#ദിനസരികള്‍ 1193 ശൂദ്രര്‍ ആരായിരുന്നു ? - 6
( ഡോക്ടര്‍ അംബേദ്കറിന്റെ Who
were Shudras
? എന്ന
കൃതിയിലൂടെ )
ഋഗ്വേദത്തിലെ
പത്താം മണ്ഡലത്തിലെ എഴുപത്തിരണ്ടാം മന്ത്രത്തില്‍ വിവരിക്കുന്ന പ്രപഞ്ചഘടന
ഇങ്ങനെയാണ്
1.
തങ്ങളെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍
പാടുമ്പോള്‍ ആരാധകരെ അനുകമ്പാപൂര്‍വ്വം അഭിവീക്ഷിക്കുന്ന ദേവതമാരുടെ പുതിയ
തലമുറയെക്കുറിച്ച് നമുക്ക് വാഴ്ത്തിപ്പാടാം.
2.
കൊല്ലന്‍ ഉലയൂതി വീര്‍പ്പിക്കുന്നതുപോലെ
ബ്രാഹ്മണസ്പതി ദൈവങ്ങളുടെ തലമുറയെ പൂര്‍ത്തീകരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്ന്
എല്ലാം ഉണ്ടായി വന്നു.
3.
അപ്രകാരം സത്തുണ്ടായതിനു ശേഷം
മുകളിലേക്ക് വളരുന്ന വൃക്ഷങ്ങളുണ്ടായി.
4.
വൃക്ഷങ്ങളില്‍ നിന്ന് ഭൂമിയും ,
ഭൂമിയില്‍ നിന്ന് ദിശകളുമുണ്ടായി.ദക്ഷനില്‍ നിന്നും അദിതിയും പിന്നീട്
അദിതിയില്‍ നിന്നും ദക്ഷനുമുണ്ടായിവന്നു.
5.
അങ്ങനെ ദക്ഷന്റെ പുത്രിയായി അദിതി
ജനിച്ചു. അതിനു ശേഷം ദേവതമാരുണ്ടായി. അവര്‍ മരണരഹിതരായ ആരാധ്യരായിരുന്നു.
6.
ദേവതമാരേ നിങ്ങള്‍ ഈ മനോഹരമായ
ജലരാശിയില്‍ മേളിച്ചപ്പോള്‍ വിമോഹനമായ രേണുക്കള്‍ ഒരു നൃത്ത സന്ദര്‍ഭത്തിലെന്നപോലെ
ആവിഷ്കൃതമായി.
7.
ആ പ്രസരണങ്ങള്‍കൊണ്ട് നിങ്ങള്‍
ലോകങ്ങളെ നിറച്ചപ്പോള്‍ മഹാസമുദ്രങ്ങളില്‍ നിന്നും സൂര്യന്‍ പുറപ്പെട്ടുപോന്നു.
8.
തന്റെ ശരീരത്തില്‍ നിന്നും ജനിച്ച
എട്ടുപുത്രന്മാരില്‍ ഏഴുപുത്രന്മാരുടെ അവള്‍ ദേവന്മാരെ സമീപിച്ചു. മാര്‍ത്താണ്ഡനെ
അവള്‍ ഉയരങ്ങളിലേക്ക് അയച്ചു.
9.
തന്റെ ഏഴുപുത്രന്മാരുമായി അദിതി പൂര്‍വ്വസൂരികളിലേക്ക് പോയി.എട്ടാമനായ മാര്‍ത്താണ്ഡനെ
ജനനത്തിനും മരണത്തിനും സാക്ഷിയാക്കി.
പ്രപഞ്ചഘടനയെക്കുറിച്ചുള്ള ഈ രണ്ടു സിദ്ധാന്തങ്ങള്‍ തമ്മില്‍
സൂക്ഷ്മാര്‍ത്ഥത്തിലും സ്ഥൂലാര്‍ത്ഥത്തിലും വ്യത്യാസങ്ങളുണ്ട്.ഒന്നുപറയുന്നത്
സൃഷ്ടിയുണ്ടായത് ഒന്നുമില്ലായ്മയില്‍ നിന്നാണ് എന്നാണ്. മറ്റേതാകട്ടെ
സൃഷ്ടിയുണ്ടായിത് പുരുഷനില്‍ നിന്നാണെന്നുമാണ്.ഒരു ഗ്രന്ഥത്തില്‍ രണ്ടു
തരത്തിലുള്ള വ്യത്യസ്തമായ പ്രപഞ്ചോല്പത്തി വിവരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് ? പുരുഷസൂക്തത്തിന്റെ
കര്‍ത്താവ് എന്തുകൊണ്ടാണ് അത്തരമൊരു നിലപാടു സ്വീകരിക്കുകയും എല്ലാം പുരുഷനില്‍ നിന്നുമുണ്ടായതാണ്
എന്നു വാദിക്കുകയും ചെയ്തത് ?
പുരുഷസൂക്തം വായിക്കുന്ന ഏതൊരാള്‍ക്കും അത് തുടങ്ങുന്നത് കഴുത
,കുതിര,ആട് മുതലായ മൃഗങ്ങളുടെ സൃഷ്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് , അല്ലാതെ
മനുഷ്യസൃഷ്ടിയെക്കുറിച്ചല്ല പറയുന്നത് എന്നു കാണാം.മനുഷ്യസൃഷ്ടിയെക്കുറിച്ച്
സ്വാഭാവികമായും പറയേണ്ടി വന്നപ്പോള്‍ അതുവരെ പറഞ്ഞു വന്ന ഒരു രീതിയെ
അവഗണിച്ചുകൊണ്ട് ഇന്‍ഡോ ആര്യന്‍ സമൂഹത്തിലെ വര്‍ണവ്യവസ്ഥയെക്കുറിച്ചാണ് പറയാന്‍
മുതിര്‍ന്നത്.വാസ്തവത്തില്‍ ഇതു പറയുക എന്നതാണ് പുരുഷസൂക്തത്തിന്റെ ആത്യന്തികമായ
ആവശ്യം എന്ന കാര്യം സ്പഷ്ടമാണ്. അങ്ങനെ ചെയ്യുന്നതിനാല്‍ മറ്റു
ദൈവചിന്തകളോടുമാത്രമല്ല ഋഗ്വേദത്തിലെ ഇതരഭാഗങ്ങളില്‍ പ്രതിപാദിക്കുന്ന
ആശയങ്ങളോടുപോലും നേര്‍വിപരീതമായ നിലപാടു സ്വീകരിക്കുന്നു.
മനോജ് പട്ടേട്ട് || 24 July 2020, 07.30 AM ||
Comments