#ദിനസരികള്‍ 353



            കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ദുഖവെള്ളി സന്ദേശം അതീവ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും നാഴികക്ക് നാല്പതുവട്ടം ജനാധിപത്യത്തിന്റേയും നിയമവാഴ്ചയുടേയും പ്രധാന്യത്തെപ്പറ്റി പ്രഘോഷിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ പ്രസ്തുത വിഷയത്തില്‍ വേണ്ടത്ര ഉള്‍ക്കാഴ്ചയോടെ പ്രതികരിച്ചുവോ എന്നത് സംശയമാണ്.എന്തുകൊണ്ടാണ് അത്തരമൊരു മൌനത്തിലേക്ക് അവര്‍ വഴിയൊഴിഞ്ഞത് എന്നതിനെക്കാള്‍ എങ്ങനെയാണ് ആലഞ്ചേരിയുടെ നിലപാട് അപകടകരമാകുന്നത് എന്ന് പരിശോധിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു.
            രാഷ്ട്രനീതിയേയും ദൈവനീതിയേയും തൂക്കി നോക്കുമ്പോള്‍ വിശ്വാസികള്‍ പ്രാമുഖ്യം നല്കേണ്ടത് ദൈവ നീതിക്കാണെന്ന പ്രസ്താവനയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ച് അസ്വാഭാവികമായി ഒന്നുമുണ്ടാവില്ലെന്നു മാത്രമല്ല , നല്ല വഴിയെ നടക്കാന്‍ കല്പിച്ച ദൈവത്തിന്റെ നിര്‍‌ദ്ദേശങ്ങളെ പിന്തുടരുന്നത് അവന് കൂടുതല്‍ ആശ്വാസപ്രദമായിരിക്കുകയും ചെയ്യും.എന്നാല്‍ അതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചുമാണ്. ആ നിയമവും വിശ്വാസവും പ്രവര്‍ത്തിക്കുന്നത് ഭൌതികമായ തലത്തില്‍ നിന്നുകൊണ്ടല്ല , ആധ്യാത്മികമായ ഒരുടമ്പടിയെ പിന്‍പറ്റിക്കൊണ്ടാണ്.എന്നു വെച്ചാല്‍ ദൈനന്ദിന ഭൌതിക വ്യവഹാരങ്ങളില്‍ രാഷ്ട്രനീതിക്കു പകരം ദൈവനീതിയെ പ്രതിഷ്ഠിച്ചെടുക്കുക എന്നു പറയുമ്പോള്‍ അത് അസാധ്യമാണെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്.വിശ്വാസി എന്നു പറയുമ്പോള്‍ കൃസ്ത്യാനി എന്നു മാത്രമാണ് ആലഞ്ചേരി ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു ബഹുമത സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു നിന്നുകൊണ്ട് സവിശേഷമായ ഒരു ചുറ്റുപാടിലേക്ക് ആ സമൂഹം ഉള്‍വലിയണം എന്നു കൂടി അര്‍ത്ഥമുണ്ട്.മതനവീകരണ പ്രസ്ഥാനങ്ങളുടെ കാലം മുതല്‍ നാം ആര്‍ജ്ജിച്ചുപോന്ന ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന ഒന്നായി ആ നിലപാട് മാറും. ഒരു പക്ഷേ അത്തരമൊരു സമൂഹത്തെയായിരിക്കണം ആലഞ്ചേരി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
            ആലഞ്ചേരിയുടെ പ്രസ്താവനയുടെ അര്‍ത്ഥാന്തരങ്ങള്‍ അവിടേയും നില്ക്കുന്നില്ല. ആരാണ് ദൈവനീതി നടപ്പിലാക്കുന്ന രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്നൊരു ചോദ്യം കൂടിയുണ്ട്.തീര്‍ച്ചയായും ഉത്തരം ആലഞ്ചേരി അടക്കമുള്ള പുരോഹിതപ്രഭൃതികളുടെ നേരെയാണ് വിരല്‍ ചൂണ്ടുക.ദൈവരാജ്യത്തിന്റേയും നീതിയുടേയും കാവല്‍ക്കാരനായിരിക്കുന്നത് ഒരു പറ്റം വിശ്വാസികള്‍ അവിശ്വാസത്തോടെ നോക്കുന്നവരാകുമ്പോള്‍ ദൈവ നീതി നടപ്പിലാക്കപ്പെടുന്നത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ആലഞ്ചേരി നടപ്പിലാക്കുന്നത് അദ്ദേഹത്തിന്റെ നീതിയായിരിക്കും ദൈവനീതിയായിരിക്കില്ല എന്നര്‍ത്ഥം.എന്നു വെച്ചാല്‍ പാപവിമോചനപ്പത്രത്തിന്റെയും തീക്കുണ്ഡത്തിലെറിഞ്ഞു ശിക്ഷിക്കലിന്റേയും കാലത്തേക്കുള്ള ഒരു സ്വാഗതഗാനമാണ് മാര്‍ ആലഞ്ചേരിയുടെ പ്രസ്താവന.
            മതസമൂഹങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും പറയുന്നതാണ് ആലഞ്ചേരിയും പറഞ്ഞിട്ടുള്ളു എന്നാശ്വസിക്കുക. മനുസ്മൃതി ഭരണഘടനയായി വരണം എന്ന് വാദിക്കുന്നവരും ഉദ്ദേശിക്കുന്നത് മറ്റൊന്നല്ല.അവിടെയൊന്നും ജനാധിപത്യപരമായ പ്രക്രിയകളെ പോഷിപ്പിക്കുന്ന, മനുഷ്യവംശം ദീര്‍ഘകാലമായി ആര്‍ജ്ജിച്ച സാമൂഹിക ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന നൈതികധാരണകളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട രാഷ്ട്രനീതികളെ ബഹുമാനിക്കുക എന്നതൊരു ശീലമാകുന്നില്ല.സ്വേച്ഛാനുസാരം വ്യഖ്യാനിക്കപ്പെടുന്ന ദൈവനീതികളെ പിന്‍പറ്റുന്ന സമൂഹങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ വെമ്പുന്നവരെ നാം കരുതിയിരിക്കുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം