#ദിനസരികള്‍ 1256 സ്മിത അനുസ്മരണക്കാരോട് , സ്നേഹപൂര്‍വ്വം.
ഒ കെ ജോണി, ഏറ്റവും
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സിനിമയുടെ വര്‍ത്തമാനം
എന്ന പുസ്തകത്തില്‍ സില്‍ക്ക് സ്മിതയെ അനുസ്മരിക്കുന്നുണ്ട് : ” വ്യാജവും കപടവുമായ നമ്മുടെ സദാചാര സംസ്കാര
സങ്കല്പങ്ങള്‍ സ്മിതയെപ്പോലുള്ളവര്‍ക്ക് എന്നും ഭ്രഷ്ട്
കല്പ്പിക്കുന്നു.പ്രേക്ഷകരുടെ നയന ഭോഗാസക്തിയെ പ്രീതിപ്പെടുത്തുന്ന വെറുമൊരു ശരീരം
മാത്രമായിരുന്നുവല്ലോ പ്രേക്ഷകര്‍ക്കും പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായി
അറിയാവുന്ന സിനിമാ നിര്‍മ്മാതാക്കള്‍ക്കും ആ പാവം സ്ത്രീ.അവരുടെ സുഭഗമായ ശരീരം
എത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ആവശ്യമായിരുന്നു.
തിയറ്ററിലെ ഇരുട്ടില്‍ സ്മിതയോട് നമുക്ക് അനുരാഗമായിരുന്നു.ഗണികാഗൃഹ നടത്തിപ്പുകാരന്റെ കണിശതയോടെ
സില്‍ക്ക് സ്മിതയെ ഉപയോഗപ്പെടുത്തിയ സിനിമാ നിര്‍മ്മാതാക്കളും ഉപഭോക്താക്കളായ
പ്രേക്ഷകരും സ്മിതയോടുള്ള ഇഷ്ടം മാന്യമായി മറച്ചു വെയ്ക്കുകയായിരുന്നു.ഈ
വൈപരീത്യത്തെക്കുറിച്ചും അതിന്റെ പിന്നിലെ സങ്കീര്‍ണമായ സാംസ്കാരിക
സമസ്യകളെക്കുറിച്ചുമുള്ള തീക്ഷ്ണമായ വേവലാതിയും സങ്കടവും സ്മിത എന്ന സ്ത്രീയെ
ഇളക്കി മറിച്ചിട്ടുണ്ടാകും. ആര്‍ക്കും വേണ്ടിയല്ലാതെ അവര്‍ ഉപേക്ഷിച്ചു പോയ അന്ത്യ
സന്ദേശത്തില്‍ പാഴായിപ്പോയ തന്റെ അനാഥ ജന്മത്തെക്കുറിച്ചുള്ള നിസ്സീമമായ
ഖേദമാണല്ലോ നാം വായിക്കുന്നത്.മരണത്തിലും അവരെ സമീപിക്കുവാന്‍ നമ്മുടെ മാന്യത
അനുവദിച്ചില്ല.പ്രശസ്തര്‍ക്കെല്ലാം സമൂഹം ഉദാരമായി നല്കുന്ന ആദരവോ
ചരമോപചാരച്ചടങ്ങുകളോ അനുശോചന പ്രകടനങ്ങളോ സഹപ്രവര്‍ത്തകരുടെ പോലും സാന്നിധ്യമോ
ഇല്ലാതെയാണ് ആ ശരീരം സംസ്കരിക്കപ്പെട്ടതെന്ന് പത്രവാര്‍ത്തകളില്‍ കാണുന്നു “ 1996 ല്‍ സ്മിതയുടെ ആത്മഹത്യ നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്
ജോണി , ‘സ്മിതയ്ക്ക്
ക്ഷമാപണത്തോടെ’ എന്ന പേരിലുള്ള ഈ ലേഖനം എഴുതുന്നത്.
നമ്മുടെ
ഇരട്ടമുഖങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കുറിപ്പാണ് ഇന്നലെ എന്റെ
മുന്നിലേക്ക് ഒഴുകിയെത്തിയ സ്മിത അനുസ്മരണങ്ങളില്‍
ചിലതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. ഇപ്പോഴും നാം സ്മതിയെ അനുസ്മരിക്കുന്നത്
തങ്ങളുടെ മുഖംമുടികളില്‍ ഒരു പോറലുപോലും ഏല്ക്കരുതെന്ന ശാഠ്യത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത്തരം
കുറിപ്പുകളില്‍ ഭൂരിപക്ഷവും
പേറുന്ന കാപട്യവും ആത്മാര്‍ത്ഥയില്ലായ്മയും അരോചകമാകുന്നു. നേരിട്ട്
പരിചയപ്പെട്ടിട്ടുണ്ടെന്നോ മറ്റോ സമ്മതിച്ചു പോയാല്‍ കെട്ടഴിഞ്ഞു പോകുന്ന നിഷ്ഠകളെക്കുറിച്ചുള്ള
ബോധ്യമായിരിക്കാം ഒരു പക്ഷേ ഇത്തരക്കാരുടെ എഴുത്തുകളെ നിര്‍ജ്ജീവമാക്കുന്നത്. എന്നാല്‍
ജോണിയാകട്ടെ സ്മിതയോട് ഇരുട്ടില്‍ മാത്രം
അനുരാഗികളാകുന്ന മലയാളികളുടെ സദാചാരമുഖം മൂടിയെ, കൊഴിഞ്ഞു പോകുന്ന ഒരു രോമത്തെ
എടുത്തുമാറ്റുന്ന ലാഘവത്തോടെ , പറിച്ചെടുക്കുന്നു.
സ്മിത തെറ്റും
ബാക്കിയുള്ളവര്‍ ശരിയുമാകുന്ന ഒരു സാഹചര്യത്തില്‍ , സംസ്കാരത്തിന്റെയും
സദാചാരത്തിന്റേയും പതാകവാഹകരായ നാം , ഇനിയെങ്കിലും സ്മിതയെ
അനുസ്മരിക്കാതിരിക്കുകയാണ് വേണ്ടത്. നമ്മുടെ അനുസ്മരണക്കുറിപ്പുകളിലേക്ക് അവള്‍ , ശവക്കൂനയില്‍ നിന്നും കാറിത്തുപ്പുന്നതെങ്കിലും ഒഴിവാക്കാമല്ലോ !
മനോജ് പട്ടേട്ട് || 2020 സെപ്തംബര്
25 , 8.15 AM ||
Comments