#ദിനസരികള്‍ 1258 അടിതന്നെ ശരി
തങ്ങളെക്കുറിച്ച് അപവാദം
പറഞ്ഞുവെന്നതിന്റെ പേരില്‍ ഒരു സംഘം സ്ത്രീകള്‍ ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു.പിന്നാലെ ആ പ്രവര്‍ത്തിയെ
അപലപിച്ചും ന്യായീകരിച്ചുമൊക്കെ ധാരാളം അഭിപ്രായങ്ങള്‍ പലരും പ്രകടിപ്പിക്കുന്നതും
കണ്ടു. ചിലര്‍ അടിച്ചത് മോശമായി എന്നു പറയുമ്പോള്‍ മറ്റു ചിലര്‍ അടി കുറഞ്ഞുപോയത് മോശമായി എന്നാണ് പറയുന്നത്.
നിയമവാഴ്ച നിലനില്ക്കുന്ന ഒരു സമൂഹത്തില്‍ അടിയെ പ്രോത്സാഹിപ്പിക്കുന്നത് അരാജകത്വത്തിന് വളം വെയ്ക്കുന്നതിനു
തുല്യമാണെന്നാണ് അടിച്ചത് മോശമായി എന്നു പറയുന്നവരുടെ വാദം.ഇങ്ങനെ എല്ലാവരും നിയമം
കൈയ്യിലെടുത്തു കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന തരത്തില്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അവസ്ഥയെന്താകുമെന്നും
അവര്‍ ഖേദിക്കുന്നു. ഇടപെടേണ്ടതും നടപടിയെടുക്കേണ്ടതും നിയമമാണ്, അല്ലാതെ
വ്യക്തികളല്ല. അതുകൊണ്ടുതന്നെ പോലീസിനേയും നിയമത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട്
അത്തരം അപവാദപ്രചാരണം നടത്തിയ ആള്‍ക്കെതിരെ ശക്തമായ നിയമനടപടി
സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമാണ് അടിവിരുദ്ധവാദക്കാര്‍ ആവര്‍ത്തിക്കുന്നത്.
നിയമപരമായി അടിവിരുദ്ധ
വാദക്കാരാണ് ജയിക്കുക. ഭരണഘടനയെ മാനിക്കുന്ന ഒരു ജനത എന്ന നിലയില്‍ കണ്ണിനു കണ്ണ് ന്യായങ്ങള്‍ അസംബന്ധവും
സമൂഹത്തിന്റെ നിലനില്പിന് പ്രതികൂലവുമാണ്. അതുകൊണ്ട് അടിച്ചവര്‍ക്കെതിരെ നിലവിലെ
നിയമമനുസരിച്ച് നടപടിയെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
എന്നാല്‍ നിയമപരമായി ഈ അടി തെറ്റാകുമ്പോഴും അത്
സമൂഹത്തിലുണ്ടാക്കിയ ചലനം നാം കാണാതിരുന്നു കൂടാ. അതുകൂടി പരിശോധിക്കുമ്പോള്‍
അടിക്ക് തിരിച്ചടി എന്ന ഒരു കേവല പ്രശ്നത്തില്‍ നിന്ന് അതിസങ്കീര്‍ണവും അഴിച്ചെടുക്കാന്‍ വിഷമവുമായ മറ്റൊരു തലത്തിലേക്ക്
ഈ വിഷയം എത്തിച്ചേരുന്നു , പ്രശ്നത്തിന്റെ ധാര്‍മികമായ കുരുക്ക് കൂടുതല്‍
മുറുകുകയും ചെയ്യുന്നു.
സാധാരണയായി സാമൂഹിക
ബന്ധങ്ങളിലുണ്ടാകുന്ന ഒരു ക്രമം തെറ്റലാണ് ഇവിടെയുണ്ടായതെങ്കില്‍ തിരിച്ചടി എന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. കൊന്നതിന് തിരിച്ചു കൊല്ലുക എന്ന വാദം
അങ്ങനെയാണ് അസംബന്ധവും അക്രമവുമാണെന്ന് പറയേണ്ടി വരുന്നത്. കൊല്ലുന്നതും തിരിച്ചു
കൊല്ലുന്നതും തികച്ചും തെറ്റാണെന്ന ഒരു പൊതുബോധം നമുക്കിടയില്‍ നീണ്ട കാലത്തെ നിയമവാഴ്ചയുടെ ഫലമായി നിലവില്‍ വന്നിട്ടുണ്ട്.
ഇവിടെ കൊലപാതകം എന്ന പ്രത്യക്ഷ
അക്രമമാകുന്നു (തീര്‍ച്ചയായും കൊലപാതകത്തിന്റെ ഗൌരവത്തെ ഒരു തരത്തിലും
ന്യൂനീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല ) എന്നാല്‍ ഗുരുതരവും സങ്കീര്‍ണവുമായ സ്ത്രീവിരുദ്ധ ചിന്തകള്‍ പൊതുവേ സമൂഹത്തിന്റെ എല്ലാ തലത്തിലും ചോദ്യം
ചെയ്യാനിടയുള്ള ഒരവസരവും അനുവദിക്കാത്ത വിധത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു
സാഹചര്യത്തില്‍ ഈ അടി ഉണ്ടാക്കുന്ന സാധ്യതകള്‍ ഏതുതരത്തിലുള്ള നിയമവാഴ്ചയ്ക്ക് നല്കാനാകുന്നതിലും
എത്രയോ മേലെയാണ്. എന്നുവെച്ചാല്‍ എന്നു വെച്ചാല്‍ കൊലപാതകം ശിക്ഷിക്കപ്പെടുമെന്നുറപ്പുള്ള ഒരു കുറ്റകൃത്യമാണ്. എന്നാല്‍
ഒരടിസ്ഥാനവുമില്ലാതെ സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നും ആരും
ചോദിക്കാനില്ലെന്നുമുള്ള ചിന്ത ശിക്ഷിക്കപ്പെടുന്നമെന്നതിന്
ഒരുറപ്പുമില്ല.അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധത, അപവാദ പ്രചരണം കുടുംബം മുതല്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുണ്ട്. അത്തരം
ധാരണകളെ ഒന്നിളക്കിമാറ്റുവാന്‍ ഈ
അടിക്കു കഴിയുമെങ്കില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെ മാറ്റി നിറുത്തി ശേഷം വരുന്ന
ഒരു ശതമാനത്തിന് ഞാന്‍ ജയ്
വിളിക്കും.
നിയമവാഴ്ചയുടെ പ്രസക്തി എടുത്തു
പറയുമ്പോള്‍ തന്നെ
, നിയമം ഏറെക്കാലമായി യത്നിച്ചിട്ടും സ്ത്രീവിരുദ്ധ പുരുഷ കോയ്മകള്‍ക്ക് ഒരു
പോറലുപോലുമേല്‍പിക്കാന്‍ കഴിയാത്ത
ഒരു സാഹചര്യത്തില്‍ ഇങ്ങനെയേ
ഒരഭിപ്രായം പറയാനാകൂ.കാരണം വിഷയം എത്രതന്നെ ലഘുവാണോ, അത്രതന്നെ സങ്കീര്‍ണവുമാകുന്നു.
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 27
, 8.15 AM ||
Comments