#ദിനസരികള് 1296 - മേഘമാര്‍ഗ്ഗങ്ങളില്‍
മേഘമാര്‍ഗ്ഗങ്ങളില്‍
എന്നൊരു കവിത വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട്. പ്രസ്തുത കവിത,
പ്രണയഗീതങ്ങള്‍ എന്ന സമാഹാരത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജീവിതം യൌവനത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ ദശാസന്ധിയില്‍
ഇനിയും പ്രണയഗീതങ്ങളുമായിരിപ്പാണോ എന്നൊരു ചോദ്യത്തിന് സാംഗത്യമുണ്ടെങ്കിലും എത്രമേല്‍
പ്രണയിച്ചാലും പിന്നേയും തേന്‍തുള്ളിപോല്‍ ഇത്തിരി പ്രണയം നിന്‍ ജീവനെ പൊതിയുന്നു എന്നാണല്ലോ.
അതുകൊണ്ട്
എനിക്കീ തേന്മാവിന്‍ചുവട്ടില്‍ നില്ക്കുമ്പോള്‍
പകലിരവുകള്‍ വെറും നിഴലുകള്‍ - എന്ന കവിവചനത്തെ
ഞാനും പിന്‍പറ്റുന്നു. പ്രണയത്തിനും മരണത്തിനും പ്രായമില്ല എന്ന ചിന്തയോട്
ഐക്യപ്പെടുകയും ചെയ്യുന്നു.
നിമിഷ നേരത്തേക്കാണെങ്കിലും പ്രണയിനികള്‍ അവരുടെ
സംയോഗങ്ങളില്‍ അനുഭവിക്കുന്നത് അത്യപൂര്‍വ്വമായ ആനന്ദമാണെന്ന് കവികള്‍
സാക്ഷ്യപ്പെടുത്തുന്നു. രോഗദാരിദ്ര്യജരാനരപീഢകളെക്കുറിച്ചുള്ള ആശങ്കകളൊന്നും ആ നിമിഷത്തില്‍
അവരെ തീണ്ടാറേയില്ല. ലോകാവസാനം വരെയും നീണ്ടുനില്ക്കുന്ന ഒരു
മാസ്മരികലോകത്തിലേക്ക് അവര്‍ തള്ളിയിടപ്പെടുന്നു. ഈ ലോകത്തിലേക്ക് തിരിച്ചു
വരുന്നത് അവരെ സംബന്ധിച്ചിടത്തോളം അസഹ്യമാകുന്നു.
ഇവിടെ വിഷ്ണുവിന്റെ മേഘമാര്‍ഗ്ഗങ്ങളില്‍ എന്ന കവിത :-
മേഘമാര്‍ഗ്ഗങ്ങളി
ലേറിനില്ക്കുന്നു നാം
കേവലമൊറ്റ
നൊടിയിടയെങ്കിലും
മെല്ലെത്തലോടുമിരുവിരല്‍ത്തുമ്പിങ്കല്‍
വന്നു
തുടിക്കുമിരുഹൃദയങ്ങള്‍ നാം.
താഴെക്കരിമ്പുക മൂടിയ
കണ്ണുകള്‍
താരാപഥത്തിലേക്കാര്‍ത്തിയാല്‍
നീളവേ
കാണാതെ , രാഗാര്‍ദ്രമാം
നിമേഷങ്ങള്‍ തന്‍
ഭാവപരാഗം പുരണ്ട
ചിറകുമായ്
വിണ്ണിന്റെ വന്ധ്യത
നീക്കുവാനല്ലി നാം
സഞ്ചരിക്കുന്നൂ
സമീരമാര്‍ഗ്ഗങ്ങളില്‍ !
എങ്കിലും നമ്മില്‍
മുഴങ്ങുന്നതിപ്പൊഴെ
ന്തംബരഗാംഭീര്യമല്ല ,
മണ്ണിന്‍ ലയം
ഉണ്മയിലാദ്യാനുരാഗമരീചിക
ളുമ്മവെയ്ക്കുന്നതിന്‍
രോമഹര്‍ഷോദയം
കൊന്നുമുയര്‍ത്തും കഥ
തുടരും ജീവ
രംഗമഞ്ചത്തിന്‍ പടപരിവര്‍ത്തനം.
മനോജ് പട്ടേട്ട്
07-02-2021
Comments