#ദിനസരികള് 1297 - അയോധ്യയും ശബരിമലയും ചെന്നിത്തലയും
ശബരിമലയിലെ ആചാരണ
സംരക്ഷണത്തിന് നിയമം കൊണ്ടുവരുവാന്‍ കച്ചകെട്ടിയിറങ്ങിയ ചെന്നിത്തലയ്ക്കും
കൂട്ടര്‍ക്കും നേരെ ഇന്നൊരു ചോദ്യം എറിയപ്പെട്ടു. അയോധ്യാ കേസിലെ സുപ്രിംകോടതി
വിധി മറികടക്കാനും ബാബറി മസ്ജിദ് മുസ്ലിംകങ്ങള്‍ക്കു തന്നെ തിരിച്ചു കിട്ടാനും
ഉതകുന്ന വിധത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയുമോ , അതിന്
ശ്രമിക്കുമോ എന്നതായിരുന്നു ആ ചോദ്യം. അയോധ്യ കേരളത്തിന്റെ വിഷയല്ലെന്നും
രാജ്യത്തിന്റെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുവാന്‍ താന്‍
അശക്തനാണെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആ മറുപടി, ചെന്നിത്തലയുടെ മാത്രമല്ല
കോണ്‍ഗ്രസ്സിന്റെ തന്നെ
ഇരട്ടത്താപ്പുകളെയെല്ലാം ആ പുറത്തു കൊണ്ടുവരുന്നതായി മാറി.
മറ്റൊരു മതത്തെക്കുറിച്ചോ അതിന്റെ നിലനില്പിനെക്കുറിച്ചോ
എന്തിന് ഇന്ത്യ തന്നെ ഒരു ജനാധിപത്യരാജ്യമായി തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ
ചെന്നിത്തലയ്ക്ക് വേവലാതികളൊന്നുമില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ
വോട്ട് നേടാന്‍ ഏതൊക്കെ തരത്തില്‍ അവരെ പ്രീണിപ്പിക്കാം എന്നതുമാത്രമാണ് നോട്ടം.
അതുകൊണ്ടാണ് ശബരിമലയെ വീണ്ടും ഒരു പിടിവള്ളിയായി ഉപയോഗിക്കാനും വരുന്ന നിയമസഭാ
ഇലക്ഷനിലെ മുഖ്യഅജണ്ടയായി മാറ്റുവാനും അദ്ദേഹവും കൂട്ടരും ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.
ലോകസഭ ഇലക്ഷനില്‍ ശബരിമലയുണ്ടാക്കിയ നേട്ടത്തെക്കുറിച്ചുള്ള മധുരസ്മൃതികള്‍
അത്തരമൊരു നീക്കത്തിനുവേണ്ടി നേതൃത്വത്തെ ശക്തമായി പ്രലോഭിപ്പിക്കുന്നുമുണ്ടാകാം.
അതുകൊണ്ട് യു ഡി എഫും ചെന്നിത്തലയും മറ്റും ആ വഴിക്കു നടക്കുന്നതിനെക്കുറിച്ച്
നമുക്ക് പഴി പറയാനാവില്ല.
എന്നാല്‍ പൊതുസമൂഹത്തെക്കുറിച്ച് ഉത്കണ്ഠയുള്ള ഏതൊരാള്‍ക്കും
അസ്വസ്ഥതയുണ്ടാക്കുന്നതാണ് ചെന്നിത്തലയുടെ മറുപടിയും നിലപാടുകളുമെന്ന കാര്യത്തില്‍
തര്‍ക്കമില്ല. വോട്ടുനേടി അധികാരത്തില്‍ വരാനുള്ള അടവുനയത്തിന്റെ
ഭാഗമാണെങ്കിലും മുസ്ലിം മതവിഭാഗത്തെ തീര്‍ത്തും നിരാശപ്പെടുത്തുകയും അവരെ കൂടുതല്‍
ഒറ്റപ്പെടുത്തുകയുമാണ് വാസ്തവത്തില്‍ ചെന്നിത്തല ചെയ്യുന്നത്. രാഷ്ട്രീയാധികാരം
എന്ന ഒരൊറ്റലക്ഷ്യം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ഒരു വിഭാഗത്തിന്റെ ജനാധിപത്യ
അവകാശങ്ങളെ കവര്‍ന്നെടുക്കാന്‍ തത്വത്തില്‍ അനുവാദം കൊടുക്കുന്നതിന്
തുല്യമാണ് അദ്ദേഹത്തിന്റെ ഈ കണ്ണുകെട്ടിക്കളി എന്ന് പറയാതെ വയ്യ. എന്നുമാത്രവുമല്ല
, യു ഡി എഫിന്റെ കൂടെയുള്ള ലീഗിനെയോ അവരുടെ അണികളെയോ തീരെ അവഗണിച്ചുകൊണ്ടാണ്
മതഭൂരിപക്ഷത്തിന്റെ ഫാസിസ്റ്റ് താല്പര്യങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ചെന്നിത്തല
തീക്കളി കളിക്കുന്നത്. ഹിന്ദുത്വവാദികള്‍ക്ക്
കൂടുതല്‍ ശക്തമായി തങ്ങളുടെ അക്രമാസക്തമായ അടക്കി ഭരിക്കലുമായി മുന്നോട്ടു
പോകാനുള്ള അനുമതി പത്രം കൂടിയാണ് ഈ നിലപാടെന്ന് പറയാതെവയ്യ. ന്യൂനപക്ഷങ്ങള്‍ക്കെതിരെ
എന്തു നിലപാടെടുത്താലും അതൊക്കെയും തന്നെ മറക്കപ്പെടുമെന്ന ധാരണ
തിരുത്തിക്കുറിക്കേണ്ട ഒരു സന്ദിഗ്ദഘട്ടത്തിലാണ് വരാനിരിക്കുന്ന നിയമസഭാ
തിരഞ്ഞെടുപ്പിനെ നാം നേരിടുന്നത്. അവിടെ ഉന്നയിക്കപ്പെടുന്ന ഒരേയൊരു ചോദ്യം
ന്യൂനപക്ഷത്തിന് ഈ നാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ടോ എന്നതാണ്.
മനോജ്
പട്ടേട്ട്
08-02-2021
Comments