#ദിനസരികള്‍ 1255 എന്റെ പുകവലിയുടെ കഥ
ഞാന്‍
അഞ്ചിലോ ആറിലോ പഠിക്കുമ്പോഴായിരിക്കണം ആദ്യമായി പുകവലിച്ചത്. എന്നുവെച്ചാല്‍ പതിനൊന്നോ പന്ത്രണ്ടോ വയസ്സു പ്രായം.അച്ഛന്‍ അന്നു വലിച്ചിരുന്നത് സാധു ബീഡിയായിരുന്നു. അതില്‍
നിന്നും മോഷ്ടിച്ചെടുത്താണ് വലി തുടങ്ങിയത്.
നാലു കിലോമീറ്ററോളം നടന്നു വേണം സ്കൂളിലേക്ക് പോകാന്‍. അതിനിടയില്‍ ആരും
കാണാതെ ഒളിച്ചിരുന്ന് വലിക്കാന്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ട്. പക്ഷേ
സ്കൂളിലെത്തിക്കഴിഞ്ഞാലുള്ള ഇടവേളകളിലെ വലിയായിരുന്നു രസം. ഞങ്ങള്‍ അഞ്ചാറു
പേരടങ്ങുന്ന ഒരു സംഘമുണ്ട്.ഉച്ചയ്ക്ക് ഇടവേളയാകാന്‍ കാത്തിരിക്കും. സ്കൂളിന്
പിന്നിലെ കാപ്പിത്തോട്ടത്തിലേക്ക് കയറിയാല്‍ ആരും കാണില്ല. അവിടെ വെച്ചാണ്
പുകവലിയുടെ ബാലപാഠങ്ങള്‍ അതിവിദഗ്ദമായി
അഭ്യസിച്ചത്.
വെറുതെ വലിച്ചാല്‍
മാത്രം പോര. പുക ഉള്ളിലേക്ക് എടുക്കണം. ആദ്യമായി വലിക്കുന്നവര്‍ക്ക് ആ കടമ്പ
കടക്കുകയെന്നത് വലിയ പ്രശ്നമാണ്. പുക ഉള്ളിലേക്ക് എടുക്കുമ്പോള്‍ ചുമയ്ക്കും.
കണ്ണുകള്‍ നിറഞ്ഞു വരും.
പക്ഷേ ഒരിത്തിരി പരിശീലനം ലഭിക്കേണ്ട കാര്യംതന്നെയാണ്. കൂട്ടുകാരന്‍ റജി പക്ഷേ ഇക്കാര്യത്തില്‍ വിദഗ്ദനാണ്. അവനാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ഒറ്റയടിക്ക് പുകയെടുക്കരുത്.
പയ്യെപ്പയ്യെ വേണം ഉള്ളിലേക്ക് വലിക്കുവാന്‍. പുകമാത്രമായി എടുത്താല്‍ തീര്‍ച്ചയായും
ചുമയ്ക്കും. അതുകൊണ്ട് വാ തുറന്ന് കുറച്ചു വായുകൂടി വലിച്ചെടുക്കണം. അപ്പോള്‍
ചുമയ്ക്കില്ല. പഠനം പുരോഗമിച്ചു. അസാധ്യമായ പുരോഗതി.രണ്ടു ദിവസം കൊണ്ട്
ചുമയ്ക്കാതെ വലിക്കുന്നതില്‍ വലിയ
വിജയം നേടി. മൂക്കിലൂടെ പുക വിടലെന്ന പരിപാടിയും അതിനിടയില്‍ വലിയ ത്യാഗമൊന്നും സഹിക്കാതെ പഠിച്ചെടുക്കാന്‍ കഴിയും. പിന്നെ ഇത്തിരി സമയമെടുത്ത് പഠിക്കേണ്ടത്
പുകച്ചുരുളുകളുണ്ടാക്കുന്ന പരിപാടിയാണ്. അതില്‍ വൈദഗ്ദ്യം നേടണമെങ്കില്‍ നന്നായി അധ്വാനിക്കണം. കട്ടപ്പുക തന്നെ കിട്ടണം.
