#ദിനസരികള്‍ 350


            പ്രകൃതിയെ മെരുക്കിയെടുക്കുക എന്നത് എക്കാലത്തേയും മനുഷ്യവംശം അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.അങ്ങനെ മെരുക്കുന്നതിന്റെ ഭാഗമായി അവന്‍ മന്ത്രവാദങ്ങളെ ഉപയോഗിച്ചു. അവ തനിക്ക് കാവലായി നിലകൊള്ളുമെന്ന് ആഗ്രഹിച്ചു.തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് പ്രകൃതി ശക്തികളെ ദേവതുല്യം ആരാധിക്കുവാനും അനുനയിപ്പിക്കുവാനും ശ്രമിച്ചു.അതിനായി അവന്‍ പ്രത്യേക നാടകരൂപങ്ങളെ ആവിഷ്കരിച്ചു.പാട്ടായും കഥയായും ആട്ടമായുമൊക്കെ അവന്‍ തന്റെ ആഗ്രഹങ്ങളെ ദേവതകളുടെ മുന്നില്‍ വെച്ചു.പ്രത്യേക ആരാധനാരീതികളെ പരുവപ്പെടുത്തിയെടുത്തി.അതില്‍ വിദഗ്ദരായ ആളുകളെ മാന്ത്രികനായും പുരോഹിതനായും ദൈവത്തിന്റെ പ്രതിപുരുഷനായുമൊക്കെ വണങ്ങി നിന്നുകൊണ്ട് നാം നമ്മുടെ ആധിദൈവികമായ ദുരിതങ്ങള്‍ക്ക് പോംവഴിയുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു.പോകെപ്പോകെ ആത്മാവിഷ്കാരങ്ങളുടെ വിവിധങ്ങളായ കൈവഴികളായി പരണമിക്കുകയും കലകള്‍ക്ക് കാരണമാകുകയും ചെയ്തു.വിശ്വാസത്തിന്റെ ഭാഗത്തു നിന്നാകട്ടെ, അവിശ്വാസത്തിന്റെ ഭാഗുത്തു നിന്നാകട്ടെ തനിക്ക് അസാധ്യമായ സംഗതികളെ സാധ്യമാക്കുന്നതിന് പ്രകൃതിയെ മാറ്റിയെടുക്കുക തന്നെ വേണം എന്ന ധാരണ രൂഢമൂലമായിരുന്നു. അത്തരം മാറ്റത്തിന് അരങ്ങൊരുക്കാന്‍ മനുഷ്യന്റെ കൈകള്‍ക്ക് ശക്തിയുണ്ടെന്ന പ്രഖ്യാപനം, ലോകത്തെയാകെ ഇളക്കി മറിക്കാന്‍ പോന്നതായിരുന്നു.നാളിതുവരെ പിന്തുടര്‍ന്നു പോന്ന വഴികളിലേക്ക് കടന്നു നിന്ന് വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ നാടിനെ മാറ്റിമറിക്കാന്‍ കരുത്തുള്ള വിപ്ലവകാരികളുണ്ടായി.
            തന്റെ ലോകത്തെ താനാണ് സൃഷ്ടിക്കുന്നതെന്നത് കേവലമായ ദാര്‍ഷ്ട്യത്തിന് അപ്പുറമുള്ള ഒരു ആത്മവിശ്വാസമാണ്.അതിനെതിരായി തന്റെ ലോകത്തേയും കാലത്തേയും ജീവിതത്തേയും സൃഷ്ടിക്കുന്നത് ദൈവമാണെന്നോ മറ്റാരെങ്കിലുമാണെന്നോ ആണെന്ന  സിദ്ധാന്തത്തിന് കൂടുതല്‍ അനുയായികളുണ്ടെങ്കിലും- വഴിച്ചുമടിന്റെ ഭാരം ലഘൂകരിക്കാന്‍ അത് ഉതകുമെങ്കിലും മനുഷ്യന്‍ എന്ന മഹാബോധത്തിന്റെ കരുത്തിനെ പോഷിപ്പിക്കുവാന്‍ സഹായിക്കുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്.സാധ്യതകളെ കൃത്യമായി ഉപയോഗിക്കാതെ അന്യന്റെ ചുമലിലേക്ക് തന്റെ കഴുത്തു ചായ്ചുകൊടുക്കുന്നവനായി ചുരുങ്ങിപ്പോകാന്‍ ദൈവ വിധി വിശ്വാസങ്ങള്‍ പ്രേരിപ്പിക്കുന്നു.താങ്ങുക തേടുകയും അവയുടെ തണലില്‍ വേരുറപ്പിക്കുകയും ചെയ്യുകയെന്നത് താരതമ്യേന അധ്വാനശൂന്യമായ ഒരു പ്രവര്‍ത്തിയാണല്ലോ. വഴി വെട്ടുന്നവരോട് എന്ന കവിതയില്‍ എന്‍ എന്‍ കക്കാട് പറയുന്നത്, നിലവിലുള്ള വഴികളിലൂടെ പോകാന്‍ എളുപ്പമാണ്, എന്നാല്‍ പുതുവഴി ഉണ്ടാക്കിപ്പോകുക എന്നത് ദുഷ്കരവുമാണെങ്കിലും പുതുവഴിയുണ്ടാക്കുന്നവനുമാത്രമാണ് പുതിയ ചിന്തകളുടേയും കാഴ്ചകളുടേയും സാധ്യതകളുടേയും പുതുലോകത്തിന്റേയും പ്രഭാപ്രസരം അനുഭവിക്കാനാകുകയെന്നാണ്.
                        വഴിവെട്ടാന്‍ പോയവരെല്ലാം
                        മുടിയും തലയോട്ടിയുമായി
                        അവിടെത്താന്‍ മറ്റൊരു കുന്നായ്
                        മരുവുന്നു ചങ്ങാതി
                        കാടിന്നകം പുക്കവരാരും
                        തന്നിണയെ പൂണ്ടില്ലല്ലോ
                        കാടിനകം പുക്കവരാരും
                        തന്നില്ലം കണ്ടില്ലല്ലോ
                        ................. ............
                        പുതുവഴി നീ വെട്ടുന്നാകില്‍
                        ആ വഴിയേ പൂമാലകളും
                        തോരണവും കുലവാഴകളും
                        നിറപറയും താലപ്പൊലിയും
                        കുരവകളും കുത്തുവിളക്കും
                        പൊന്‍ പട്ടം കെട്ടിയൊരാന
                        ക്കൊമ്മനുമ്പാരിയുമായി
                        ഊരെഴുന്നള്ളിപ്പോം നിന്നെ .
പറഞ്ഞു വരുന്നത് കലയുടെ സര്‍ജ്ജന രഹസ്യമെന്നത് കരുത്താര്‍ന്ന , കരിങ്കല്ലിനൊപ്പം തല്ലിപ്പഴുത്ത കരങ്ങള്‍ തന്നെയാണ് എന്നാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം