#ദിനസരികള്‍ 1190 ചാനല്‍ ചര്‍ച്ച : വിട്ടുനില്ക്കലിന്റെ നനാര്‍ത്ഥങ്ങള്‍
ഏഷ്യാനെറ്റ് ചാനല്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഇനി
പങ്കെടുക്കേണ്ടതില്ലെന്ന സി പി ഐ എമ്മിന്റെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം
കൈക്കൊള്ളേണ്ടി വന്നതെന്ന ചോദ്യത്തിനുള്ള മറുപടി സി പി ഐ എം പുറത്തിറക്കിയ
പത്രക്കുറിപ്പിലുണ്ട് – “ചാനൽ ചർച്ചകൾ രാഷ്‌ട്രീയ
പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം
പ്രതിനിധികൾക്ക് വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ
വ്യക്തമാക്കാനും സമയം അനുവദിക്കാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ
ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം
പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.” തികച്ചും വസ്തുതാപരമാണ് ഈ നിലപാടെന്ന് ആ
ചാനലിലെ ചര്‍ച്ചകള്‍ കണ്ടു ശീലിച്ച മലയാളികള്‍ക്ക് അറിയാം. സി പി ഐ എമ്മിന്റേതായി
ഒരു പ്രതിനിധിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ളത്. ഇപ്പുറത്താകട്ടെ വാര്‍ത്താ
അവതാരകനടക്കം പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും സി പി ഐ എം വിരുദ്ധ
ചേരിയിലാണ്. അതായത് നാലുപേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെങ്കില്‍ മൂന്നുപേരും
അവതാരകനും ഒരേ പക്ഷത്താണ്. ചര്‍ച്ചകളിലെ സമയത്തേയും ക്രമപ്പെടുത്തിയിരിക്കുന്നത്
അതേ വിധത്തില്‍ തന്നെയാണ്. നാല്പതു മിനിട്ടാണ് ചര്‍ച്ചയ്ക്ക്
അനുവദിച്ചിരിക്കുന്നതെങ്കില്‍ സി പി ഐ എം വിരുദ്ധ നിലപാടു സ്വീകരിച്ചിരിക്കുന്ന
മൂന്നുപേര്‍ക്കും പത്തു മിനിട്ടു വെച്ചു ലഭിക്കുന്നു. അതായാത് നാല്പതു മിനുട്ടില്‍ വാര്‍ത്താ
സി പി ഐ എം പ്രതിനിധിക്കു വെറും പത്തു മിനിട്ടാണ് സമയം. പങ്കെടുക്കുന്നവരെ
തുല്യരായി പരിഗണിക്കുന്നുവെന്ന വ്യാജേനയാണ് ഈ അസമത്വം സൃഷ്ടിക്കുന്നത്.ഇനി അത് അംഗീകരിച്ചാല്‍
തന്നെ ആ പത്തുമിനിട്ടുപോലും കൃത്യമായി ഉപയോഗിക്കാന്‍ അവതാരകന്‍ അനുവദിക്കാറില്ല.
സി പി ഐ എം പ്രതിനിധി സംസാരിക്കുമ്പോള്‍ അയാള്‍ തലങ്ങും വിലങ്ങും ഇടപെടുന്നു.പത്രക്കുറിപ്പില്‍
ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട് :-“കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന
സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ
തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ
പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ
തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്‌ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ
ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി
പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും
മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്‌ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ
സാക്ഷിയാകുന്നു.”
ഇത്തരത്തിലൊരു
സാഹചര്യത്തിലാണ് തികച്ചും ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ്
ചാനലിലെ ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് സി പി ഐ
എം എത്തിച്ചേരുന്നത്.സാമാന്യ മര്യാദ പാലിക്കുന്ന മറ്റു ചാനലുകളില്‍
പങ്കെടുക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും പത്രക്കുറിപ്പ് അറിയിക്കുന്നു.
സി പി ഐ എം പോലെയുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു
തീരുമാനമെടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്നും
തിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നമ്മുടെ മാധ്യമങ്ങളോട്
ജനാധിപത്യ കേരളത്തിന് അഭ്യര്‍ത്ഥിക്കാനുള്ളത്. സത്യാനന്തര സമൂഹത്തില്‍ വാര്‍ത്താമാധ്യമങ്ങളുടെ
പ്രവര്‍ത്തനത്തെക്കുറിച്ച് നാം ഏറെ ചിന്തിച്ചിട്ടുള്ളതാണ്. വ്യാജസമ്മിതികള്‍ നിര്‍മ്മിച്ചെടുത്തുകൊണ്ട്
സ്വന്തം അജണ്ടകളെ പ്രചരിപ്പിക്കുകയും എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുകയും
ചെയ്യുന്ന ഒരു മാധ്യമ സംസ്കാരം അതിന്റെ പാരമ്യതയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇനിയും അതു സഹിച്ചു വിധേയരായി നിന്നു കൊടുക്കണമെന്നാണെങ്കില്‍ വലതുപൊതുബോധത്തിനെതിരെ
നവോത്ഥാന കാലംമുതല്‍ കേരളത്തിലെ ജനത നടത്തി വന്ന പോരാട്ടങ്ങളെക്കൂടി നാം വിസ്മരിക്കണം
എന്നാണര്‍ത്ഥം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ എത്ര ആത്മാര്‍ത്ഥമായിട്ടാണോ
നാം പോരാടിയത്, അതേ ആത്മാര്‍ത്ഥതയോടെ വലതുപക്ഷ മാധ്യമ കുപ്രചാരണങ്ങള്‍ക്കെതിരേയും
പോരാടാനുള്ള കടമ ഈ സമൂഹത്തില്‍ നിക്ഷിപ്തമാണ് എന്നു തിരിച്ചറിഞ്ഞതിന്റെ ഫലം
കൂടിയാണ് ഏഷ്യാനെറ്റിനോടുള്ള ഈ നിലപാട്.
മറ്റു മാധ്യമങ്ങള്‍ ഈ വിട്ടുനില്ക്കലില്‍ നിന്നും
എന്തെങ്കിലും പാഠങ്ങള്‍ പഠിച്ചാല്‍ നന്ന്.
മനോജ് പട്ടേട്ട് || 21 July 2020, 07.30 AM ||
Comments