അതിന് ബീഡി പോര. സിഗററ്റു തന്നെ വേണം. റജി പുകവിടാന്‍ വിഗദ്ധനായിരുന്നു. അവന്‍
ചുരുളുകള്‍ക്ക് ഉള്ളിലൂടെ ചുരുളുകളായി പുകയൂതി വിടും. അവന്‍ വലിക്കുന്ന സിഗററ്റില്‍ നിന്നും എല്ലാവര്‍ക്കും ഓരോ പുക കൊടുക്കും.
അങ്ങനെയാണ് ചുരുള്‍ പഠനം ആരംഭിച്ചത്.
പിന്നീട് ആദ്യമായി സിഗററ്റ് വായില്‍
വെച്ചപ്പോള്‍ എന്നെക്കഴിഞ്ഞ് മറ്റാരുമില്ലെന്ന ഒരു ഭാവമായിരുന്നു. ധാരാളമായി പുക
വലിച്ച് മൂക്കിലൂടെ ഊതി ബാക്കി വരുന്ന പുകയ്ക്ക് രണ്ടു വളയം കൂടി വിട്ടു
കൂട്ടത്തില്‍ പിടിച്ചു
നില്ക്കാന്‍ കഴിയുന്ന സ്ഥിതിയായി.
പിന്നീട് വലിക്കാലം
തന്നെയായിരുന്നു. സ്കൂളിലും വീട്ടിലേക്കുള്ള വഴികളിലുമൊക്കെ ഒത്തിരി ഒളിച്ചും
ഇത്തിരി ഒളിക്കാതെയും വലി തുടര്‍ന്നു. ബീഡി കൈയ്യില്‍ നിന്നും ഒഴിഞ്ഞ നേരമില്ലെന്നായി. സ്കൂള്‍കാലം കഴിയുമ്പോഴേക്കും വലിയൊരു
സ്വഭാവികതയായിമാറി. വലിക്കാന്‍ വേണ്ടി മാത്രം രാത്രിയില്‍ ഉണര്‍ന്നിരുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. രാത്രിയില്‍ വീട്ടില്‍ നിന്ന് വലിക്കാന്‍ കഴിയില്ല. അച്ഛന്‍ പലപ്പോഴും വീട്ടിലുണ്ടാകില്ല. പക്ഷേ
വലിക്കണമെങ്കില്‍ അമ്മ ഉറങ്ങണം. അമ്മ ഉറങ്ങുന്നതും കാത്തിരിക്കുക ഒരു വിഷമം
പിടിച്ച സംഗതി തന്നെയാണ്. അമ്മ ഉറങ്ങിയെന്ന് ബോധ്യമായാല്‍ പിന്നെ വലി തുടങ്ങും.
പക്ഷേ അമ്മയ്ക്ക് കാര്യം
പിടികിട്ടിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. വീട്ടിലേക്ക് എത്തുമ്പോള്‍ അമ്മയ്ക്ക് മണം കിട്ടാതിരിക്കാന്‍ വേണ്ടി തെരുവപ്പുല്ല് ചവയ്ക്കുമെങ്കിലും എത്ര
ശ്രമിച്ചാലും പുകയുടെ മണമൊരു വില്ലന്‍ തന്നെയാണ്.
സിഗററ്റാണെങ്കില്‍ പറയുകയും വേണ്ട.
വലിയ്ക്കുമെന്ന് അമ്മയ്ക്ക് മനസ്സിലായ ശേഷം ഇടക്കിടക്ക് വെറുതെ അടികിട്ടും.
കീശയില്‍ നിന്നും ബീഡിയുടെ ചുക്ക കിട്ടി
എന്നൊക്കെയായിരിക്കും അടിയുടെ കാരണമായി പറയുക.
