#ദിനസരികള്‍ 35


എം കൃഷ്ണന്‍ നായര്‍ എന്ന നിരൂപകനോട് എതിര്‍പ്പും വെറുപ്പും ഉള്ളവരെ എനിക്കറിയാം. അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരേയും അറിയാം. വാരഫലത്തിന്റെ ഓരോ ലക്കത്തിനുമായി കാത്തിരുന്ന എഴുത്തുകാരടക്കമുള്ളവരുടെ ഒരു സഞ്ചയം കേരളത്തിലുണ്ടായിരുന്നു. വിമര്‍ശമാണെങ്കില്‍പ്പോലും തങ്ങളുടെ പേര് ആ പംക്തിയില്‍ ഒന്നച്ചടിച്ചു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരെഴുത്തുകാരനും വാരഫലക്കാലത്ത് മലയാളക്കരയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എം പി ശങ്കുണ്ണിനായരെപ്പോലും സംസ്കാരശൂന്യന്‍ എന്ന് ഭര്‍ത്സിക്കുവാന്‍ ധൈര്യം കാണിച്ച കൃഷ്ണന്‍ നായര്‍ , അദ്ദേഹത്തിന് ശരിയെന്ന് തോന്നിയ കാര്യങ്ങളില്‍ ഉറക്കെ വിളിച്ചു പറയാന്‍ മടികാണിച്ചിരുന്നില്ല.
            പ്രോഷിതപതികകളെപ്പോലെ നല്ല കൃതികള്‍ക്കുവേണ്ടി കാത്തിരുന്ന കൃഷ്ണന്‍ നായര്‍ , തന്റെ മുന്നിലെത്തിയിരുന്ന ഓരോ വരികളേയും നിശിതമായി വിലയിരുത്തിയിരുന്നു. അല്പപ്രാണികളുടെ ആയുസ്സെടുക്കുന്ന അത്തരം ഇടപെടലുകള്‍ മലയാളഭാഷക്ക് ഗുണമായേ ഭവിച്ചിട്ടുള്ളു എന്ന സത്യം കാണാതിരുന്നുകൂട.മലയാള വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം രസകരമായിരുന്നു.ഒരു വിമാനത്തിനകത്ത് കേരളത്തിലെ നവീന നിരൂപകന്മാരാകെ ഉണ്ടെങ്കില്‍ ആ വിമാനം റാഞ്ചുന്ന സംഘത്തിന്റെ നേതാവായിരിക്കും ഞാന്‍ .ആരെന്തു സന്ധിസംഭാഷണത്തിന് വന്നാലും ഞാന്‍ വഴങ്ങുകയില്ല. ആ വിമാനം തകര്‍ത്ത് ഞാനും മരിക്കും. മലയാളത്തിലെ വിമര്‍ശകന്മാരോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതായിരുന്നു.                                                            കാലമതിന്റെ കനത്ത കരംകൊണ്ടു
                        ലീലയായൊന്നു പിടിച്ചു കുലുക്കിയാല്‍
                        പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ
                        പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും എന്നത് സത്യമാണെങ്കിലും നിലനില്ക്കുന്ന കാലത്തോളം തേജോപുഞ്ജങ്ങളാകണം ഓരോ കൃതികളും എന്ന സങ്കല്പമാണ് കൃഷ്ണന്‍ നായരുടെ ചിന്തയുടെ ആണിക്കല്ല്.    ഒരു സമയത്തും അക്കാര്യത്തിലൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല.വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നുവോ എന്ന് പ്രകോപനമുണ്ടാക്കി അനുവാചകനെ അടിച്ചുണര്‍ത്താന്‍ വാരഫലക്കാരന്‍ ബദ്ധശ്രദ്ധനായിരുന്നു. മോശം കൃതികളെ നല്ലതെന്ന് ആരു പറഞ്ഞാലും അവര്‍ സമൂഹത്തെക്കൂടി ദുഷിപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നു.സാഹിത്യവിദ്യാര്‍ത്ഥികള്‍ വളരെ ഉന്നതമായ ആശയങ്ങളെ പിന്‍ പറ്റണമെന്നും അതിന്റെ വെളിച്ചത്തില്‍ വേണം കൃതികളെ വിലയിരുത്താനെന്നും അദ്ദേഹം ഉപദേശിക്കുന്നു.നമ്മുടെ സാഹിത്യവിദ്യാര്‍ത്ഥികളെപ്പറ്റി ഡേവിഡ് കോപ്പര്‍ഫീല്‍ഡ് വായിക്കാതെ കമ്യൂവിന്റെ പ്ലേഗ് വായിക്കുന്നുവെന്ന് അഭിനയിക്കുന്നവര്‍ എന്ന് അദ്ദേഹം കളിയാക്കുന്നുമുണ്ട്.

            അഭിപ്രായഭേദങ്ങള്‍ നിരവധിയുണ്ടെങ്കിലും എം കൃഷ്ണന്‍ നായരെപ്പോലെ മലയാള സാഹിത്യത്തെ സജീവമായി  നിലനിറുത്തുവാന്‍ പ്രയത്നിച്ച ഒരാളുടെ അഭാവം നമ്മുടെ സാഹിത്യലോകത്ത് നിലവിലുണ്ട് ; വൈറസ് കവിതകളെക്കൊണ്ട് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന കവികളുടെ പെരുപ്പം അനുഭവിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1