#ദിനസരികള്‍ 92
ഇന്നത്തെ ഫോക്കസ്
മനോരമയില്‍ രമേഷ് എഴുത്തച്ഛന്‍ എഴുതിയ മീന്‍തൊട്ടു കൂട്ടാം എന്ന ലേഖനം ,
വയനാട്ടിലെ സമൃദ്ധമായ മത്സ്യസമ്പത്തുകളെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്നു.എന്നുമാത്രവുമല്ല
, വയനാട്ടില്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ ചുറ്റുപാടുകളില്‍
പുലര്‍ന്നുപോരുന്ന ഇതര ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്ന് ഈ
ലേഖനം ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന് വയനാടിനെ
പുറത്തുനിന്നുള്ള പ്രകൃതിസ്നേഹികള്‍ പുകഴ്ത്തിപ്പറയുമ്പോള്‍ ശരിയാണ് എന്ന് വെറുതെ
തലയാട്ടുകയല്ലാതെ , ഈ പ്രകൃതിയെക്കുറിച്ച് പഠിക്കുവാനോ ചെറിയതരത്തിലെങ്കിലും
എന്തെങ്കിലും ധാരണ ഉണ്ടാക്കിയെടുക്കുവാനോ പുതിയ തലമുറ തയ്യാറാകുന്നില്ല എന്നത്
വയനാടിന്റെ ശാപമാണ്. വികസനപ്ര വര്‍ത്തനങ്ങളെക്കുറിച്ചുണ്ടാകുന്ന ചര്‍ച്ചകളില്‍
നമ്മുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നാം
അജ്ഞരാണ്. പ്രകൃതിയെക്കുറിച്ചുള്ള ഈ ധാരണക്കുറവ്, സമീപഭാവിയില്‍ത്തന്നെ വയനാടിന്റെ
ജൈവവ്യവസ്ഥിതിക്കും അതുവഴി മനുഷ്യജീവിതത്തിനും വലിയ വെല്ലുവിളിയായിത്തീരും എന്ന
കാര്യത്തില്‍ സംശയമില്ല.
രമേഷ് എഴുതുന്നു – “ പുഴമീന്‍ കറിയെക്കാള്‍ രുചിയാണ് പുഴമീന്‍
കഥകള്‍
ക്ക്. കടലില്ലാത്ത
വയനാട്ടിലെ മീന്‍ കൌതുകങ്ങളുടെ ആഴവും പരപ്പും കേള്‍ക്കേണ്ടതുതന്നെണ്.പല അരുവികള്‍
ചേര്‍ന്നൊഴുകുന്ന ചെറുപുഴകളും പ്രധാനനദിയായ കബനിയുമെല്ലാം വൈവിധ്യമാര്‍ന്ന
മത്സ്യങ്ങളുടെ താവളമാണ്. പല പലകാരണങ്ങളാല്‍ മത്സ്യങ്ങളുടെ അളവ് കുറഞ്ഞെങ്കിലും
വൈവിധ്യത്തില്‍ കാര്യമായ കുറവില്ല.കേരളത്തില്‍ മാത്രമല്ല , ലോകത്തു അപൂര്‍വ്വമായ
നിരവധി മത്സ്യഇനങ്ങള്‍ വയനാട്ടിലുണ്ട്.” ഏകദേശം തൊണ്ണൂറോളം മത്സ്യങ്ങള്‍
ഇവിടെയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇത്രയധികം വൈവിധ്യപൂര്‍ണമായ മത്സ്യങ്ങള്‍
അധിവസിക്കുന്ന നമ്മുടെ തോടുകളേയും പുഴകളേയും അനുദിനം മലിനപ്പെടുത്താന്‍ നാം
കാട്ടുന്ന വ്യഗ്രത ഒന്നു വേറെത്തന്നെയാണ്. അശാസ്ത്രീയമായി മണലുവാരിയും പുഴയുടെ
കൈവഴികള്‍ നികത്തിയും മലിനജലം പുഴയിലേക്കൊഴുക്കിയുമൊക്കെ നാം നമ്മുടെ പ്രകൃതിസ്നേഹം
വെളിപ്പെടുത്തുന്നു.
ശുദ്ധജലമത്സ്യങ്ങളില്‍ ഒട്ടുമിക്കതും വയനാട്ടില്‍
കണ്ടുവരുന്നു. പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇവ ഓരോ സ്ഥലത്തും
അറിയപ്പെടുന്നത്. വയനാട്ടിലെ പ്രധാന ജലസ്രോതസ്സായ കബനിയെതന്നെയാണ് പ്രധാനമായും ഈ
മത്സ്യസമ്പത്തിന്റെ ഭൂരിഭാഗവും ആശ്രയിക്കുന്നത്.മഴയുടെ അളവിലുണ്ടാകുന്ന വ്യതിയാനം
വയനാട്ടിലെ ജൈവസമ്പത്തിനെന്ന പോലെ മത്സ്യമേഖലക്കും ഭീഷണി തന്നെയാണ്.അതോടൊപ്പം
മനുഷ്യന്റെ ആര്‍ത്തിയും കൂടിയാകുമ്പോള്‍ പരിപൂര്‍ണമായ നാശത്തിലേക്കാണ് ഇവ
കൂപ്പുകുത്തുന്നത് എന്ന് വ്യക്തമാണ്.പ്രാദേശികഭരണകൂടങ്ങള്‍ക്ക് ജനകീയ
കൂട്ടായ്മയിലൂടെ ഈ മേഖലയില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും.ഈ വൈകിയ വേളയില്‍
ഇനിയെങ്കിലും നാം അതിനു തയ്യാറായി മുന്നിട്ടിറങ്ങണമെന്ന് രമേഷ് എഴുത്തച്ഛന്റെ ഈ
ലേഖനം നമ്മോടു പറയുന്നു.
Comments