പത്താംക്ലാസിലെത്തിയപ്പോഴേക്കും
വലിയോടൊപ്പം വായനയും മൂത്തു. അക്കാലം ഇന്നത്തെ മാന്യന്മാരായ പല എഴുത്തുകാരുടേയും
ആദിമ രൂപങ്ങള്‍ അഴിഞ്ഞാടുന്ന സമയമായിരുന്നു. കവിതയും കഥയുമൊക്കെ
ഭൂതാവേശം പോലെ കടന്നു വന്നു. ചുള്ളിക്കാടൊക്കെ സിഗററ്റിന്റെ എണ്ണം കൂട്ടിയ
മന്ത്രവാദികളായിരുന്നു. മാടമ്പിന്റെ അശ്വത്ഥാമാവ് എന്ന നോവല്‍ വായിക്കുന്നത് പ്രീഡിഗ്രി കാലത്താണെന്ന് തോന്നുന്നു.
ആ നോവലിലെ നായകനായ കുഞ്ഞുണ്ണിയെപ്പോലെ സര്‍വ്വകലാവല്ലഭനാകുകയെന്നത് രസകരമായ
ഒരാശയമായിരുന്നു.
ചുരുക്കാം. വലി
അതിന്റെ പരമാവധിയിലേക്ക് എത്തി. ദിവസം എഴുപതോ എണ്‍പതോ സിഗററ്റ്
വലിക്കുമായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍
വിശ്വസിക്കുമോ? പക്ഷേ അത് സത്യമാണ്.
താമസം ഒറ്റയ്ക്കായതോടെ വലിയുടെ എണ്ണവും കൂടി. രാത്രി മുഴുവന്‍ പുസ്തകത്തോടൊപ്പം
ഉണര്‍ന്നിരുന്ന് വലിക്കുമായിരുന്നു. വായിക്കാന്‍ വേണ്ടി വലിക്കുന്നോ അതോ വലിക്കാന്‍
വേണ്ടി വായിക്കുന്നോ എന്ന് ചോദിച്ചാല്‍ സത്യമായും എനിക്കറിയില്ലായിരുന്നു.
വായന പോലെ തന്നെ വലിയും വലിയ ഇഷ്ടമായിരുന്നുവെന്ന് മാത്രം പറയാം. അങ്ങനെ ഏകദേശം
രണ്ടായിരത്തിപ്പതിമൂന്നു വരെ പത്തുമുപ്പതുകൊല്ലം തുടര്‍ച്ചയായി നിറുത്തില്ലാതെ
വലിച്ചു. രണ്ടായിരത്തിപ്പതിമൂന്നിലാണ് വലി നിറുത്തുന്ന ഒരു സംഭവം നടക്കുന്നത്.
അന്ന്
സംയുക്ത തൊഴിലാളി സംഘടനകളുടെ നാല്പത്തിയെട്ട് മണിക്കൂര്‍ ഹര്‍ത്താലായിരുന്നു. ഹര്‍ത്താലിനു
മുന്നേ ആവശ്യമായ സിഗററ്റൊക്കെ വാങ്ങി വെച്ചുവെങ്കിലും ഞങ്ങള്‍ സഖാക്കള്‍ പൊതുവേ
വലിക്കാരായതിനാല്‍ വാങ്ങി വെച്ചവയൊക്കെ രണ്ടാം ദിവസം ഉച്ചയോടെതന്നെ തീര്‍ന്നു. ഒരു
കുമ്മട്ടിക്കട പോലും തുറന്നിട്ടില്ല. എവിടെ നിന്നും കിട്ടാനുള്ള ഒരു
സാധ്യതയുമില്ല.ആരുടെ കൈയ്യിലുമില്ല. വൈകുന്നേരമായപ്പോഴേക്കും എല്ലാവരും പിരിഞ്ഞു.
എനിക്ക് വലിക്കാതെ ഒരു നിവൃത്തിയുമില്ലെന്നായി. ആകെ ഭ്രാന്താവുന്ന അവസ്ഥ. ടൌണിലിറങ്ങി തലങ്ങും വിലങ്ങും
നടന്നു.കണ്ടവരോടൊക്കെ ചോദിച്ചു. എവിടെ നിന്നും കിട്ടാതായതോടെയാണ് വഴിവക്കില്‍
കിടന്ന സിഗററ്റു കുറ്റിയിലേക്ക് ശ്രദ്ധ പതിയുന്നത്.
