Tuesday, May 16, 2017

#ദിനസരികള്‍ 34


കൊല്ലരുത് എന്ന ആഹ്വാനത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തുവീഴ്ത്തിയ കാട്ടാളനോട് ആദികവിയുടെ അനുശാസനം മാ നിഷാ ദ എന്നായിരുന്നു. അന്നുമുതല്‍ ഇന്നുവരെ പരിണത പ്രജ്ഞരായവര്‍ കൊന്നൊടുക്കുന്നതിനെതിരെ നിരന്തരം പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു. വ്യക്തികളെ കൊന്നൊടുക്കുന്നതിലൂടെ ആശയങ്ങളെ അവസാനിപ്പിക്കാം എന്നു കരുതുന്നത് മൌഢ്യമാണ്. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുണ്ടാവുമായിരുന്നില്ല. എത്രയോ ലക്ഷം പേരാണ് കമ്യൂണിസ്റ്റായിപ്പോയി എന്ന കുറ്റത്തിന് കൊല്ലപ്പെട്ടിരിക്കുന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്.താന്‍ വിശ്വസിക്കുന്ന ആശയത്തിന് വിജയിക്കുവാന്‍ കഴിയില്ല എന്ന ബോധത്തില്‍ നിന്നാണ് എതിരാളിയെ അല്ലെങ്കില്‍ എതിര്‍ ആശയങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്ത ഉണ്ടാകുന്നത്. ആശയങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കേണ്ടി വന്നാല്‍ ആ ആശയം ദുര്‍ബലമാണെന്നു വേണം കരുതാന്‍.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
എന്നാണ് മാനവികതയെ പ്രണയിച്ച ശ്രീനാരായണന്‍ പറയുന്നത്.
            കല്‍ബുര്‍ഗിയുടേയും ഗോവിന്ദ് പന്‍സാരേയുടേയും ധബോല്‍ക്കറുടേയുമൊക്കെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അത്തരം ദുര്‍ബലമായ ആശയങ്ങളെ ചുമക്കുന്നവരാണ്.  കഴമ്പില്ലാത്ത അത്തരം ആശയങ്ങളെ, ഭയപ്പെടുത്തിയും കൊന്നൊടുക്കിയും അടിച്ചേല്പിക്കാം എന്ന ഫാസിസ്റ്റ് മനോഭാവമാണ് ഈ കൊലയാളികള്‍ പ്രകടിപ്പിക്കുന്നത് .വിഭിന്നങ്ങളായ ആശയങ്ങളെ ഭയരഹിതമായി പ്രകടിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കുവാനുമുള്ള അവകാശം ജനാധിപത്യസമൂഹങ്ങളില്‍ ശക്തമായി വേരുറപ്പിക്കപ്പെടേണ്ടതുണ്ട്.സൌരയൂഥത്തില്‍ സൂര്യനാണ് കേന്ദ്രബിന്ദു എന്ന ആശയത്തെ പ്രഖ്യാപിച്ച ബ്രൂണോയെ അന്നത്തെ കത്തോലിക്ക സഭ ചുട്ടുകൊല്ലുകയായിരുന്നു. സഭയുടെ അന്നത്തെ നിലപാട് പരിപൂര്‍ണമായും തെറ്റാണെന്ന് ഇന്ന് നമുക്കറിയാം. ഒറ്റയാനായ ബ്രൂണോ ശരിയും ഒരു വലിയ സമൂഹം ഒന്നടങ്കം തെറ്റുകാരുമായി മാറിയ ആ സംഭവത്തില്‍ നിന്ന് കൊന്നു തീര്‍ക്കുന്നതിനെ പിന്താങ്ങുന്ന ഫാസിസ്റ്റുകള്‍ പലതും പഠിക്കേണ്ടതായിട്ടുണ്ട്. കൊന്നൊടുക്കിയാല്‍ തീരുമായിരുന്നെങ്കില്‍ ബ്രൂണോയോടൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും അവസാനിക്കണമായിരുന്നു. അതുകൊണ്ട് വ്യക്തികളെ ഇല്ലാതാക്കിക്കൊണ്ട് ആശയങ്ങളെ അവസാനിപ്പിക്കാം എന്ന ചിന്ത മനുഷ്യന് അഭികാമ്യമല്ലതന്നെ.

            കല്‍ബുര്‍ഗിയുടേയും പന്‍സാരേയുടേയും ധബോല്‍ക്കറുടേയുമൊക്കെ പാത പിന്തുടര്‍ന്ന എച്ച് ഫറൂഖിനെ അനുസ്മരിക്കുന്ന എം എന്‍ കാരശേരിയുടെ ലേഖനമാണ് ഈ ചിന്തകള്‍ക്ക് പ്രേരിപ്പിച്ചത്. പ്രസ്തുത ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്  ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡിനെ ഉദ്ധരിച്ചുകൊണ്ടാണ് അഭിപ്രായഭേദം ഉണ്ടായപ്പോള്‍ കല്ലെടുക്കുന്നതിന് പകരം വാക്കെടുത്തപ്പോള്‍ മനുഷ്യന്റെ സംസ്കാരം ജനിച്ചു.നമ്മള്‍ സംസ്കാരസമ്പന്നരാണോ എന്ന് സ്വയം പരിശോധിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.
Post a Comment