#ദിനസരികള്‍ 942 നിങ്ങളാണോ ആ കവി ?



ചില കവികള്‍ അങ്ങനെയാണ്. എപ്പോഴാണ് കടന്നു വരിക എന്നറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടും. ഇന്ന് പ്രഭാതത്തിന്റെ തണുപ്പിലേക്ക് കണ്ണു തുറന്നത് അത്തരത്തിലൊരു കവി വന്നു വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ്.അയാള്‍‌ ചോദിച്ചു
       പോവുകയാണല്ലോ ഞാന്‍
       നീ വരുന്നുണ്ടോ കൂടെ ?
         പോരുകിലൊരുമിച്ച് തുടങ്ങാം ഭിക്ഷാടനം
       ഒരുമിച്ചോരോ വീടും കയറാം
       ഓരോ നാടുമൊരുപോല്‍ കാണാം
       പോകും ഗ്രാമവീഥികള്‍ തോറും
       ഒരു പോല്‍ നിഴല്‍ പാകാം
       വെയിലില്‍ തണല്‍ പറ്റി
       മരുവാം, ദാഹം തീര്‍ക്കാം.
       പറയാം നിനക്കേറെ
       പൂര്‍വ്വ കാലത്തെ പ്രേമകഥകള്‍ - ഇയാളെ എനിക്കിഷ്ടമാണ്. അയാളുടെ കൂടെ നടക്കുക.അതുകൊണ്ട് ഞാനിറങ്ങി
       കാടോരം വഴികള്‍. കലപിലകള്‍ , കളകൂജനങ്ങള്‍. രസകരമായ ശബ്ദസാഗരങ്ങള്‍ ! അയാള്‍ മൂളുന്നത് ഞാന്‍ കേട്ടു
       ഞാനെന്തു പേരിടും ?
         കാട്ടിലെ കൂട്ടുകാര്‍‌ക്കെന്തു ഞാന്‍ പേരിടും ?
         കാണുന്നു കാണുന്നു കാണാത്ത വര്‍ണങ്ങള്‍
       കേള്‍ക്കുന്നു കേള്‍ക്കുന്നു കേള്‍ക്കാത്ത ശബ്ദങ്ങള്‍
       രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍
       മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍
       പൂര്‍ണ്ണവിരക്തമാം ധ്യാന ഖണ്ഡങ്ങള്‍ ,
സമ്പൂര്‍ണമാകാത്ത രതിപ്രകാണ്ഡങ്ങളും
ഞാനെന്തു പേരിടും ?
കാട്ടിലെ കുട്ടികള്‍‌ക്കെന്തു ഞാന്‍ പേരിടും ?
സുന്ദരം. കാടിനൊപ്പം കവിത. രാവിലെ കവിക്കൊപ്പം ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശ്ലാഘിച്ചു.എന്നാല്‍ അയാള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ലായിരുന്നു. പതിയെ പതിയെ മണ്ണില്‍ പതിയുന്ന കാലുകള്‍ ഒരിലയെപ്പോലും അസ്വാരസ്യപ്പെടുത്തരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുള്ളതുപോലെ. ഞാനും അയാളെപ്പോലെ ഭാരമില്ലാത്തവനായി.
                ഇക്കൊച്ചു മക്കളും പൂഴിയും പൂക്കളും 
                പച്ചിലക്കുമ്പിളും മേഘനിശ്വാസവും
                എന്റെയെന്നുള്ളോരലിവും അഗാധതത്തില്‍
                എന്റെയെന്നില്ലെന്ന നിര്‍‌വേദ ദീപ്തിയും – ആണ് അയാളെന്ന് നാം ചിന്തിച്ചു കൂട്ടി.    
       എന്നാല്‍ ഉലയൂതുന്ന ഒരു കൊല്ലന്‍ അതിതീവ്രമായി അയാളുടെ ഉള്ളില്‍ തിളച്ചു കിടന്നു.     
       ആദ്യം ആരും ശ്രദ്ധിച്ചില്ല
                എല്ലാവരുമുണരുന്നതിനു മുമ്പ് ഗ്രാമത്തിലെ കൊല്ലന്‍
                അവന്റെ ഉലയില്‍ തീയൂതി.
                ഉലയില്‍ തീ ചെമന്നു.
                ഉലയില്‍ കിടന്ന് ഇരുമ്പ് ചെമന്നു
                ഉലയില്‍ കിടന്ന് തീ പോലെ പകലും ചെമന്നു.
       ആരും ഒന്നും അറിഞ്ഞില്ല, ആരും. എല്ലാവരും കവിയുടെ ശാന്തമായ കണ്ണുകളില്‍ ഉറ്റുനോക്കി. ആഴങ്ങളില്‍ കരുണ തിളങ്ങി നില്ക്കുന്ന കണ്ണുകള്‍.
       ഇനി പറയൂ , നിങ്ങളാണോ ആ കവി ?
               
          

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1