#ദിനസരികള്‍ 1189 - ചില വാവുബലിച്ചിന്തകള്‍



            രാവിലെ മഴ കുറവുള്ളതുകൊണ്ട് നടക്കാനിറങ്ങിയതാണ്. അപ്പോഴാണ് കബനിയുടെ തീരത്തെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നാണ് ആദ്യം ചിന്തിച്ചുപോയത്. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ബലിയിടാന്‍ എത്തിയവരാണ്. തോര്‍ത്തുമുണ്ടുടുത്ത് പാതിയും നഗ്നരായ പുരുഷന്മാര്‍.അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. സാധാരണ തിരുനെല്ലിയില്‍‌ നടക്കേണ്ട പരിപാടിയാണ്. എന്നാല്‍ അവിടെ ബലിതര്‍പ്പണം അനുവദിക്കാത്തതുകൊണ്ട് ഇവിടം തിരഞ്ഞെടുത്തതാകാം. ഒഴുകുന്ന നീരില്‍ വേണം തര്‍പ്പണം എന്ന വിശ്വാസമായിരിക്കണം കബനിയായാലും മതി എന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. ഒരുപാടാളുകളുണ്ട്. ചിലര്‍ വെള്ളത്തില്‍ മുങ്ങുന്നുണ്ട്, മറ്റു ചിലര്‍ കൈകള്‍ കൂപ്പി നില്ക്കുന്നുണ്ട്, ഇനിയും ചിലര്‍ കരക്കിരുന്നു ബലികര്‍മ്മങ്ങള്‍ ചെയ്യുന്നു.ഒരു കുടുംബത്തിലെ ആളുകളാണ് എന്നൊന്നും തോന്നുന്നില്ല. മാസ്കൊന്നും ധരിച്ചതായും കാണുന്നുമില്ല.ഞാന്‍ കുറച്ചു നേരം അവരെത്തന്നെ നോക്കി നിന്നു.സത്യത്തില്‍ സങ്കടം തോന്നി. എന്തെങ്കിലും വിശ്വാസത്തിന്റെ പടുതയിലേക്ക് കയറി നിന്നാല്‍പ്പിന്നെ അതില്‍ നിന്നും രക്ഷപ്പെടുക അസാധ്യമാണെന്നു മാത്രമല്ല , ആ വിശ്വാസത്തെ ന്യായീകരിക്കാനുള്ള നിരവധി കാരണങ്ങള്‍ കണ്ടു പിടിച്ചുകൊണ്ടേയിരിക്കും. യുക്തിയൊന്നും അവിടെയൊരു ഘടകമേയല്ല.

          കൊവീഡിന്റെ അതിവ്യാപനത്തിന് കേരളം സാകഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു പിന്നാലെ ആളുകള്‍ പരക്കം പായുന്നതെന്നതുകൂടി നാം ഓര്‍ക്കുക. എങ്ങനെയാണ് നമുക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വിശ്വാസങ്ങളെ ഇല്ലാതാക്കാനാകുക? അടുത്ത തലമുറയെയെങ്കിലും നാം ഇതുപോലെയുള്ള വിശ്വാസങ്ങളെ പഠിപ്പിക്കാതിരിക്കണം.അവരെ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പരിശീലിപ്പിക്കണം. അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ അവരിലേക്ക് എത്തരുത്. അതല്ലെങ്കില്‍ ഇത്തരം ക്ഷുദ്രവിശ്വാസങ്ങളുടേതായ മറ്റൊരു തലമുറയെ സൃഷ്ടിക്കുകയായിരിക്കും ഫലം.  എന്നൊക്കെ എന്നു ചിന്തിച്ചുകൊണ്ട് ഞാന്‍ പതിയെ തിരിഞ്ഞു നടന്നു.

          വീട്ടിലെത്തിയപ്പോഴാണ് മറ്റൊരു തമാശ. അമ്മ പതിവിലും നേരത്തെ എഴുന്നേറ്റു കുളിച്ചിരിക്കുന്നു.എന്തു പറ്റിയമ്മേ എന്ന ചോദ്യത്തിന് ഇന്ന് കര്‍ക്കടകവാവല്ലേ , മരിച്ചുപോയ പിതൃക്കള്‍ക്ക് ദാഹനീര് കൊടുക്കേണ്ടേ  എന്ന മറുപടി വന്നതോടെ കാര്യങ്ങള്‍ വ്യക്തമായി. അച്ഛന്‍ മരിച്ചപ്പോള്‍ പോലും ബലിയിടാത്ത നിന്നോട് ഇതു പറഞ്ഞിട്ടെന്തുകാര്യം എന്ന ചാട്ടുളി കൂടിയായപ്പോള്‍ അമ്മയുടെ മുന്നില്‍ നിന്നും ഞാന്‍ പതിയെ പിന്തിരിഞ്ഞു.

          സ്വന്തം വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താനാകാത്ത ഞാനാണ് ഇനി നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ നടക്കുന്നത് എന്ന പുച്ഛരസം തൊണ്ടയില്‍ തികട്ടി നിന്നു. ദീര്‍ഘകാലംകൊണ്ട് ആഴത്തില്‍ വേരോടിയ ചില ഭാവനകളെ പിഴുതുമാറ്റുക എളുപ്പമല്ല.അതുകൊണ്ടുതന്നെ ഇത്തരം വിശ്വാസംപേറി നടക്കുന്നപ്രായമായവരോട് അധികം തര്‍ക്കിക്കാതിരിക്കുന്നതാണ് നല്ലത്. അതു ചിലപ്പോള്‍ സംഘര്‍ഷത്തിനു വഴിതുറക്കും. അടുത്ത തലമുറയിലേക്ക് - എന്റെ കുഞ്ഞിലേക്ക് - ഈ അന്ധവിശ്വാസം പകരാതെ നോക്കുക എന്ന കടമയാണ് ഇവിടെ ഏറ്റെടുക്കേണ്ടത്.

ഞാന്‍ ബലിയിട്ടിട്ട് അച്ഛന്റെ ദാഹം മാറില്ലെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് അറിയാം. അച്ഛനും അത്തരം വിശ്വാസങ്ങള്‍‌ക്കൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നയാളായിരുന്നില്ല.പക്ഷേ അമ്മയ്ക്ക് ഞാന്‍ പിതൃക്രിയകള്‍ ചെയ്യാത്തതില്‍ നല്ല വിഷമമുണ്ട്. അത് ഇടക്കിടയ്ക്ക് പറയുകയും ചെയ്യും. ഇവിടേയും ആവര്‍ത്തിച്ചുവെന്ന് മാത്രം. എന്തായാലും കേരളമെന്ന ഠവട്ടിലെ ഒരു ജനവിഭാഗം പിതൃക്കള്‍ക്ക് ദാഹജലം കൊടുക്കാന്‍ തുനിഞ്ഞിറങ്ങുന്നു, ലോകത്താകമാനം നാളിതുവരെ മരിച്ചു മണ്ണടിഞ്ഞു പോയ മറ്റുള്ളവരെല്ലാം ദാഹിച്ചു പരവശരായി ഉഴന്നു നടക്കുന്നു. നല്ല രസകരമായ സങ്കല്പം അല്ലേ ? ദയനീയം!
         
മനോജ് പട്ടേട്ട് || 20 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം