#ദിനസരികള്‍ 1253 സമരമാണ് , സഞ്ചാരമല്ല സ്വാതന്ത്ര്യം


-----------------------------------------------

 

            സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന സുപ്രിംകോടതിയുടെ അഭിപ്രായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു വിധിയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതയുണ്ട്. ഷഹിന്‍ബാഗ് ആവര്‍ത്തിക്കരുതെന്ന വാദവുമായ കോടതിയിലെത്തിയ ഒരു ഹരജി പരിഗണിക്കുന്നതിനിടയിലാണ് പരമോന്നത കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സമരം നടത്താനുള്ള അവകാശത്തോടൊപ്പം സഞ്ചരിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നുമുള്ള അഭിപ്രായം പ്രകടിപ്പിച്ച കോടതി , വിധി പറയാനായി കേസ് പിന്നത്തേക്ക് മാറ്റിവെയ്ക്കുകയാണ് ചെയ്തത്.

            സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പരമമായ അവകാശമല്ലെന്ന അഭിപ്രായം ഒരു ജനാധിപത്യ രാജ്യത്തില്‍ ഏറെ അപകടകരമാണ്. ജനങ്ങളുടെ അഭിപ്രായങ്ങളെ തരിമ്പും പരിഗണിക്കാതെ ഏകപക്ഷീയമായ നിയമങ്ങള്‍ സൃഷ്ടിക്ക്പപെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. രാജ്യത്തെ കാര്‍ഷിക രംഗത്തെ മുച്ചൂടും തകര്‍ക്കുന്ന ഒരു ബില്‍ പാസാക്കപ്പെടുകയും അതിനെതിരെ വ്യാപകമായ പ്രതിഷേധ സമരങ്ങള്‍ ആളിക്കത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം എന്നത് ഏറെ ശ്രദ്ധേയവുമാണ്.

            സഞ്ചാര സ്വാതന്ത്ര്യമാണോ സമരസ്വാതന്ത്ര്യമാണോ വലുത് ? തീര്‍ച്ചയായും സമരസ്വാതന്ത്ര്യമാണെന്ന് ഞാന്‍ ഉത്തരം പറയും. കാരണം സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള നിരവധി അവകാശങ്ങള്‍ നാം നേടിയെടുത്തത് സമരങ്ങളിലൂടെയായിരുന്നു. അത്തരം സമരങ്ങളില്‍ ചിലതെല്ലാം സഹിഷ്ണുതയുടെ മാര്‍ഗ്ഗങ്ങളിലുടെയായിരുന്നുവെങ്കില്‍ മറ്റു ചിലതെല്ലാം ചോര ചീന്തിയവയായിരുന്നു. ഇങ്ങനെ നമ്മുടെ പൂര്‍വ്വികര്‍ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ മുഴുവന്‍ സദ്ഫലങ്ങളും അനുഭവിച്ചു കൊണ്ടാണ് നാം ഇപ്പോള്‍ ജീവിച്ചു പോകുന്നത്. അന്ന് സമരം നടത്തിയവര്‍ ഒരു വ്യക്തിയുടെ താല്പര്യത്തെക്കാള്‍ ഒരു സമൂഹത്തിന്റെ താല്പര്യത്തിന് പ്രാധാന്യം കൊടുത്തു. എന്നാല്‍ ഇന്നാകട്ടെ  അന്നത്തെക്കാലത്തെക്കാള്‍ ജീവിത നിലവാരം ഉയര്‍ന്നപ്പോള്‍ സമൂഹം എന്നതിനെക്കാള്‍ വ്യക്തി താല്പര്യങ്ങള്‍ക്കാണ് പ്രസക്തിയെന്ന് ചിന്തിക്കാന്‍ തുടങ്ങി.

            ഇപ്പോള്‍ നടക്കുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള സമരം തന്നെ നോക്കുക. കര്‍ഷകരുടെ നിലനില്പിന്റെ തന്നെ പ്രശ്നമാണ് അവര്‍ പ്രതിഷേധങ്ങളിലൂടെ ഉന്നയിക്കുന്നത്. ഫലത്തില്‍ അത് രാജ്യത്തിന്റെ നിലനില്പിന്റെ പ്രശ്നം കൂടിയാണ്. ഏതെങ്കിലും വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് വാദിച്ചു കൊണ്ട് അത് അവസാനിപ്പിക്കണമെന്ന് നമുക്ക് പറയാനാകുമോ? സമരം പോലെ തന്നെ പ്രസക്തമാണ് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും എന്ന വാദവും ഉന്നയിക്കപ്പെട്ടേക്കാം. എന്നാല്‍ സമരത്തിന്റെ മുന്നില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഒന്നുമല്ലെന്നാണ് ഞാന്‍ അടിവരയിട്ടു പറയുക.ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പന്ത്രണ്ടാമത്തെ അനുച്ഛേദം  മുതലാണ് മൌലികാവകാശങ്ങളെക്കുറിച്ച് പറയുന്നത്.പത്തൊമ്പതാം അനുച്ഛേദത്തില്‍ ഭാരതത്തിന്റെ ഭൂപ്രദേശത്ത് എവിടേയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ചു പറയുന്നുണ്ട്. ആ നിര്‍‌ദ്ദേശത്തെ ബഹുമാനിക്കുന്നു. എന്നാല്‍ അതിന്റെ മറവില്‍ രാജ്യത്തു നടക്കുന്ന സമരങ്ങളെ തള്ളിമാറ്റുവാനുള്ള നീക്കം കുത്സിതമായ താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.

           

            സമരം ചെയ്യാന്‍ അനുവദിക്കാതിരിക്കുക എന്നതൊരു ഫാസിസ്റ്റ് നയമാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളെ ഏതൊരു വിധത്തിലും അവസാനിപ്പിച്ചെടുക്കുകയെന്നതാണ് അത്തരം നയങ്ങളുടെ ലക്ഷ്യം. അതിന് കോടതികളെപ്പോലും കരുവാക്കിയ നിരവധി സംഭവങ്ങള്‍ നമ്മുടെ നിയമചരിത്രത്തിലുണ്ട്. ഇവിടേയും സംഭവിക്കുന്നത് അതുതന്നെയാണ്. സഞ്ചാര സ്വാതന്ത്ര്യത്തെ മുന്‍നിറുത്തി സമരം ചെയ്യാനുള്ള അവകാശത്തെ അവസാനിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം ഹരജികളുടെ രാഷ്ട്രീയ ലക്ഷ്യം. അതു നമ്മുടെ കോടതികള്‍ തിരിച്ചറിയുക തന്നെ വേണം.

 

 

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 22 , 8.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1