#ദിനസരികള്‍ 348



            എന്റെ സ്കൂള്‍ കാലങ്ങളിലായിരിക്കണം അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന നോവല്‍ വായിക്കാനിടയായിത്. രണ്ടാമതൊന്നു കൂടി വായിക്കാനിടവന്നിട്ടെങ്കിലും അവ്യക്തവും സുഖദവുമായ ഒരനുഭവമായി ഇപ്പോഴും ആ നോവല്‍ മനസ്സില്‍ തങ്ങി നില്ക്കുന്നുണ്ട്.ഇനിയൊന്നുകൂടി വായിച്ചാല്‍ അതങ്ങനെത്തന്നെ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്.ഏറെക്കാലങ്ങള്‍ക്കു ശേഷം പല രചനകളും വീണ്ടു വായിച്ചപ്പോള്‍ ആദ്യമനുഭവപ്പെട്ടതായ അനുഭൂതി അപ്രത്യക്ഷമായിട്ടുണ്ടെന്നത് അനുഭവമായി നില്ക്കുന്നു. പിന്നീട് ആ നോവലിനെ അദ്ദേഹം തന്നെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ അസമര്‍ത്ഥമായ അനുകരണമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് തള്ളിപ്പറഞ്ഞുവെന്നത് ചരിത്രമാണ്  എന്തായാലും ആ നോവലിസ്റ്റ് മലയാള സാഹിത്യത്തിലും കലാലോകത്തും വളര്‍ന്നു തിടം വെച്ചു.നടനായി, നിരൂപകനായി, നാടകരചയിതാവും സംവിധായകനുമായി സാംസ്കാരികനായകനായി. ആര്‍ നരേന്ദ്രപ്രസാദ്  പേരിന് ആമുഖമാവശ്യമില്ലാതായി. നരേന്ദ്രപ്രസാദിന്റെ സാഹിത്യനിരൂപണങ്ങള്‍ സമാഹരിച്ച് എന്റെ സാഹിത്യനിരുപണങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകം ഡി സി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.വിമര്‍ശന രംഗത്ത് അദ്ദേഹം നല്കിയ ഈടുറ്റ സംഭാവനകള്‍ക്ക് നിദര്‍ശനമാണ് ആ പുസ്തകം എന്ന് നിസ്സംശയം ആരും സമ്മതിച്ചുപോകുമെന്ന് മാത്രവുമല്ല രനചകള്‍ എണ്ണത്തില്‍ താരതമ്യേന ശുഷ്കമായിപ്പോയതില്‍ പരിതപിക്കുകയും ചെയ്യും.
            നിലപാടുകളുടെ കണിശത നരേന്ദ്രപ്രസാദിന്റെ സാഹിത്യനിരൂപണങ്ങളില്‍ എടുത്തു പറയേണ്ട പ്രധാനപ്പെട്ട സവിശേഷതയാണ്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തി പരിശോധിക്കുന്ന ഒരു ലേഖനത്തില്‍ അദ്ദേഹം തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു. :- വ്യവസ്ഥാപിതത്വത്തെ നമ്മുടെ പുതിയ എഴുത്തുകാരുടെ കൃതികള്‍ അത്യന്തം സംവേദനക്ഷമമാണ്.അവരുടെ സാമൂഹ്യവിമര്‍ശനം ശാസ്ത്രീയമല്ലെന്നും മറ്റും ആരോപണം നടത്തിയാല്‍ക്കൂടിയും ചിന്താപരവും തത്വശാസ്ത്രപരവുമായ വിതാനങ്ങളില്‍ സ്വന്തം അനുഭവങ്ങളെ ആവിഷ്കരിക്കുവാന്‍ ശ്രമിക്കുന്ന പ്രവണതകളെ നാം മാനിക്കേണ്ടതായിട്ടുണ്ട്. ഭാവിയില്‍ ഇവിടെ കുറേക്കൂടി പ്രഫുല്ലമായ ഒരു സെന്‍സിബിലിറ്റി ഉണ്ടായാല്‍ത്തന്നെയും അത് ഇതിന്റെ തുടര്‍ച്ച മാത്രമായിരിക്കും.”(പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സഷ്ടി) മലയാളത്തില്‍ ഈ പുരോഗമനോന്മുഖതയോട് മുഖം തിരിക്കുക എന്നത് അസാധ്യമാക്കിത്തീര്‍ത്തതിനു പിന്നില്‍ , സൂക്ഷ്മതലങ്ങളില്‍ എന്തൊക്കെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പങ്ക് കുറച്ചേറെയുണ്ട്.
                        ആദര്‍ശ വൈകല്യത്താല്‍ ആചാരമാലിന്യത്താല്‍
                        ആകവേ ദുഷിച്ചുള്ള കേരള ലോകത്തിന്റെ
                        ജീവിത ഗതിതന്നെ വേറൊരു വഴികൊണ്ടു
                        പോകണമിനി നിങ്ങളാഹന്ത ഭഗീരഥര്‍
                        നിങ്ങളെപ്പോലെയുള്ള യുവാക്കളേറെക്കാലം
                        ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ
                        ഫലമായത്രേ മഹാദാസ്യത്തില്‍ കേണ റഷ്യാ
                        ധരണി വിശ്വോത്തര സ്വതന്ത്ര സുഭഗയായി
                        രചിപ്പിന്‍ വേഗം നിങ്ങളിവിലെ സ്സഖാക്കളേ
                        ശ്രവിക്കില്‍ രോമ ചീര്‍ക്കും താദൃശചരിത്രങ്ങള്‍ - എന്ന് സഹോദരന്‍ അയ്യപ്പന്‍ ദിശ ചൂണ്ടിക്കാണിച്ചതുമുതല്‍ ആ വഴിക്കുതന്നെയാണ് പുരോഗമനസാഹിത്യം സഞ്ചരിക്കുന്നത്. (തുടരും)
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1