#ദിനസരികള് 1298 ഷെരീഫിന്റെ ചിത്രമുയര്‍ത്തുന്ന ചിന്തകള്‍
കെ . ഷെരീഫിന്റെ ഒരു
ചിത്രമുണ്ട്. ദൂരെ ചക്രവാളത്തോട് ഒട്ടി ഇന്ത്യയുടെ ദേശീയ പതാക. തരിവെളിച്ചം വീണു
കിടക്കുന്ന വര്‍ത്തുളാകാരത്തില്‍ ഒരു ഭുപ്രദേശം. ചുറ്റും കട്ടപിടിച്ച്
ഇരമ്പിനില്ക്കുന്ന ഇരുട്ട്. ആ ഇരുട്ടില്‍ തിളങ്ങി , തുളഞ്ഞു കയറുവാന്‍ വെമ്പിനില്‍ക്കുന്ന
മൂര്‍ച്ഛകള്‍. ഫലത്തില്‍ രാജ്യത്തിന്റെ അന്തസ്സത്തയെന്താണോ അതിനെ ബന്തവസ്സാക്കി
നിറുത്തിയിരിക്കുന്ന അധികാരത്തിന്റെ അമിതവിന്യാസം. കര്‍ഷക സമരത്തിന്റെ ചൂളയില്‍ പൊരിഞ്ഞ
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം വ്യാഖ്യാനങ്ങള്‍ക്ക്
അപ്പുറമുള്ള മുഴക്കങ്ങളെ സൃഷ്ടിക്കുന്നു. ഈ
മഹാരാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെന്തൊക്കെ യാണെന്നാണോ നാം കരുതുന്നത്
അതിനെയെല്ലാം ദേശീയ പതാക പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ചുറ്റും
പരന്നിരിക്കുന്ന കൊടിയ ഇരുട്ടിലെ ഇത്തിരി വെട്ടത്തില്‍ ഒരു രാജ്യവും അതിന്റെ
മൂല്യങ്ങളും തടങ്കലിലാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഷെരീഫ് കൈചൂണ്ടുന്നത്.
'തടങ്കലാക്കപ്പെട്ടിരിക്കുന്ന
രാജ്യം' എന്ന
പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടപ്പിലായിക്കഴിഞ്ഞിരിക്കുന്ന ഒരു ദശാസന്ധിയിലൂടെയാണ്
നാം കടന്നു പോകുന്നതെന്ന് സുവ്യക്തമാണല്ലോ. രാജ്യത്തിന്റെ രണ്ടാം പിളര്‍പ്പ് എന്ന്
വിശേഷിപ്പിക്കപ്പെടുന്ന തൊള്ളായിരത്തിരണ്ട് ഡിസംബര്‍ ആറിനു ശേഷം പതിയെപ്പതിയെ
രാജ്യത്താകമാനം വളര്‍ന്നു തുടങ്ങിയ ഫാസിസ്റ്റ് കക്ഷികള്‍ രണ്ടായിരത്തി
ഇരുപത്തിനാലിലേക്ക് എത്തുമ്പോഴേക്കും ഈ മതേതര ജനാധിപത്യരാജ്യത്തെ ഒരു മതാധിഷ്ഠിത
ഹൈന്ദവ രാജ്യമാക്കി മാറ്റുവാനുള്ള അജണ്ടകളിലാണ് ഇപ്പോള്‍ മുഴുകിയിരിക്കുന്നതെന്നത്
സംശയരഹിതമായ വസ്തുതയാണല്ലോ. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരെ ഉയരുന്നത് എത്ര ചെറിയ
തരത്തിലുള്ള പ്രതിരോധമാണെങ്കിലും അവര്‍ അസ്വസ്ഥരാകുന്നു. എന്തു വിലകൊടുത്തും
തങ്ങളുടെ വരുതിക്ക് വരുത്താനും അല്ലെങ്കില്‍ അടിച്ചമര്‍ത്തി ഒഴിവാക്കിയെടുക്കാനും
അവര്‍ക്കു കഴിയുന്നു.
ജയിലിൽ അടച്ച ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത് ഷായെത്തന്നെ പ്രതിസ്ഥാനത്ത് നിറുത്തിയ ജസ്റ്റീസ് ലോയ വധവുമൊക്കെ
അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളില്‍ ചിലതുമാത്രം.
പൌരത്വഭേദഗതിബില്ലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍
മുസ്ലീംമതത്തെ പ്രതിസ്ഥാനത്തു നിറുത്തി ദേശീയതയെ കൂട്ടുപിടിച്ച് അട്ടിമറിച്ചിട്ട്
അധികം കാലമായിട്ടില്ല. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് കാശ്മീരിന്റെ അവകാശങ്ങളെ
തട്ടിയകറ്റിയതും നാം കണ്ടു. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെ ചോരയില്‍ മുക്കിത്താഴ്ത്താനുള്ള
ശ്രമങ്ങള്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ നാം നേരിട്ടു കണ്ടത്താണ്.
ഖലിസ്ഥാന്‍ വാദികളെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം
ചെയ്യുന്നവരുമെന്നുമൊക്കെ വിശേഷിപ്പിച്ച് കര്‍ഷകമുന്നേറ്റത്തില്‍ വിള്ളലുകളുണ്ടാക്കി
സമരത്തെ അവസാനിപ്പിച്ചെടുക്കാനുള്ള നിഗൂഢതന്ത്രവും പയറ്റപ്പെടുന്നത് നാം കണ്ടു.
എന്നാല്‍ രണ്ടുമാസത്തിലധികമായി നടക്കുന്ന കര്‍ഷകസമരത്തെ അട്ടിമറിക്കാന്‍ ഇതുവരെ
അക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനിയെന്താണ് ഈ സമരത്തെ അവസാനിപ്പിക്കുവാന്‍
കേന്ദ്രം ഭരിക്കുന്നവര്‍ രംഗത്തിറക്കുക എന്ന ആശങ്ക നിറഞ്ഞ ഒരു ചോദ്യം ഓരോ
ഭാരതീയന്റേയും ചുണ്ടുകളിലുണ്ട്.
ഷെരീഫിന്റെ ചിത്രം ഞാന്‍ മുകളില്‍ പ്രകടിപ്പിച്ച
എല്ലാ ആശങ്കകളുടേയും ആകെത്തുകയാണ്, അതിനപ്പുറവുമാണ്.
മനോജ്
പട്ടേട്ട്
09-02-2021
Comments