#ദിനസരികള് 1302 കര്‍ഷക സമരം -നാം മറക്കരുത്

 

            കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും പ്രധാനപ്പെട്ട ഇടങ്ങളില്‍ നിന്നും  പതിയെപ്പതിയെ പിന്‍വലിയ്ക്കപ്പെടുന്നുണ്ടോ? ആ സമരത്തിന്റെ പ്രാധാന്യം കുറയ്ക്കാനും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെടുക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ പരിശ്രമങ്ങള്‍ക്ക് വശംവദരായി ഉള്‍‌പ്പേജുകളിലെ കലപിലകള്‍ക്കിടയിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ മാധ്യമങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കര്‍ഷക സമരത്തെ അവഗണിക്കുവാനുമുള്ള ശ്രമം നടത്തുന്നുണ്ടോ ? എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തെ തമസ്കരിച്ച് അവസാനിപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും കൂടി പങ്കാളികളാകുന്നുവെന്നതാണ് വസ്തുത.

            രാജ്യത്തെ കൂടുതല്‍ക്കൂടുതല്‍ വിഭജിച്ച് നിറുത്തി തമ്മിലടിപ്പിച്ച് അധികാരത്തില്‍ പിടിച്ചു നില്ക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതിനു വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം കൊണ്ടുവന്നത്.  കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി നിയമം പാസാക്കിയെടുത്തതും അതേ തന്ത്രത്തിന്റെ ഭാഗം തന്നെയായിരുന്നു. രണ്ടു നിയമങ്ങള്‍ക്കുമെതിരെ ജനത അതിശക്തമായ പ്രതിരോധമായിരുന്നു തീര്‍ത്തത്. എന്നാല്‍ ആ പ്രതിഷേധസമരങ്ങളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ മുസ്ലിംവിഭാഗത്തിനെതിരെയുള്ള വികാരത്തെ സമര്‍ത്ഥമായി വിനിയോഗിച്ചു. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും ഒറ്റപ്പെടുത്തിയും കേന്ദ്രസര്‍ക്കാറും അനുബന്ധ ഏജന്‍സികളും ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രസ്തുത സമരങ്ങളെ വലിയ ബദ്ധപ്പാടുകളൊന്നുംകൂടാതെ അവസാനിപ്പിച്ചെടുത്തു. ശഹീന്‍ബാദുപോലെ അവസാനനിമിഷം വരെ പിടിച്ചു നിന്ന ചിലയിടങ്ങളോട് അവര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് നാം കണ്ടതാണ്. സ്വന്തം അനുയായികളെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടും നിരപരാധികളെ കൂട്ടക്കുരുതി നടത്തിയും അവര്‍ പ്രതിഷേധസമരക്കാരുടെ നെഞ്ചത്ത് കര്‍‌സേവ നടത്തുന്നതും നാം പകപ്പോടെ നോക്കി നിന്നു

            പിന്നീട് രാജ്യം കാണുന്നത് സാധാരണക്കാരായ കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന അസാധാരണമായ ജനകീയ മുന്നേറ്റത്തെയാണ്. തങ്ങളെ കോര്‍പ്പറേറ്റുകള്‍ ക്ക് തീറെഴുതിക്കൊടുക്കുന്ന കാര്‍ഷിക ബില്‍ നടപ്പിലാക്കാന്‍ അനുവദിക്കുകയില്ല എന്നതായിരുന്നു ആ സമരത്തിന്റെ കാതല്‍. കുത്തകകള്‍ക്ക് കര്‍ഷകരേയും അവരുടെ അധ്വാനത്തിന്റെ ഫലങ്ങളേയും കൊള്ളയടിക്കാനുള്ള അനുവാദമാണ് കേന്ദ്രസര്‍ക്കാര്‍‌ പാസ്സാക്കിയെടുത്ത നിയമങ്ങളിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരിഞ്ചുപോലും പിന്നോട്ടുപോകാനാകാത്ത അവസ്ഥയുമാണ്. ഇനിയും അവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ സാധിക്കാതെ പിന്മാറിയില്‍ , ആ പിന്മാറ്റം മരണത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന് അവര്‍ക്ക് നന്നായിട്ട് അറിയാം. പാര്‍ലമെന്റില്‍ പോലും ചര്‍‌ച്ച നടത്താതെ എകപക്ഷീയമായി സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന ഈ നിയമം സര്‍ക്കാറിന്റെ പിടിവാശിയുടേയും ദുരഭിമാനത്തിന്റേയും ഫലമാണ്. അതുകൊണ്ട് ഈ നിയമത്തെ പരാജയപ്പെടുത്തേണ്ടത് ഓരോ പൌരന്റേയും കര്‍ത്തവ്യമാണ്.

            അതുകൊണ്ട് നഷ്ടപ്പെടാന്‍ ധാരാളമുള്ള മാധ്യമങ്ങള്‍ കണ്ണടച്ചാലും നാം ഓരോരുത്തരും നമുക്കു കഴിയാവുന്ന ഇടങ്ങളില്‍ കര്‍ഷക സമരങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ വേണം.ആ തീ അണയാതെ കാത്തു സംരക്ഷിക്കേണ്ടത് ഈ നാടിന്റെ അവസാന പ്രതീക്ഷയാണെന്ന ഓര്‍മ്മയോടെ.

 


മനോജ് പട്ടേട്ട്

13-02-2021




           

           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം