Thursday, May 18, 2017

#ദിനസരികള്‍ 36


സി കെ വിനീതിനെ പിരിച്ചു വിട്ടു.നല്ല കാര്യം. പിരിച്ചു വിടല്‍ താമസിച്ചു പോയെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. നേരത്തെ പിരിച്ചു വിടണമായിരുന്നു.പിരിച്ചു വിടലില്‍ നിറുത്തരുതെന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്. മറ്റെന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ - ചുമ്മാ നാടുകടത്തുകയോ അങ്ങനെ എന്തെങ്കിലും അതുകൂടി - ചെയ്യണം എന്ന് ഞാന്‍ ഏജീസ് ഓഫീസിനോട് അപേക്ഷിക്കുകയാണ്. വെറുതെ പന്തുതട്ടി നടന്ന പയ്യനാണ്.എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ എന്നു കരുതിയാണ് വിളിച്ചു ജോലി കൊടുത്തത്. ആ മഹാമനസ്കതയെ മാനിക്കാതെ അച്ചടക്ക ലംഘനം കാണിക്കുക എന്നത് ക്ഷമിക്കാനാവുമോ? നാലുകൈയ്യടിയും പത്രങ്ങളില്‍ പടം അച്ചടിച്ചുവരുന്നതുമാണോ വലുത് അതോ ജീവിക്കാനുള്ള ജോലിയാണോ വലുത് എന്ന് വിനീതിന് ഇനി മനസ്സിലായിക്കോളും. ജനങ്ങളുടെ അഭിമാനമായി മാറിയാല്‍ വയറിന്റെ വിശപ്പില്ലാതാകുമോ എന്നറിയാമല്ലോ. ധിക്കാരത്തിന് ഇതുതന്നെയാണ് മറുപടി.
            മന്ത്രി മൊയ്തീന്‍ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടു കത്തെഴുതിയത്രേ ! മന്ത്രിയല്ല രാജാവെഴുതിയാലും ഞങ്ങ ള്‍ക്കൊന്നുമില്ല. ഞങ്ങള് പറയുന്നതാണ് ശരി.അതാണ് തീരുമാനം. വിനീത വിധേയനായ വിനീതിനെയാണ് ഞങ്ങള്‍ക്കാവശ്യം.ജോലിയില്‍ പ്രവേശിക്കണമെന്നും മുഴുവന്‍ സമയം ഉണ്ടാവണമെന്നും പറഞ്ഞിരുന്നു. കളിക്കാനായി പുറത്ത് പോകുവാന്‍ പാടില്ല, ജോലിക്കായി മുഴുവന്‍ സമയവും ഉണ്ടാകണമെന്നുമാണ് അറിയിച്ചത്. എന്റെ പ്രൊബേഷന്‍ കലാവധി പൂര്‍ത്തിയായിവരുന്നു. പക്ഷെ ഡിക്ലയര്‍ ചെയ്തിട്ടില്ല. പരീക്ഷയൊക്കെ പാസ്സായിട്ടുണ്ട്. ജോലിയേക്കാള്‍ പ്രധാനം ഫുട്‌ബോള്‍ തന്നെയാണ്. ഫുട്ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ ഒന്നും താത്പര്യമില്ല.എന്നാണ് വിനീത് അഴിമുഖത്തോട് പറഞ്ഞത് . ഇതിനപ്പറം വേറെന്ത് ധിക്കാരമാണ് വിനീത് കാണിക്കുവാനുള്ളത്? അന്നദാതാക്കളോടില്ലാത്ത ബഹുമാനമാണോ കാല്‍പ്പന്തുകളിയോട് ?
            1.311 ബില്യണ്‍ ജനതയുണ്ട് ഇന്ത്യയില്‍.ലോകത്തുതന്നെ രണ്ടാംസ്ഥാനത്താണ്. ഇത്ര നാളും സ്പോര്‍ട്സൊക്കെ ഞങ്ങളിങ്ങനെത്തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇനിയും അങ്ങനെയൊക്കെ മതി.എന്നുമാത്രവുമല്ല . ഒരു ദ്രാവിഡനായ കേരളക്കാരന്‍ വന്ന് ഇന്ത്യയുടെ അഭിമാനമുയര്‍ത്തണ്ട. അതു തീരുമാനിക്കാന്‍ സി എ ജിയായ ശശികാന്ത് ശര്‍മസാറൊക്കെ ഇവിടെയുണ്ട്.സ്പോര്‍ട്സ് ക്വോട്ടയില്‍ ആണ് നിയമനം കിട്ടിയതെന്നുവെച്ച് കളി തുടരാമെന്ന് കരുതിയാല്‍ കളിമാറും.കളിയെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല ഞങ്ങള് ജോലി തന്നത്.അത് ഔദാര്യം മാത്രമായിരുന്നെന്ന് ഇനിയെങ്കിലും വിനീത് മനസ്സിലാക്കണം.കൂടിവന്നാല്‍ രണ്ടുകോളം വാര്‍ത്ത. അതിനപ്പുറമുള്ള പ്രാധാന്യമൊന്നും ഇതിനുണ്ടാവില്ലെന്ന് അറിയാം.അപ്പോ ശരി. കളി നടക്കട്ടെ. പക്ഷേ ശര്‍മസാറിനോട് കളിക്കരുത്. കളി പഠിപ്പിക്കും.


Post a Comment