#ദിനസരികള്‍ 349


            പാരമ്പര്യത്തെ ദ്വന്ദ്വാത്മകമായി പരിവര്‍ത്തിപ്പിക്കുന്ന തരം ദര്‍ശനമുള്ള അപൂര്‍വ്വം മലയാള കവിയാണ് കടമ്മനിട്ട എന്ന വിശേഷണത്തോടെ കടമ്മനിട്ടക്കവിതകളെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതുന്നു :- “ നമ്മുടെ സംസ്കാരം എക്കാലത്തും രണ്ടു സ്വരങ്ങളില്‍ പാടാറുണ്ടായിരുന്നു.സ്വന്തം ശബ്ദത്തില്‍ പ്രപഞ്ചക്രിയ ഏറ്റു വാങ്ങുന്ന ശക്തനായ മാന്ത്രികന്റെ സ്വരമാണ് ഒന്ന്.ആജ്ഞാപിക്കുന്ന മനുഷ്യന്റെ കര്‍മ്മകാഹളമാണത്. മാന്ത്രികന്റെ യാന്ത്രികമായ പ്രപഞ്ച വീക്ഷണത്തെ നിഷേധിക്കുന്ന ഒരു ഭക്തന്റെ സ്വരമാണ് രണ്ടാമത്തേത്.കടമ്മനിട്ടയുടെ കവിതയിലാകട്ടെ അപരിചിതമായ ഒരനുപാതത്തില്‍ ഈ പ്രാചീന സ്വരപാരമ്പര്യങ്ങള്‍ പരസ്പരം ഇടയുന്നു പകരുന്നു ലയിക്കുന്നുനിര്‍മാണാത്മകതയോടൊപ്പം സംഹാരാത്മകതയും കൂടിച്ചേര്‍ന്ന് ഒരു കൈകൊണ്ട് പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട് തലോടുന്നവളെപ്പോലെ സാമ്പ്രദായികതയെ വെല്ലുവിളിക്കുമ്പോഴും പാരമ്പര്യസിദ്ധമായ ഒരു താളക്രമത്തെ കടമ്മനിട്ട പിന്തുടരുന്നുണ്ട്. ആ താളമാണ് കടമ്മനിട്ടയുടെ കവിതയെ പ്രകൃതിയുമായി നിരന്തരം ബന്ധപ്പെടുത്തി സജീവമാക്കി നിലനിറുത്തുന്നത്.
            നിഷേധിയായ ഒരുവന്‍ നിതാന്തമായ ജാഗ്രത പുലര്‍‌ത്തേണ്ടതുണ്ട്.ആ ജാഗ്രതയില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന നീതിബോധം ആകെയുള്ള ജീവലോകവുമായി കൂട്ടിക്കലര്‍ത്തുമ്പോഴാണ് പ്രകൃതി എന്നത് അപരമായ ഒരു ചൂഷണസാധ്യതയല്ലെന്നും അത് ഓരോ വ്യക്തിയുടേയും കര്‍മ്മമണ്ഡലങ്ങളെ അടയാളപ്പെടുത്തുകവഴി അഭിന്നമായ ഒരനിവാര്യതയാണെന്നുമുള്ള ബോധം ഉറകൂടുകയുള്ളു.അങ്ങനെയുള്ള ഒരു ബോധത്തില്‍ നിന്നുമാത്രമേ നാം എന്ന കൂട്ടായ്മയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഉരുവം കൊള്ളുകയുള്ളു. അന്യത അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ്
                        എന്റെ കരിന്തൊലിയൂറക്കിട്ട
                        തെടുത്തു പുതച്ചൊരു തപ്പും
                        എന്റെ വിരല്‍ത്തുമ്പൊപ്പിയെടുത്തു
                        തുടച്ചു മിനുക്കിയ പാട്ടുമായി പാട്ടുകാരന്‍ അരങ്ങേറുന്നത്.ആ പാട്ടാകട്ടെ ചൂഷകനും ചൂഷിതനുമില്ലാത്ത ഒരു കാലത്തേക്കുള്ള ക്ഷണക്കത്താണ്.അഥവാ നിലനില്ക്കുന്ന സാമൂഹികാസമത്വങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള കാഹളമാണ്.ഒരു വ്യക്തിയുടെ മാത്രം പ്രതിഷേധമല്ല കാട്ടാളന്റേത്. അത് എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുന്നവരുടെ പ്രതീകമാണ്.സാമൂഹിക വ്യവസ്ഥ ചൂഷണമുക്തമാകുന്നിടത്തോളം കാലം കാട്ടാളനും അവന്റെ കവിതക്കും പ്രസക്തിയുണ്ട്.
                        കടമ്മനിട്ടക്കവിതയെക്കുറിച്ച് നരേന്ദ്രപ്രസാദ്, മാനുഷിക യാഥാര്‍ത്ഥ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ഒന്നായി കാണുകയെന്നത് ഒരു കവിയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമാണ്.കടമ്മനിട്ടക്കവിതയില്‍ മനുഷ്യന്‍ മാറുന്നു സ്വയം മാറ്റുന്നു.സ്വയം സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇവിടെ മനുഷ്യന്‍. ഈ സ്വാതന്ത്ര്യത്തെ സൃഷ്ടിച്ചെടുക്കുക എന്ന ദൌത്യം പേറുന്ന കവിക്ക്
                        നിങ്ങള്‍ എന്തിനാണ് വന്നത്?
                        ആ പശുക്കുട്ടിയുടെ ശവം പൊക്കിയെടുത്തു
                        ഘോഷയാത്ര നടത്താനോ?
                        നിങ്ങളുടെ തീന്‍ മേശകളിലെ വിഭവങ്ങള്‍ക്ക്
                        വിശുദ്ധി ചേര്‍ക്കാനോ? എന്ന് ചോദിക്കാതിരിക്കാനാവില്ല. ആ ചോദ്യം ഇന്നത്തേയും എന്നത്തേയും ചോദ്യം തന്നെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1