#ദിനസരികള്‍ 1191 - രാമരാജ്യമെന്ന അസംബന്ധം
1990 ല്‍ ആനന്ദ് രാമരാജ്യം എന്ന പേരില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. പ്രസ്തുത ലേഖനത്തില്‍ ആരേയും ആകര്‍ഷിക്കുന്ന ഒരു പരാമര്‍ശമുണ്ട്. “സാഹചര്യങ്ങളും അവയില്‍ നിന്ന് ഉടലെടുത്ത പകയും വിദ്വേഷവും രൂപപ്പെടുത്തിയ ഒരു വലിയ സിനിക്കല്‍ വിഷമ കഥാപാത്രമാണ് പില്‍ക്കാലത്ത് പല ആവശ്യങ്ങള്‍ക്കുവേണ്ടി മര്യാദാപുരുഷോത്തമനും ആദര്‍ശപുരുഷനുമായി വിശേഷിപ്പിക്കാനിടയായ വാല്‍മീകിയുടെ യഥാര്‍ത്ഥ രാമന്‍. നാം രാമരാജ്യം എന്നു പുകഴ്ത്തുന്നതോ മുരടിച്ച ശാസ്ത്രങ്ങളോടും അധികാരത്തിന്റെ തത്വശാസ്ത്രത്തിനോടും അന്ധമായ വിധേയത്വം പുലര്‍ത്തിക്കൊണ്ട് ഈ കഥാനായകന്‍ സ്ഥാപിച്ച ദാക്ഷിണ്യവും മനുഷ്യത്വവുമില്ലാത്ത ഭരണത്തേയും”
രാമരാജ്യത്തെക്കുറിച്ച് പകിട്ടുള്ള നിറംകാച്ചലുകള്‍ നാം ധാരാളമായി കണ്ടിട്ടുണ്ട്.ഗാന്ധി അത്തരം ശ്രമങ്ങളെ കൂടുതല്‍ ജനകീയമാക്കുവാനായി യത്നിച്ച ഒരാളാണ്. ഒരു പക്ഷേ അദ്ദേഹം സൃഷ്ടിച്ചു വെച്ച ആ കളത്തില്‍ നിന്നായിരിക്കണം ഹിമാലയം തൊട്ടു കന്യാകുമാരിവരെയുള്ള ഭൂഭാഗങ്ങളെ സംരക്ഷിക്കാനും സംഹരിക്കാനും ശേഷിയുള്ള കുലദൈവമായി മാറിയ രാമന്റെ രാഷ്ട്രീയ സഞ്ചാരം തുടങ്ങുന്നതുതന്നെ.പിന്നീട് അദ്വാനി രഥമുരുട്ടാന്‍ തുടങ്ങിയതോടെ രാമന് ഏഴല്ല എഴുപതായി വര്‍ണങ്ങള്‍. കൈയ്യില്‍ വില്ലും ശരവുമേന്തി മുക്കിനു മുക്കിന് കാവല്‍ നില്ക്കുന്ന രക്ഷിക്കാനും ശിക്ഷിക്കാനും ശേഷിയും ശേമുഷിയുമുള്ള രൌദ്രരൂപിയായി രാമന്‍ മാറി.പിന്നീട് ഒരു പള്ളിയുടെ മൂന്നു താഴികക്കുടങ്ങള്‍ തച്ചുതകര്‍ക്കുകയും അതുവഴി രാമന്‍ വിശ്വവിജയിയായി അവരോധിക്കപ്പെടുകയും രാമരാജ്യത്തിന്റെ സംസ്ഥാപനം എന്ന ആശയം ആസേതുഹിമാചലം അലയടിക്കുകയും ചെയ്തു.ഈ രാമരാജ്യത്തെക്കുറിച്ച് ആനന്ദ് പറഞ്ഞതാണ് ഞാന്‍ മുകളിലുദ്ധരിച്ചത്.
ആനന്ദ് തുടരുന്നു- “ഒരു സഹോദരന്‍ മൂലം രാജ്യത്തുനിന്നും നിഷ്കാസിതനായവനായിരുന്നു രാമന്‍.ആ മുറിവ് ദേശാന്തര യാത്രയിത്രയും രാമന്റെ ഉള്ളില്‍ ഉണങ്ങാതെ കിടന്നു.അതുകൊണ്ട് സഹോദരന്മാരെ ഒന്നിച്ചു കാണുമ്പോഴൊക്കെ രാമന്റെ മനസ്സില്‍ നിന്ദയും പകയും ജ്വലിച്ചുവെങ്കില്‍ അത്ഭുതപ്പെടാനില്ല.സുഗ്രീവനെക്കൊണ്ട് ബാലിയോട് യുദ്ധം ചെയ്യിച്ചപ്പോഴും വിഭീഷണനെ രാവണനു നേരെ തിരിച്ചു വിട്ടപ്പോഴും തനിക്കു നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ളവരിലും കണ്ട് സമധാനിക്കുകയായിരുന്നു രാമന്‍.നാടിനെ മാത്രമല്ല സ്വന്തം പത്നിയെപ്പോലും ഉപേക്ഷിച്ച് കൂടെപോരുവാന്‍ തയ്യാറായ ലക്ഷ്മണന്റെ വ്യഥയിലും മറ്റേ സഹോദരനോടുള്ള പ്രതികാരം സാക്ഷാത്കരിച്ച് തൃപ്തിപ്പെടുകയാണ് രാമനെന്ന് തോന്നും” രാമനെ വിലയിരുത്തുന്നതില്‍ ഈ കാഴ്ചപ്പാടുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ആനന്ദ് പറയുന്നു. ഇത്തരത്തില്‍ പരസ്പരം വിഭജിച്ചും തമ്മില്‍ തല്ലിച്ചും രാമന്‍ നേടിയെടുത്ത വിജയങ്ങള്‍ ധര്‍മ്മാനുസാരിയായിരുന്നുവെന്ന വ്യഖ്യാനത്തിന് കീജെയ് വിളിക്കാന്‍ എക്കാലത്തും ആളുകളുണ്ടായിരുന്നുവെങ്കിലും രാമന്റെ ചെയ്തികളെ ചിലരെങ്കിലും സംശയത്തോടെ വീക്ഷിച്ചു പോന്നിരുന്നു. ഇരത്തിലുള്ള ഒരു രാമന്‍ സൃഷ്ടിക്കുന്ന രാജ്യം എത്രമാത്രം നീതിയുക്തമായിരിക്കുമെന്ന് അത്തരക്കാര്‍ തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ മന്ദിറുകളില്‍ തുടങ്ങി മന്ദിറുകളില്‍ അവസാനിക്കുന്ന നമ്മുടെ രാഷ്ട്രീയ ജീവിതത്തിന് ““തുല്യരായവർക്കിടയിൽ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ.” എന്ന മുഖമൊഴിയുടെ ആഴങ്ങളെ തൊട്ടറിയാനുള്ള ശേഷി ഇനിയും കൈവന്നിട്ടില്ലായെന്നതില്‍ നാം പരിതപിക്കുക. രാമനെ സമര്‍ത്ഥമായി എതിര്‍ക്കാനുള്ള കോപ്പുകള്‍ മന്ദിറിലല്ല , മണ്ഡലിലാണ് എന്ന ചിന്തിക്കാന്‍ പഠിക്കുന്ന ഒരു കാലത്തെ നാം കാത്തിരിക്കുക – അത്രമാത്രം.
മനോജ് പട്ടേട്ട് || 22 July 2020, 07.30 AM ||
Comments