#ദിനസരികള് 1301 - വയനാട് മെഡിക്കല്‍ കോളേജ് - ചില രസങ്ങള്‍
വയനാടിന് സ്വന്തമായി ഒരു
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കേരളത്തിന്റെ മുഖ്യമന്ത്രി
അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഫലമായി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി
ഉയര്‍ത്തുന്ന തീരുമാനം മന്ത്രിസഭ സ്വീകരിക്കുകയുണ്ടായി.അത് വയനാട്ടിലെ ജനങ്ങള്‍ക്ക്
ഏറെ ആഹ്ലാദം പകരുന്ന ഒരു പ്രഖ്യാപനമായിരുന്നു. ജില്ല രൂപപ്പെട്ട കാലത്തോളംതന്നെ
പഴക്കമുള്ള ഒരാവശ്യം സാധിച്ചു കിട്ടിയതിന്റെ ആഹ്ലാദം നാലുപേര്‍
കൂടുന്നിടത്തൊക്കെയും പങ്കുവെയ്ക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ
വാക്കുകളിലും പ്രവര്‍ത്തിയിലും അവിശ്വാസമില്ലാത്തതില്‍ ഈ തീരുമാനം
നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും എന്നൊരു ശുഭപ്രതീക്ഷ ആ പങ്കുവെയ്ക്കലില്‍
തിളങ്ങി നിന്നു. ഉപയോഗപ്രദമല്ലാത്ത ഒരു സ്ഥലത്ത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്
തറക്കല്ലിട്ട് ജനതയെ വിഡ്ഢികളാക്കിയ ഒരു അനുഭവം കൂടി അവര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നു.
തീരുമാനത്തിന് പിന്നില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്ന
രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആക്ഷേപവുമായി വിവിധ കക്ഷികള്‍ രംഗത്തിറങ്ങാനും അധികം
താമസിച്ചില്ല. പ്രഖ്യാപനം വയനാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ഇലക്ഷന്‍
സ്റ്റണ്ട് മാത്രമാണെന്നായിരുന്നു ആ കക്ഷികളുടെ വാദം. മെഡിക്കല്‍ കോളേജ് ഇക്കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലം ഭരിച്ചിട്ടും നടപ്പിലാക്കാത്തതും ഇലക്ഷന്‍ പടിവാതില്‍ക്കലെത്തി
നില്ക്കുമ്പോള്‍ പ്രഖ്യാപനമുണ്ടായതുമൊക്കെ ഇടതുമുന്നണിയുടെ
കുതന്ത്രങ്ങളാണെന്ന് കോണ്‍ഗ്രസിലേയും ബി ജെ പിയിലേയും കുട്ടിനേതക്കാള്‍ മുതല്‍
വല്യ നേതാക്കള്‍ വരെ പാടി നടന്നു. മുഖ്യമന്ത്രി താല്കാലികമായി ജില്ലാ ആശുപത്രിയെ
മെഡിക്കല്‍ കോളേജായി ഉയര്‍ത്തി എന്നു പറഞ്ഞതിലെ "താല്ക്കാലികം " എന്ന
വാക്കുപിടിച്ചും വ്യാഖ്യാനങ്ങളുണ്ടായി.
എന്നാല്‍ സംഭവത്തിന്റെ ഗതി മാറുന്നത് ഇന്ന് മെഡിക്കല്‍
കോളേജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സംഘാടക സമിതിയിലാണ്. ഇന്നലെവരെ
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് ആക്ഷേപിച്ച വിവിധ പ്രതിപക്ഷ കക്ഷികളുടെ
പ്രതിനിധികള്‍ എന്നാല്‍ ആ വാദങ്ങളെല്ലാം മറന്നുകൊണ്ട് മെഡിക്കല്‍ കോളേജ് കൊണ്ടുവരാനുള്ള
ശ്രമത്തിനു പിന്നില്‍ തങ്ങളാണെന്ന് വാദിക്കുന്ന രസകരമായ കാഴ്ചകള്‍ വയനാട്ടുകാര്‍
കണ്ടു. പ്രധാനമന്ത്രി വയനാട്ടിലെ ജനങ്ങള്‍ക്ക് അറിഞ്ഞു നല്കിയ വരദാനമായിട്ടാണ് ബി
ജെ പിയുടെ വക്താവ് മെഡിക്കല്‍ കോളേജിനെ വിശേഷിപ്പിച്ചത്. മെഡിക്കല്‍ കോളേജിനു
രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ വയനാട്ടുകാര്‍ എന്നെന്നും നന്ദിപൂര്‍വ്വം
അനുസ്മരിക്കുമന്നാണ് കോണ്‍ഗ്രസിന്റെ നേതാക്കാളുടെ വാദം. അങ്ങനെ ഓരോരുത്തരും അവരവര്‍ക്ക്
കഴിയാവുന്ന വിധത്തില്‍ മെഡിക്കല്‍ കോളേജ് നിലവില്‍ വന്നതിന്റെ ക്രഡിറ്റ്
കൈവശത്താക്കുവാനുള്ള ഭഗീരഥ പ്രയത്നത്തിലേര്‍പ്പെടുന്നതിന്റെ നേര്‍ച്ചിത്രമാണ്
സംഘാടകമ സമിതി രൂപീകരണത്തില്‍ കണ്ടത്
എന്നാല്‍ പതിനാലാം തീയതി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍
വെച്ച് നടക്കുന്ന മെഡിക്കല്‍ കോളേജിന്റെ
ഉദ്ഘാടനച്ചടങ്ങ് അതിഗംഭീരമാക്കുവാനുള്ള കഠിനപ്രയത്നത്തിലാണ് ഇന്നാട്ടിലെ
സാധാരണക്കാരായ ജനത.
മനോജ്
പട്ടേട്ട്
12-02-2021
Comments