#ദിനസരികള് 1300 ഒരു സമരാഭാസത്തിന്റെ കഥ

 

പല തരത്തിലുള്ള സമരാഭാസങ്ങളേയും കേരളം കണ്ടിട്ടുണ്ട്. ഈക്കഴിഞ്ഞ ദിവസവും പി എസ് സി പരീക്ഷ പോലും നാളിതുവരെ എഴുതിയിട്ടില്ലാത്ത ഒരു കോണ്‍‌ഗ്രസ് പ്രവര്‍ത്തകന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന റാങ്ക് ഹോള്‍‌ഡേഴ്സിന്റേത് എന്ന് പറയപ്പെടുന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് തലവഴി മണ്ണെണ്ണയൊഴിച്ച് തീകത്തിച്ച് സര്‍ക്കാറിനെതിരെയുള്ള സമരത്തെ ഒന്ന് ആളിക്കത്തിക്കാന്‍ ശ്രമിച്ചത് നാം കണ്ടു. വാര്‍ത്താമാധ്യമങ്ങള്‍ക്കു വേണ്ടി വികാരാധീനരായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് തകര്‍ത്തഭിനയിച്ച നായികമാരേയും നാം കണ്ടു. അങ്ങനെ എത്രയെത്ര സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഈ നാട്ടില്‍ നടത്തപ്പെട്ടിരിക്കുന്നു! അത്തരത്തിലൊരു രസകരമായ സമരത്തെക്കുറിച്ചാണ് ഇനി പറയുന്നത്.

            കാലം 1957. മുഖ്യമന്ത്രി സഖാവ് ഇ എം സ്. കടത്തുകൂലി ഒരണയില്‍ നിന്നും പത്തുപൈസയായി കൂട്ടിയതില്‍ പ്രതീക്ഷിച്ച് വയലാര്‍ രവിയുടേയും എ കെ ആന്റണിയുടേയും നേതൃത്വത്തില്‍ നടന്ന ഒരണസമരത്തില്‍ വിദ്യാര്‍ത്ഥികളുടെ പല ആവശ്യങ്ങളേയും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഊക്കിലിരിക്കുമ്പോഴാണ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ല് അവതരിപ്പിക്കപ്പെടുന്നത്. മതന്യൂനപക്ഷങ്ങള്‍ ഭരണഘടനാപരമായി ലഭിച്ച അവകാശത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കവര്‍‌ന്നെടുക്കുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബില്ലിന്റെ അവതരണത്തോടെ ശക്തിപ്പെട്ടു. ഒരു സമവായമുണ്ടാക്കി ബില്ല് അവതരിപ്പിക്കുവാന്‍ മുണ്ടശേരി ശ്രദ്ധിച്ചിരുന്നുവെങ്കിലും നിയമസഭയില്‍ അവതരിപ്പിക്കുന്ന ഘട്ടമായപ്പോഴേക്കും തുടക്കത്തില്‍ അനുകൂലിച്ച പലരും ബില്ലിനെ എതിര്‍ക്കാന്‍ കോപ്പുകൂട്ടിയിറങ്ങി. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി ബില്ല് സബ്ജക്ട് കമ്മറ്റിക്ക് വിടാന്‍ തീരുമാനിച്ചു. കമ്മറ്റിയാകട്ടെ ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും തെളിവെടുപ്പിനുമായി കോട്ടയത്ത് ഒരു യോഗം വിളിക്കുവാനാണ് തീരുമാനിച്ചത്. യോഗത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാനും കമ്മറ്റിക്കാരെക്കൊണ്ട് വിദ്യാഭ്യാസ ബില്ലിനെതിരെ റിപ്പോര്‍ട്ട് കൊടുപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വത്വം കച്ചകെട്ടിയിറങ്ങി. പി ടി ചാക്കോയായിരുന്നു പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.അദ്ദേഹം തന്റെ സംഘാടനശക്തി സമസ്തവുമുപയോഗിച്ചുകൊണ്ട് ധാരാളം ആളുകളെ തെളിവെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു. ആ ജനശക്തിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്ന ശുഭപ്രതീക്ഷയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. സമരക്കാര്‍‌ വന്നിരിക്കുന്നത്  വിദ്യാഭ്യാസബില്ലിലെ വ്യവസ്ഥകള്‍ വായിച്ച് മനസ്സിലാക്കിയിട്ടാണെന്നും ഒരുകാരണവശാലും ബില്ല് പാസ്സാക്കിയെടുക്കാന്‍ അനുവദിക്കുകയില്ലെന്നും പി ടി ചാക്കോ കമ്മറ്റിയെ ധരിപ്പിച്ചു.

            പ്രതിഷേധക്കാരുടെ എണ്ണം സബ്ജക്ട് കമ്മറ്റി കാണാതിരുന്നില്ല. അവരും അങ്കലാപ്പിലായി. സമരക്കാരെ എങ്ങനെ നേരിടണമെന്ന ആലോചനയായി. അവസാനം ഒരു വഴി കണ്ടെത്തി. ബില്ലിനെതിരെ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു പ്രസ്താവന വായിച്ചു മനസ്സിലാക്കി അതിന്റെയടിയില്‍ ഓരോരുത്തരായി വന്ന് പേരെഴുതി ഒപ്പിടണമെന്ന ഒരു നിര്‍ദ്ദേശം സബ്ജക്ട് കമ്മറ്റി മുന്നോട്ടു വെച്ചു.

            പിന്നീട് നടന്നത് തികച്ചും രസകരമായ ഒരു സംഭവമായിരുന്നു. അവിടെ കൂടിയിരുന്ന ജനസഞ്ചയം ഏതാനും മിനുട്ടുകള്‍‌കൊണ്ട് ശുഷ്കിച്ച് ഇല്ലാതായി. കാരണം അവരില്‍ ആര്‍ക്കും തന്നെ എഴുത്തും വായനയും അറിയില്ല എന്നാതായിരുന്നു. അവസാനം അവശേഷിച്ചതാകട്ടെ സഭയുടെ വക്താക്കളും ചില അധ്യാപകരും മാത്രമായിരുന്നു.സബ്ജക്ട് കമ്മറ്റി നിയമത്തിന് അനുകൂലമായി റിപ്പോര്‍ട്ടു കൊടുത്തു. പിന്നീട് സുപ്രിംകോടതിയുടെ തന്നെ അവലോകനത്തിന് വിധേയമായ ശേഷം നിയമമായി മാറുകയും കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ മുലക്കല്ലാകുകയും ചെയ്തു.

            മതത്തിനെ ഇല്ലാതാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാറും ശ്രമിക്കുന്നു എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. അക്ഷരാഭ്യാസമില്ലാത്ത പാവപ്പെട്ട ആളുകളെ അങ്ങനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പി ടി ചാക്കോയും കൂട്ടരും സമരത്തിനെത്തിച്ചത്. ആ നിലവാരത്തില്‍ നിന്നും ഇന്നും കേരളത്തിലെ വലതുപക്ഷ പാര്‍ട്ടികള്‍ കരകയറിയിട്ടില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന സമരാഭാസങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്

 

 


മനോജ് പട്ടേട്ട്

11-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1