തുകൊണ്ട് കൂടുതല്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമായി വര്‍ഗ്ഗീയവും മതാത്മകവുമായ ചില താല്പര്യങ്ങളെ നമുക്ക് കണ്ടെത്താനാകും. ഇന്ത്യയില്‍ നിലവിലിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം വിരുദ്ധ ആശയ പ്രചാരകര്‍ക്കാണ് നിസ്സാമുദ്ദീന്‍ വിളനിലമാകുന്നത്.
          നിസ്സാമുദ്ദീനിലെ സമ്മേളം നടക്കുന്നതുപോലെത്തന്നെ രാജ്യത്ത് വിവിധയിടങ്ങളില്‍ പല മതങ്ങളുടേയും ആഭിമുഖ്യത്തില്‍ ധാരാളം കൂടിച്ചേരലുകള്‍ നടന്നിട്ടുണ്ട്. ഇവിടെ നമ്മുടെ കേരളത്തിലും അത്തരമൊരു പതിനായിരങ്ങള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല നടന്നുവല്ലോ. മാര്‍ച്ച് ഒമ്പതിനാണ് പൊങ്കാല നാം ആഘോഷിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ പത്തൊമ്പതു വരെയുള്ള തീയതികളിലാണ് നിസ്സാമുദ്ദീനിലെ മത സമ്മേളനം നടന്നത്. അതിനു ശേഷമാണ് രാജ്യം കൊവീഡു വൈറസിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഗൌരവമായി ആലോചിക്കുന്നതുതന്നെ. അതിന്റെ ഭാഗമായി 22 ന് ജനതാ കര്‍ഫ്യൂആചരിക്കുന്നു. കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കി മാര്‍ച്ച് 24 ന് പ്രധാനമന്ത്രി രാജ്യത്ത് ഇരുപത്തിയൊന്നു ദിവസത്തെ ലോക് ഡൌണ്‍ പ്രഖ്യാപിക്കുന്നു. അതായത് ഈ നിസ്സാമുദ്ദീനിലെ സമ്മേളന കാലാവധിയില്‍ കൊറോണയെക്കുറിച്ച് രാജ്യത്ത് അത്ര വലിയൊരു ആശങ്കയുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഒരു സമ്മേളനം നടത്തിയവരെ എങ്ങനെയാണ് നമുക്ക് പ്രതിസ്ഥാനത്ത് അവരോധിക്കാനാകുക ?
            എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവീഡ് ബാധ സ്ഥിരീകരിച്ചതോടെയാണ്. ചിലര്‍ അതിലൊരു മുതലെടുപ്പിന്റെ സാധ്യത കണ്ടു. ഒളിഞ്ഞും തെളിഞ്ഞും അക്കൂട്ടര്‍ അത് പരമാവധി പ്രചരിപ്പിച്ചു. ഇസ്ലാമോഫോബിയയ്ക്ക് നല്ല വേരുകളുള്ള നമ്മുടെ സമൂഹത്തില്‍ അതു പടരാന്‍ അധികം സമയമെടുത്തില്ല. അത്തരം പ്രചാരണത്തിന്റെ ഏറ്റവും നഗ്നമായ രൂപമാണ് തബ്‌ലീഗ് വൈറസ് എന്ന പ്രയോഗത്തിലൂടെ നമ്മുടെ മാധ്യമങ്ങളിലും നാം വീക്ഷിച്ചത്.
          മാരകമായ ഒരു പകര്‍വ്യാധിയെ ആ അര്‍ത്ഥത്തില്‍ കാണാതെ അതിനെ രാഷ്ട്രീയമായ ഒരായുധമായി ആദ്യമുപയോഗിച്ചത് അമേരിക്കയാണ്. കൊറോണയെ ചൈനീസ് വൈറസ് എന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ട്രംപ്  വിളിച്ചത്. പിന്നീട് അത് പലരും ഏറ്റുവിളിച്ചു.  അത്തരം വിളിക്കാരുടെ ഇന്ത്യന്‍ പതിപ്പുകള്‍ക്ക് ഇപ്പോള്‍ കൊറോണയെ തബ് ‌ലീഗ് വൈറസായി മാറ്റിയിരിക്കുന്നു. ഒരല്പം കൂടി കഴിഞ്ഞാല്‍ അതൊരു പക്ഷേ ഒരു പ്രത്യേക മതത്തിന്റെ പേരിലേക്കു പോലും ചാര്‍ത്തിക്കൊടുക്കാനുള്ള സാധ്യത ഇന്ത്യയില്‍ നിലവിലുണ്ട്. അത്തരത്തിലുള്ള നികൃഷ്ട ജന്മങ്ങള്‍ ധാരാളമായി നമ്മുടെ നാട്ടിലുണ്ട് എന്നതാണ് വസ്തുത.
          മനോനില തകരാറിലാകാത്ത സാധാരണ ജനതയാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. ഒരു പകര്‍ച്ചവ്യാധിയുടെ പേരിലും ഒരു മതമോ സമുദായമോ അപമാനിക്കപ്പെടുകയോ മാറ്റി നിറുത്തപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകരുത്. മരണം വിതയ്ക്കുന്ന ഈ മാരകവ്യാധിയെ മുന്‍നിറുത്തി ഒരു തരത്തിലുള്ള മുതലെടുപ്പിനും നിന്നുകൊടുക്കുകയുമരുത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇത്തരത്തില്‍ അസംബന്ധം പ്രചരിപ്പച്ച മനോരമയേയും ന്യൂസ് 24നേയും ജനകീയ വിചാരണ ചെയ്യാന്‍ നമുക്ക് കഴിയണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം