#ദിനസരികള് 1299 - കണികം
കുറച്ചു നാള്‍ മുമ്പത്തെ
കഥയാണ്. ഒരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം നല്ല പരിഭ്രാന്തിയിലായിരുന്നു.
താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു. ലോകത്ത്
തനിക്കു മാത്രമേ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു എന്ന
ഭാവത്തിലായിരുന്നു ആ സംസാരമെല്ലാം തന്നെ. ഇനി എന്തു ചെയ്യും എന്തു ചെയ്യും എന്ന്
ഇടക്കിടെ അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ അയാള്‍ക്കു പറയാനുള്ളതെല്ലാം
ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും ഇടയില്‍ കയറി സംസാരിക്കാനോ
അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന വിധത്തില്‍
എന്തെങ്കിലും പറയാനോ ഞാന്‍ ഒരുമ്പെട്ടില്ല. ഒരു പത്തിരുപത് മിനുട്ട് സമയം ആ
ആവലാതികളാകെ ഞാന്‍ കേട്ടിരുന്നു. അപ്പോഴേക്കും തനിക്ക് പറയാനുള്ളതെല്ലാം ഏകദേശം
അദ്ദേഹം പറഞ്ഞു തീര്‍ത്തിരുന്നു. ഏറെ കഴിയുന്നതിനു മുമ്പേ തുടക്കത്തിലുണ്ടായിരുന്ന
അദ്ദേഹത്തിന്റെ സംസാരത്തിന്റെ വേഗതയും പരിഭ്രാന്തിയും കുറഞ്ഞു വന്നു. അവസാനം അതൊരു
മൌനത്തിലേക്ക് കടന്നു. പക്ഷേ അപ്പോഴും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് ശരീരഭാഷ
വെളിപ്പെടുത്തിക്കൊണ്ടിരുന്നു.
അദ്ദേഹം ഒട്ടൊന്ന് ശാന്തനായപ്പോള്‍ ഞാന്‍ സംസാരിച്ചു.
പ്രശ്നങ്ങളെ നിസ്സാരമാക്കി അവഗണിച്ച് അവതരിപ്പിക്കുകയല്ല ഞാന്‍ ചെയ്തത്, മറിച്ച്
അത് പ്രശ്നങ്ങള്‍ തന്നെയാണെന്നും എന്നാല്‍ അവ പരിഹരിക്കാന്‍ കഴിയാവുന്നതാണെന്നും
അതിന് ചില വഴികളുണ്ടെന്നും ഞാന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ചര്‍ച്ച തുടരവേ
ഇതൊരു അപരിഹാര്യമായ പ്രശ്നമാണെന്ന ചിന്തയില്‍ നിന്നും അദ്ദേഹം മോചിതനായി.
ഞാന്‍ പതിയെ കടന്നാക്രമണം തുടങ്ങി :-
" നമുക്കൊരു പ്രശ്നമുണ്ടെങ്കില്‍ ആദ്യം തീരുമാനിക്കേണ്ടത്
ആ പ്രശ്നത്തോടെ നമ്മുടെ ജീവിതം അവസാനിപ്പിക്കുകയാണോ എന്നതാണ്.
അവസാനിപ്പിക്കുകയാണെങ്കില്‍ നേരെ പോയി മരിക്കണം. അതല്ല പ്രശ്നത്തെ നേരിടുവാനാണ്
തീരുമാനമെങ്കില്‍ സധൈര്യം അതു ചെയ്യണം. അല്ലാതെ വെറുതെ പരിഭ്രാന്തി കാണിച്ചും
അനാവശ്യമായി സംഘര്‍ഷത്തിന് അടിപ്പെട്ടും മനസമാധാനം നഷ്ടപ്പെടുത്തുകയല്ല വേണ്ടത്".
എന്റെ ധൈര്യം കൊടുക്കലില്‍ ആ മനുഷ്യന്റെ അസ്വസ്ഥമായിരുന്ന മനസ്സും ശരീരവും
പതിയെപ്പതിയെ സ്വസ്ഥത കൈവരിക്കുന്നത് ഞാന്‍ കണ്ടു.ഏറെ താമസിയാതെ അയാള്‍ ചിരിച്ചു
കൊണ്ട് അയാള്‍ എന്നെ വിട്ടിറങ്ങി. കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ അയാളെ
വീണ്ടും കണ്ടു.അന്നനനുഭവിച്ച മാനസിക വ്യഥയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ആ
മുഖത്ത് അപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു ഉണ്ടായിരുന്നത്.
ഈ കഥ ഇപ്പോള്‍ എന്നെ ഓര്‍മ്മിപ്പിച്ചത് ഡോ. സുരേഷ് പിള്ള
എഴുതിയ കണികം എന്ന ലേഖനസമാഹാരമാണ്. അസാമാന്യമായ ആഖ്യാനപാടവത്തോടെ എഴുതിയ
നാല്പത്തഞ്ചു രസകരമായ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
"മഹാമനസ്കത
എന്നാല്‍ നിങ്ങള്‍ക്ക് താങ്ങാനാവുന്നതിലധികം കൊടുക്കുന്നതാണ്. അഭിമാനം എന്നാല്‍
നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെക്കാള്‍ കുറച്ച് സ്വീകരിക്കുന്നതും " എന്ന
ജിബ്രാന്‍ വചനങ്ങളെ ആമുഖമായി പേറുന്ന ഈ പുസ്തകം വായനക്കാരനെ അടിമുടി
നവീകരിക്കുകതന്നെ ചെയ്യും
(അവസാനിക്കുന്നില്ല )
മനോജ് പട്ടേട്ട്
10-02-2021
Comments