#ദിനസരികള്‍ 347
ഫാറുക്
കോളേജ് വീണ്ടും വിവാദത്തിലേക്ക് വരുന്നു.ഇത്തവണ ബുദ്ധിശൂന്യനായ ഒരധ്യാപകന്റെ
അനാശാസ്യപ്രയോഗമാണ് ആ വിദ്യാലയത്തിനെ ഒരു മതപഠനശാലയെന്ന നിലയിലിലേക്ക് വലിച്ചു
താഴ്ത്തിയത്.വത്തക്ക കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതു പോലെ മുലകള്‍
കാട്ടിയാണ് പെണ്‍കുട്ടികളുടെ നടപ്പ് എന്നാണ് ഫാറൂക് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ഒരധ്യാപകന്‍ പ്രസംഗിച്ചത്.മതം വിദ്യാലയങ്ങളിലേക്ക് കടന്നെത്തുകയും
നിയന്ത്രണങ്ങളുടെ ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട്
ഏറെ നാളുകളായെങ്കിലും കാമ്പസുകളെ ഇത്രത്തോളം എത്തിപ്പിടിക്കാനും
കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുന്നത് ആദ്യമായിട്ടായിരിക്കും.ഹോളി ആഘോഷിച്ച
വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചും ഇതേ കോളേജില്‍ തന്നെയാണല്ലോ.മതാത്മകമായ ഒരു
ജീവിതത്തിന് കീഴടങ്ങിക്കൊണ്ട് നിരന്തരം നിയന്ത്രണങ്ങള്‍ വിധേയമായിക്കൊണ്ടേയിരിക്കുക
എന്ന അനുശാസനങ്ങളെത്തന്നെയാണ് വിവിധ രീതികളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
മതേതരതമായ ഒരു സമൂഹത്തിന്റെ അന്തസ്സിന് നിരക്കാത്ത വിധം
തരംതാഴ്ന്നുകഴിഞ്ഞിരിക്കുന്നു.
അധ്യാപകന്റെ
വത്തക്കാപ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയ വഴിയും മറ്റു
മാര്‍ഗ്ഗങ്ങളിലൂടെയും നടക്കുന്നത്. തങ്ങളുടെ മുലകളുടെ ചിത്രങ്ങള്‍
പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റുചെയ്ത് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശങ്ങളെ
പ്രഖ്യാപിച്ചവരുണ്ട്. നഗ്നമായ മാറിടത്തില്‍ മുലകളുടെ സ്ഥാനത്ത് വത്തക്ക വെച്ചു
കൊണ്ടാണ് മറ്റു ചിലര്‍ പ്രതികരിച്ചത്. ഇത്തരം പ്രതിഷേധങ്ങള്‍ അതിരു വിടുന്നുവോ
എന്ന് സംശയിച്ചവരുണ്ട്. മുലകള്‍ മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ദീര്‍ഘമായി
നടത്തിയ സമരങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് , അങ്ങനെ സമരം നടത്തി നേടിയ ഒന്നിനെ
ഇങ്ങനെ കൈയ്യൊഴിയരുത് എന്ന് ശഠിച്ചവരുണ്ട്.ഇത്തരം പ്രതിഷേധമാര്‍ഗ്ഗങ്ങള്‍
സമൂഹത്തിന്റെ സനാതനമായ സന്മാര്‍ഗ്ഗങ്ങളെ അവഹേളിക്കുന്നുവെന്ന്
സങ്കടപ്പെട്ടവരുണ്ട്.
സമരങ്ങള്‍
അവകാശത്തിന് വേണ്ടിയുള്ളതാണ്.വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന
ഏതൊന്നിനേയും എതിര്‍ക്കേണ്ടതുതന്നെയാണ്. ആ സ്വാതന്ത്ര്യത്തിനുമുകളില്‍
കൂച്ചുവിലങ്ങുകളിടുക എന്നത് ഒരു തരത്തിലും സ്വീകാര്യമായ സംഗതിയല്ല.അതുകൊണ്ട് ഒരു
കാലത്ത് മുലകള്‍ മറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെങ്കില്‍ ആ അവകാശത്തിനു
വേണ്ടി സമരം ചെയ്യുക തന്നെ വേണം. എന്നാല്‍ മുലകള്‍ കാണിക്കുന്നതിന്
അനുവാദമില്ലാത്ത ഒരു കാലത്ത് ആ അവകാശത്തിനു വേണ്ടിയാണ് സമരം ചെയ്യേണ്ടത്. മതപരമായ
അനുശാസനങ്ങളാല്‍ കെട്ടിയേല്പിക്കുന്നതും , സന്മാര്‍ഗ്ഗപ്രഘോഷണങ്ങളാല്‍ നിര്‍ബന്ധിതമാക്കപ്പെടുന്നതുമായ
മുഴുവന്‍ ചങ്ങലകളേയും പൊട്ടിച്ചെറിയുക തന്നെ വേണം. നമ്മുടെ സാമ്പ്രാദായികമായ
സങ്കല്പങ്ങളാല്‍ കെട്ടിയുയര്‍ത്തിയിരിക്കുന്ന അത്തരം കോട്ടകള്‍ക്കുള്ളില്‍
കെട്ടിയിടപ്പെടേണ്ടവരല്ല തങ്ങള്‍ എന്ന ബോധ്യം ജനതക്കുണ്ടാകുക തന്നെവേണം. ഫറുക്
കോളേജിലെ അധ്യപകന്റെ പ്രസംഗവും അതിനെതിരെയുയരുന്ന പ്രതിഷേധങ്ങള്‍ക്കും അത്തരമൊരു
നാളെയിലേക്കുള്ള കൈചൂണ്ടിയാകാനുള്ള അവസരമുണ്ടാകട്ടെ എന്നാശംസിക്കുക.
Comments