#ദിനസരികള്‍ 351


            പണ്ടത്തെ കഥയാണ്. പത്താംക്ലാസു പരീക്ഷ എഴുതിക്കഴിഞ്ഞയുടനെ സന്യാസിക്കണം എന്ന ഉദ്ദേശത്തോടെ വീടുവിടുവാന്‍ തീരുമാനിക്കുന്നു.അതിന്റെ മുന്നോടിയായി ഒരു ഭാരതപര്യടനം പ്ലാന്‍ ചെയ്തു. അത്തരമൊരു പര്യടനത്തിന്റെ പ്രചോദനം ഗുരു നിത്യചൈതന്യയതിയായിരുന്നു. അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും എഴുതിയത് വായിച്ചാണ് ഭാരതമൊട്ടാകെ നീണ്ടുനില്ക്കുന്ന ഒരു യാത്ര വിഭാവനം ചെയ്തത്. ആ ഉദ്ദേശത്തോടെ വയനാട്ടില്‍ നിന്ന് കോഴിക്കോട് ഇടക്കിടക്ക് പോകാറുള്ള ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി. അവിടെ എനിക്ക് പ്രിയപ്പെട്ട ബുദ്ധരൂപാനന്ദ എന്നൊരു സ്വാമിയുണ്ടായിരുന്നു. പുസ്തകക്കടയുടെ ചാര്‍ജ്ജ് അദ്ദേഹത്തിനായിരുന്നതുകൊണ്ട് ആ അടുപ്പം തുടരാന്‍ കഴിഞ്ഞു. പ്രശസ്ത എഴുത്തുകാരനായിരുന്ന സിദ്ധിനാഥാനന്ദസ്വാമിയായിരുന്നു ആ ആശ്രമത്തിലെ മറ്റൊരു ആകര്‍ഷണം.  ആശ്രമത്തില്‍ നിന്ന് വൈകിട്ടോടെ റയില്‍‌വേ സ്റ്റേഷനിലെത്തി തിരുവനന്തപുരത്തേക്ക് ഒരു ടിക്കറ്റെടുത്തു. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തി യാത്ര ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം.പകല്‍ രണ്ടോ മൂന്നോ മണിക്ക് കന്യാകുമാരിയിലെത്തി.വിശപ്പ് കത്തിക്കാളുന്നുണ്ട്. കാര്യമായ പണമൊന്നും കൈയ്യിലില്ല.എന്നു മാത്രവുമല്ല പണം കൈയ്യിലുണ്ടാകരുത് എന്നൊരു തീരുമാനം കൂടിയുണ്ടായിരുന്നു. തികച്ചും ദരിദ്രനായി ഇന്ത്യ ചുറ്റുക എന്നൊരു ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്.പണമോ വിലപിടിച്ച മറ്റെന്തെങ്കിലുമോ കൈയ്യിലുണ്ടെങ്കില്‍ യാത്രയുടെ ലാഘവത്വം അറിയാനോ അനുഭവിക്കാനോ കഴിയില്ല എന്നതൊരു സത്യമാണ്.കാറ്റു കടന്നുപോകുന്നതുപോലെ ഓരോ സ്ഥലങ്ങളേയും തൊട്ടുഴിഞ്ഞ് ഒന്നുമവശേഷിപ്പിക്കാതെ ഭാരമില്ലാത്തവനായി കടന്നുപോകണം.വിശന്നാല്‍ ഈ ലോകം മുഴുവന്‍ തന്റെ മുന്നിലേക്ക് ഭക്ഷണവുമായെത്തും എന്നതായിരുന്നു ചിന്ത. അതുകൊണ്ടുതന്നെ ഭക്ഷണത്തിനുവേണ്ടി ചില്ലിക്കാശുപോലും കൈയ്യില്‍ കരുതരുത് എന്ന തീരുമാനത്തില്‍ ഞാനുറച്ചു നിന്നു. ആ തീരുമാനത്തെക്കുറിച്ചും അതിനു വേണ്ടി സഹിക്കേണ്ടി വന്ന ക്ലേശങ്ങളെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കാന്‍ പോലും കഴിയില്ല.പിറ്റേ ദിവസം പുലര്‍ച്ചയോടെ വിവേകാനന്ദപ്പാറയിലെത്തി യാത്ര ആരംഭിക്കുമ്പോഴേക്കും കൈയ്യിലുള്ള ചില്ലറത്തുട്ടുകള്‍ കൂടി ചിലവഴിക്കണമെന്നുറപ്പിച്ചു.
