#ദിനസരികള്‍ 89
നടി ആക്രമിക്കപ്പെട്ട
കേസില്‍ കേരളം പ്രതീക്ഷിച്ചിരുന്നപോലെ ദിലീപ് എന്ന നായകന്‍ പ്രതിനായകനായി
അറസ്റ്റുചെയ്യപ്പെട്ടു.താന്‍ വിശുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ദിലീപിന്റെ
അമിതാവേശം സംശയത്തിന്റെ കണ്ണുകളില്‍ നിന്നും അയാളെ മുക്തനാക്കിയിരുന്നില്ല എന്നുമാത്രവുമല്ല കേരളത്തിലെ
ജനങ്ങള്‍ക്ക് ദിലീപിന്റെ പുനര്‍വിവാഹവും അതിലേക്കു നയിച്ച “ നിര്‍മിക്കപ്പെട്ട “
സാഹചര്യങ്ങളേയും അത്ര പെട്ടെന്ന് ഉള്‍ക്കൊളളാനും കഴിഞ്ഞിട്ടില്ല.ആയതിനാല്‍ ദിലീപ്
എന്ന നടന്‍ അത്ര നിഷ്കളങ്കനല്ല എന്ന ധാരണയാണ് ജനങ്ങളിലുള്ളത്. ഈ പശ്ചാത്തലത്തില്‍
ദിലീപിന്റെ അറസ്റ്റ് കൂടിയാകുമ്പോള്‍ നാടന്‍ ശൈലിയില്‍ ‘അയാള്‍ക്കങ്ങനെ
വേണം’
എന്നു ചിന്തിക്കുന്നവരായി ജനങ്ങളില്‍ ഭൂരിപക്ഷവും മാറിയാല്‍ അതില്‍
അത്ഭുതപ്പെടേണ്ടതില്ല.എന്തായാലും കുറ്റവാളി അറസ്റ്റുചെയ്യപ്പെട്ടല്ലോ. ഇനി വേണ്ടത്
കോടതയില്‍ നിന്നും ഊരിപ്പോകാതെ നോക്കലാണ്. ശക്തമായ തെളിവുകളുടെ സഹായത്തോടെ
ഇനിയൊരിക്കലും മലയാളസിനിമയില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാത്ത
തരത്തിലുള്ള ശിക്ഷകൂടി വാങ്ങിക്കൊടുക്കാന്‍ നമ്മുടെ പോലീസിന് കഴിഞ്ഞാല്‍ അത്
അവരുടെ കിരീടത്തിലെ എക്കാലത്തേയും മികച്ച ഒരു പൊന്‍തൂവലാകും.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ദിലീപ്
പ്രധാനപ്രതിയായി അറസ്റ്റുചെയ്യപ്പെടുന്നതോടെ അന്വേഷണം
അവസാനിപ്പിച്ചുകൂടയെന്നുമാത്രവുമല്ല മലയാള സിനിമയില്‍ നിലനില്ക്കുന്ന പല
അനാശാസ്യപ്രവണതകളേയും ഈ കേസ് തുറന്നുകാട്ടുന്നതിനാല്‍ അവയെക്കുറിച്ചൊക്കെ സമഗ്രമായ
അന്വേഷണം പോലീസ് നടത്തേണ്ടതുമാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ , മാഫിയാ
കൊട്ടേഷന്‍ ബന്ധങ്ങള്‍ മയക്കുമരുന്നു വ്യാപാരങ്ങള്‍ , ലൈംഗികചൂഷണങ്ങള്‍ ,
വ്യക്തിഹത്യ തുടങ്ങി എല്ലാ
സാമൂഹ്യവിരുദ്ധസ്വഭാവങ്ങളും സിനിമാമേഖലയില്‍ കൊടികുത്തി വാഴുകയാണ്.
ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍
നമ്മുടെ സിനിമാവ്യവസായംതന്നെ ഒരു അധോലോകപ്രവര്‍ത്തനമാണോയെന്ന് സംശയച്ചുപോയാല്‍
അവരെ കുറ്റം പറയാന്‍ പറ്റില്ല.സുനിക്ക് ദിലീപ് കൊടുക്കാമെന്നേറ്റിരുന്നത്
അമ്പതുലക്ഷം രൂപയും തന്റെ ഡേറ്റുമാണത്രേ ! എന്നുവെച്ചാല്‍ നടി ആക്രമിക്കപ്പെട്ട
കേസ് തുമ്പില്ലാതെ പോയിരുന്നുവെങ്കില്‍ ഈ പള്‍സര്‍ സുനി എന്ന കൊട്ടേഷന്‍കാരന്‍
മലയാളസിനിമയില്‍ നാളെയൊരു നിര്‍മാതാവോ സംവിധായകനോ ഒക്കെയായി മാധ്യമങ്ങളുടേയും
പൊതുജനങ്ങളുടേയും പരിലാളനകള്‍ ഏറ്റുവാങ്ങിയേനേ എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.
ഇപ്പോള്‍ ഈ മേഖലയില്‍ നില്ക്കുന്നവരില്‍തന്നെ എത്ര പേര്‍ ഇങ്ങനെയൊക്കെ
വന്നതല്ലെന്ന് പറയാന്‍ കഴിയും ?
താരസംഘടനയായ അമ്മയുടെ പ്രസിഡന്റുതന്നെ , സിനിമയിലെ അവസരങ്ങള്‍ക്കുവേണ്ടി
കിടക്കവിരിച്ചുകൊടുക്കുന്ന നടിമാരുണ്ട് എന്ന് സമ്മതിക്കുന്ന സാഹചര്യമാണ്
നിലവിലുള്ളത്.
അതുകൊണ്ട് തിരശീലയിലെ വെള്ളിവെളിച്ചത്തില്‍
തുള്ളിക്കളിക്കുന്ന സൌന്ദര്യധാമങ്ങളുടെ ചായംപൂശിയ മുഖങ്ങള്‍ക്കുപിന്നിലെ ഇരുണ്ട
ജീവിതങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ പോലീസ് തയ്യാറാകണം. മലയാള സിനിമാലോകത്തെ
രക്ഷിച്ചെടുക്കുവാനുള്ള ഒരവസരമായി നടി ആക്രമിക്കപ്പെട്ട കേസ് മാറണം.
Comments