#ദിനസരികള്‍ 38
ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക്
ലിംഗച്ഛേദം അനുകരണീയമായ ഒരു മാതൃകയാണ് , എന്നു മാത്രവുമല്ല ,തന്റെ നേരെ
ഉണ്ടായ അനീതിക്ക് പരിഹാരമായ ശിക്ഷ എന്തെന്ന് ഇരതന്നെ വിധിക്കുകയും
നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇത്തരം കുറ്റങ്ങള്‍ക്ക് നിര്‍ബന്ധവുമാക്കണം.
ജനാധിപത്യ സമൂഹങ്ങളിലെ നിയമവാഴ്ചയും നടപടിക്രമങ്ങളും മറന്നുകൊണ്ടല്ല ഇതുപറയുന്നത്.
അതൊക്കെ അംഗീകരിക്കുമ്പോള്‍ത്തന്നെ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന
നീതിയുടെ അളവിലുണ്ടായിരിക്കുന്ന കുറവ് , അമാനവികമെങ്കിലും , ഇത്തരം ശിക്ഷണ
നടപടികളെ ന്യായീകരിക്കുവാന്‍ നമുക്ക് സാധ്യത നല്കുന്നു.അതുകൊണ്ട് ഇരയായ ആ പെണ്‍കുട്ടിയോട്
ഐക്യപ്പെടുകയും , ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്ന ഏതൊരാളോടും ഇതേ രീതി
അവലംബിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു
മഹത്തായ പാരമ്പര്യങ്ങളെ അടയാളപ്പെടുത്തുന്ന ചില വേഷങ്ങള്‍
കാണുമ്പോള്‍ നമുക്ക് അവയോട് ബഹുമാനം തോന്നാറുണ്ട്.കാഷായം അത്തരത്തിലുള്ള
ഒന്നാണ്.ഇഹലോകത്തിന്റെ സർവ്വസുഖങ്ങളും ത്യജിച്ച നിഷ്കാമകർമ്മികളായിട്ടുള്ള
സന്യാസിവര്യന്മാർ അണിഞ്ഞിരുന്ന ആ വേഷത്തോട് സര്‍വ്വര്‍ക്കും പ്രിയം തോന്നുക
സ്വാഭാവികം തന്നെ.സന്യാസം എന്നു വെച്ചാല്‍ “ കാമ്യാനാം കര്‍മ്മണം ന്യാസം സന്യാസം “ എന്നാണ്
ഗീതാകാരന്‍ നിര്‍വചിക്കുന്നത്.അങ്ങനെ വ്യക്തിപരമായ എല്ലാ സുഖങ്ങളേയും ത്യജിച്ച
എത്രയേ സന്യാസിശ്രേഷ്ഠന്മാര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യമുണ്ടാക്കിയെടുത്ത
മൂല്യബോധത്തിന്റെ തണലുകളെ പിന്‍പറ്റി കാഷായ വേഷധാരികളായ കള്ളനാണയങ്ങള്‍ സമൂഹത്തില്‍
എല്ലാക്കാലത്തും ഇത്തിള്‍ക്കണ്ണികളായി പറ്റിക്കൂടിയിട്ടുണ്ട്.ഇത്തരം പ്രച്ഛന്നവേഷക്കാരെ
തിരിച്ചറിയുക എന്നത് ക്ഷിപ്രസാധ്യമല്ലെങ്കിലും കരുതിയിരിക്കുക എന്നതൊരു കര്‍ത്തവ്യമാണെന്ന്
മനസ്സിലാക്കണം
മതം
മാത്രമല്ല , നമ്മുടെ മറ്റു സാമൂഹ്യസ്ഥാപനങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്. മതത്തില്‍
തൊണ്ണൂറ്റൊമ്പതുശതമാനവും ഇത്തരം കള്ളന്മാരാണെങ്കില്‍ രാഷ്ട്രീയത്തില്‍ തൊണ്ണൂറ്റൊമ്പതേ
പോയന്റ് ഒമ്പതുശതമാനമാണെന്ന വ്യത്യാസം മാത്രമേയുള്ളു. വര്‍ദ്ധിച്ചുവരുന്ന ഇത്തരം
കള്ളനാണയങ്ങളുടെ എണ്ണം കാരണം രാഷ്ടീയത്തിലും മതത്തിലും അവിശ്വസിക്കുന്ന ഒരു
സമൂഹമായി നമ്മുടെ ജനത മാറുന്നു എന്നതാണ് സത്യം. അത് നമ്മെ നയിക്കുന്നത്
അരാജകത്വത്തിലേക്കായിരിക്കും
ജടിലോ മുണ്ഡി ലുഞ്ചിത കേശ
കാഷായാംബര ബഹുകൃത വേഷ
പശ്യന്നപി ച ന പശ്യതി ഗേഹേ
ഉദരനിമിത്തം ബഹുകൃത വേഷ എന്ന് ശ്രീശങ്കരന്‍
കടന്നു പറഞ്ഞത് ഇക്കൂട്ടരെ മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണ്.വയറ്റുപ്പിഴപ്പിന്
വേണ്ടിയുള്ള ഈ വേഷം കെട്ടല്‍ കണ്ട് വിശ്വസിച്ച് ഇത്തരക്കാരെ വീട്ടില്‍ക്കയറ്റിയിരുത്തരുത്
എന്നാണ് അവസാനമായി നമുക്കുള്ള ഗുണപാഠം.
Comments