#ദിനസരികള്‍ 33
മൈക്രോസോഫ്റ്റിന്റെ
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു വൈറസ് ആക്രണം
ലോകമാകെ ഭീതി പരത്തുന്നു. എത്രയോ ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന
ഈ വിനാശകാരി ഇനിയും എന്തെന്ത് നാശങ്ങളാണ് വരുത്തിക്കൂട്ടുക എന്നത് അപ്രവചനീയമാണ്. ബാധിച്ചു
കഴിഞ്ഞാല്‍ മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഈ വൈറസിന്റെ സ്രഷ്ടാക്കളുടെ രീതി.കോടിക്കണക്കിന്
രൂപ ഇങ്ങനെ ഇവരുടെ അക്കൌണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍
പറയുന്നത്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഡിക്രിപ്റ്റ് ചെയ്തുകൊണ്ടാണ് വാനേക്രൈ എന്ന
ഈ റാന്‍സം വെയര്‍ വിലപേശുന്നത്. ആശുപത്രികള്‍ , മള്‍ട്ടിനാഷണല്‍ കമ്പനികള്‍ , ഗവണ്‍മെന്റ്
സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വൈറസിന്റെ ആക്രമണം റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പടരുന്നതുകൊണ്ട് ഇതുണ്ടാക്കിയ നഷ്ടം
എത്ര ഭീകരമാണെന്ന് പൂര്‍ണമായും വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടെന്ന്
ഈ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് ലോകം മുക്തമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ലോകമാകെ ഈ ആക്രമണത്തിന്റെ ഭീതിയില്‍
വിറങ്ങലിച്ചു നില്ക്കുമ്പോള്‍ പതിവുപോലെ ലിനക്സിന്റെ സുവിശേഷകന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നു.ഒന്ന്
ചത്താണ് മറ്റൊന്നിന് വളമാകുന്നത് എന്ന പ്രകൃതിരഹസ്യം ഏറ്റവും നന്നായി
നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഈ ലിനക്സ് പ്രഘോഷണന്മാര്‍ . ലിനക്സ്
സിസ്റ്റത്തില്‍ വൈറസ് ബാധിക്കുന്നില്ല , സെക്യൂരിറ്റിയുടെ കാര്യത്തില്‍
പ്രഥമപരിഗണന , ഓപ്പണ്‍ സോഴ്സായതിനാല്‍ ആര്‍ക്കും ഇടപെടാം അങ്ങനെയങ്ങനെ ആരേയും
ലിനക്സിന്റെ കടുത്ത ആരാധകരാക്കുന്ന വിശേഷണങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ
നടക്കുന്നത്.ലോകത്താകമാനം ഏകദേശം എണ്‍പതു ശതമാനത്തോളം വിന്‍ഡോസ് സിസ്റ്റങ്ങള്‍
ഉപയോഗിക്കപ്പെടുന്നു. ബാക്കിവരുന്ന ഇരുപതു ശതമാനമാണ് ഇതര ഓപ്പറേറ്റിംഗ്
സിസ്റ്റങ്ങള്‍ എല്ലാം കൂടി ഉപയോഗിക്കുന്നത്. സ്വാഭാവികമായും വൈറസ് ആക്രമണങ്ങള്‍
ഭൂരിപക്ഷം വരുന്നവയെയാണ് ലക്ഷ്യം വെക്കുക. അതുകൊണ്ടാണ് താരതമ്യേന വിന്‍ഡോസ് ബാധ
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലിനക്സിലെ യൂസര്‍ പ്രിവിലേജിന്റെ പ്രത്യേകതകള്‍
കാരണം വൈറസ് വ്യാപനം അത്ര എളുപ്പമല്ല എന്നത് സത്യമാണെങ്കിലും മൈക്രോസോഫ്റ്റ്
അനുഭവിക്കുന്ന എല്ലാ സുരക്ഷാഭീഷണികളും ഏറിയും കുറഞ്ഞും ലിനക്സും
അനുഭവിക്കുന്നുണ്ട്.
ലിനക്സിനോടുള്ള
മമത , അതിന്റെ കുത്തകവിരുദ്ധ സമീപനം ഒന്നുമാത്രമണ്. ലിനക്സിന്റെ പരിവേഷങ്ങള്‍ക്ക് പരമാവധി പ്രചാരണങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
സൈദ്ധാന്തികമായി നല്ല അടിത്തറ നിര്‍മിക്കപ്പെട്ടു.ഇനി വേണ്ടത് വിന്‍ഡോസിലെ സോഫ്റ്റ്വെയറുകളോട്
കിടപിടിക്കുന്ന തരത്തിലുള്ള സോഫ്റ്റ് വെയറുകളുടെ ലഭ്യത ഉറപ്പാക്കുകയാണ്.ഈ
ലഭ്യതക്കുറവാണ് ഇപ്പോഴും ആളുകളെ ഐ ടി കുത്തകയായ മൈക്രോസോഫ്റ്റിനോട് ചേര്‍ത്തു നിര്‍ത്തുന്നത്.
അതുകൊണ്ട് വെറും ഒരു ഫാഷനായി ലിനക്സ് പ്രേമം കൊണ്ടു നടക്കാതെ പ്രായോഗികമായ
പ്രചാരണത്തിനുള്ള വഴികള്‍ തേടുകയാണ് ഞാനടക്കമുള്ള ലിനക്സ് പ്രേമികള്‍ ചെയ്യേണ്ടത്.
Comments