#ദിനസരികള്‍ 37
ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം എപ്പോഴും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെ രണ്ടു തരത്തില്‍ മാത്രമാണ് നാം കേട്ടിരിക്കുന്നത്.ഉണ്ട് എന്നു പറഞ്ഞാല്‍ ഈശ്വരനെ ഉണ്ടാക്കിയെടുക്കുവാനും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ലാതാക്കാനുമുള്ള വ്യത്യസ്തങ്ങളായ അനുബന്ധവാദങ്ങളുടെ ഒരു പടയണിതന്നെ ഇരുവാദക്കാരും ഉന്നയിക്കുന്നുവെന്നു മാത്രം.ഈ വാദപ്രതിവാദങ്ങള്‍ക്ക് മനുഷ്യന്‍ ഈശ്വരനെ കണ്ടെത്തിയ ചരിത്രാതീതകാലം മുതലുള്ള പഴക്കമുണ്ട്. ഇതുവരെ ഒന്ന് മറ്റൊന്നിനെ ജയിച്ചിട്ടില്ലെന്ന് സാരം.പരസ്പരമുള്ള വാലുവിഴുങ്ങിക്കളി ഇനിയും തുടരുകതന്നെ ചെയ്യും.
മനുഷ്യന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഈശ്വരനെ പ്രതിഷ്ഠിക്കാനുള്ള ഒരിടമില്ല എന്നത് സത്യസന്ധമായ വസ്തുതയാണ്.വെറുതെ നിരീശ്വരവാദം പറയുകയാണെന്ന് കരുതണ്ട.നമ്മുടെ കൊച്ചു കൊച്ചു ദൌര്‍ബല്യങ്ങളില്‍ ആശ്വാസമായി മാറാനുള്ള ഒരു സാധ്യത മാത്രമാണ് ദൈവം. അതിനുമപ്പുറത്തുള്ള അഭൌതികമായ എന്തെങ്കിലും സഹായം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് നാം വിചാരിക്കുന്നുവെങ്കില്‍ അത് ഒരു പ്രതീക്ഷമാത്രമാണ്. അത്തരം പ്രതീക്ഷയില്‍ മുഴുകി ജീവിക്കുന്നവരുമുണ്ട് എന്നത് മറ്റൊരു കാര്യം. ആ പ്രതീക്ഷയെ ഊതി വീര്‍പ്പിച്ചാണ് ഇവിടെ മതങ്ങള്‍ വിജയക്കൊടി നാട്ടുന്നത്.
സൃഷ്ടിവാദമൊക്കെ എന്നേ പൊളിഞ്ഞെങ്കിലും ദൈവത്തിന്റെ അസ്തിത്വവും അപ്രമാദിത്വവും നിലനിറുത്തേണ്ടത് വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതിനാല്‍ സൃഷ്ടിയും സ്രഷ്ടാവും എന്ന സങ്കല്പത്തിനെ കൈവെടിയാന്‍ അവര്‍ക്ക് കഴിയില്ലെന്നത് വസ്തുതയാണ്.ഭയമാണ് ദൈവത്തെ ആരാധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാത്തരത്തിലുമുള്ള ഭയം നമ്മെ ദുര്‍ബലപ്പെടുത്തുന്നു. ആ ദൌര്‍ബല്യം , ബലവാനായ , സംരക്ഷകനായ ഒരാളെ പകരം തേടുന്നു. ആ സ്ഥാനത്തേക്ക് ദൈവം വരുന്നു. ഇല്ല എന്നു വാദിക്കുന്നവര്‍ വൈകാരികമായ ഈ കാഴ്ചപ്പാടിന്റെ മുമ്പിലാണ് പരാജയപ്പെട്ടുപോകുന്നത്. ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ വൈകാരികമായ ഒരു മുഹൂര്‍ത്തത്തില്‍
മൃഗവാസനതന്‍ ബലത്തിലാ
ഗുരുവാക്യം തൃണവല്‍ഗണിച്ച ഞാന്‍
നരഹത്യയിലെത്തിയന്തരാ
നരകത്തില്‍പ്പൊരിയുന്നു ദൈവമേ -എന്ന് ദൈവം വന്നു കേറുന്നത് ശ്രദ്ധിക്കുക.
ഈ ഇല്ല ഉണ്ട് വാദങ്ങളുടെ ഇടയിലാണ് ശങ്കരന്‍ തന്റെ അദ്വൈത ദര്‍ശനവുമായി വന്നു കേറുന്നത്.ആ വാദത്തിലാകട്ടെ , സൃഷ്ടിയും സ്രഷ്ടാവുമില്ല. പരനും അപരനുമില്ല. ആദിയും അന്തവുമില്ല.എല്ലാം മായക്കാഴ്ചകളുടെ ഭ്രമാത്കത മാത്രം.വേര്‍തിരിവുകളില്ല. വ്യത്യാസങ്ങളില്ല.ഇതേ ശങ്കരന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലെ അപശൂദ്രാധികരണം പ്രക്ഷിപ്തമെന്നും , ചണ്ഡാലനോട് മാറി നില്ക്കാന്‍ പറഞ്ഞത് കെട്ടുകഥയെന്നും കരുതുക
അങ്ങനെയെങ്കില്‍ ഞാനും നീയും “ദൈവ”മാകുന്ന ഒരു മാവേലിക്കാലമുണ്ടെങ്കില്‍ അത് രസകരമല്ലേ ?
Comments