            വിശപ്പ് അതിന്റെ വിശ്വരൂപം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ഒന്നുകില്‍ കൈയ്യിലുള്ള പൈസക്ക് ഇപ്പോള്‍ ഭക്ഷണം കഴിച്ച് രാത്രി പട്ടിണി കിടക്കണം. അല്ലെങ്കില്‍ ഈ വിശപ്പ് സഹിച്ച് രാത്രിയിലേക്ക് കാത്തുവെക്കണം.ഭക്ഷണം രാത്രി മതി എന്നുറപ്പിച്ചു.അടുത്ത കടയില്‍ കയറി ചൂടുവെള്ളം വാങ്ങിക്കുടിച്ചു. കുറച്ചു സമയം വെറുതെ ചുറ്റിനടന്നു. അപ്പോഴാണ് പെട്ടെന്ന് മനസ്സിലേക്ക് ജ്ഞാനാനന്ദസരസ്വതി എന്ന പേര് വന്നു വീണത്.ഗുരു നിത്യചൈതന്യ യതി എവിടെയോ പറഞ്ഞു പോയ ഒരു പേര് മനസ്സില്‍ കിടന്നതായിരുന്നു.അദ്ദേഹത്തിന്റെ ആശ്രമം ആനന്ദകുടീരം എന്ന പേരില്‍ കന്യാകുമാരിക്കടുത്ത് ഒരാശ്രമം നടത്തുന്നുണ്ട്.ഭാരതീയ തത്വചിന്തയില്‍ അഗാധമായ ജ്ഞാനമുള്ള അദ്ദേഹത്തിന്റെ ചില പുസ്തകങ്ങളുമായി എനിക്കും പരിചയമുണ്ടായിരുന്നു.ആശ്രമം അന്വേഷിച്ച് കണ്ടെത്തി അവിടെയെത്തുമ്പോള്‍ സ്വാമി സ്ഥലത്തുണ്ടായിരുന്നില്ല. സ്വീകരിച്ചത് ബേബി വിജയകുമാര്‍ എന്നു പേരുള്ള ഒരാളാണ്. അദ്ദേഹം നല്കിയ കാപ്പിയുടേയും പഴത്തിന്റേയും രുചി ഇന്നും നാവില്‍ തങ്ങി നില്ക്കുന്നു എന്നു പറയാന്‍ എനിക്ക് മടിയില്ല.
            ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. സ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് ഏറെയും സംസാരിച്ചത്. പൂര്‍വ്വാശ്രമത്തില്‍ ജ്ഞാനാനന്ദസരസ്വതി വിവാഹിതനായിരുന്നുവെന്ന വാര്‍ത്ത എനിക്ക് പുതുമയുള്ളതായിരുന്നു. അവിവാഹിതനും ബ്രഹ്മചാരിയുമായിരിക്കണം സന്യാസിമാര്‍ എന്ന സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തി വീണത് അന്നാണ്.ഏതായാലും സന്യാസത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ തീരുമാനിച്ച എന്നെ അദ്ദേഹം അഭിനന്ദിച്ചുവെങ്കിലും വഴിവക്കില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിക്കാനും മറന്നില്ല.പക്ഷേ വിവേകാനന്ദനാകാന്‍ തുനിഞ്ഞിറകിയ എനിക്കുണ്ടോ അതു കേട്ടിട്ട് വല്ല കുലുക്കവും? ആ മുന്നറിയിപ്പുകളെ അലക്ഷ്യമായി നേരിട്ടുകൊണ്ട് ഞാന്‍ യാത്ര പറഞ്ഞിറിങ്ങിയ സമയത്ത് അദ്ദേഹം എനിക്ക് ജ്ഞാനാനന്ദസരസ്വതിയുടെ ചില ചിത്രങ്ങളും വേദാന്ത വിജ്ഞാനം എന്ന പുസ്തകവും സമ്മാനിച്ചു. ചിത്രങ്ങള്‍ കൈമോശം വന്നുവെങ്കിലും പുസ്തകം ഇന്നും എന്നോടൊപ്പമുണ്ട്. ഭാരതീയ തത്വചിന്തയിലെ ഒട്ടധികം മേഖലകളെക്കുറിച്ച് അദ്ദേഹം ഈ പുസ്തകത്തില്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്ന ഈ പുസ്തകം ഇന്നും എനിക്ക് സഹായകമാണ്.

           
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1