പിന്നെ
ടൌണില്‍ കുറച്ചു സമയം നടന്നത് ആരോ വലിച്ചു കളഞ്ഞ കുറ്റി തേടിയായിരുന്നു. ആരും കാണാതെ വേണമല്ലോ
എടുക്കാന്‍ . കണ്ടാല്‍ നാണക്കേടല്ലേ ? അതുകൊണ്ട് വളരെ ശ്രദ്ധിച്ച് ഓരോന്നായി പെറുക്കിയെടുത്ത്
മുറിയിലേക്ക് എത്തി.ആദ്യം തന്നെ രണ്ടുമൂന്നെണ്ണമെടുത്ത് വലിച്ചു. പിന്നെ സിഗററ്റു
തുറന്ന് പുകയില ഒരു കടലാസിലേക്ക് തട്ടിയിട്ട് അതെല്ലാം കൂടി നീളമുള്ള ഒരു കടലാസില്‍ ചുരുട്ടിയെടുത്തു. ഒറ്റ
നോട്ടത്തില്‍ അതൊരു സിഗററ്റു പോലെ തന്നെയുണ്ടായിരുന്നു.
അതെല്ലാം
വലിച്ച് ആസ്വദിച്ചിരുന്നപ്പോഴാണ് അറിയാതെയെന്നോണം ഞാന്‍ എന്റെ വലിയെപ്പറ്റി
ആലോചിച്ചു പോയത്.
സിഗററ്റു
കിട്ടാതെയായപ്പോഴത്തെ എന്റെ പെരുമാറ്റം എനിക്കു തന്നെ വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു.
ഭ്രാന്തു പിടിച്ച പോലെ. അക്ഷരാര്‍ത്ഥത്തില്‍തന്നെ ഞാന്‍ ഞാനല്ലാതായ പോലെ. പുകവലി
എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്ന എന്ന ചിന്ത എന്നെ
അലട്ടി. അതിനു മുമ്പു പലതവണ നിറുത്തണം എന്നൊക്കെ വെറുതെ ചിന്തിക്കുകയും പറയുകയും
ചെയ്തിരുന്നുവെങ്കിലും ആത്മാര്‍ത്ഥമായ ഒരു ശ്രമമുണ്ടായിരുന്നില്ല.എപ്പോള്‍ വേണമെങ്കിലും നിറുത്താന്‍
കഴിയുമെന്ന ഒരഹങ്കാരംകൂടി എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ ഞാന്‍
പുകവലിയ്ക്കുകയല്ല എന്നെ പുക വലിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ നിമിഷം
ഞാനൊരു തീരുമാനമെടുത്തു. ഇനി പുക വലിക്കില്ല.
തീരുമാനിച്ച
പോലെ എളുപ്പമായിരുന്നില്ല വലി നിറുത്തുവാന്‍. ആദ്യത്തെ ദിവസങ്ങളില്‍ ആകെയൊരു
വെപ്രാളമായിരിക്കും. വിയര്‍ക്കും.ശരീരത്തിന് വലിയ ഭാരക്കുറവ് തോന്നും. ഞാന്‍ എഴുതുന്നതിനും എത്രയോ
അപ്പുറമാണ് വലി നിറുത്താനുള്ള ബുദ്ധിമുട്ട്. ഒരു മൂന്നാലു ദിവസം കഴിഞ്ഞാല്‍പ്പിന്നെ
കുറച്ച് ആശ്വാസമാകും. പക്ഷേ പുകവലിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും
വിശന്നിരിക്കുമ്പോള്‍ ഭക്ഷണം കണ്ടപോലെ വായില്‍ നിന്നും വെള്ളം വരും.
വലിയ്ക്കാനുള്ള പ്രവണത തടയുക വലിയ പണിയാണ്. വലിയ്ക്കാന്‍ തോന്നുമ്പോഴൊക്കെ
ഞാന്‍ വലിയൊരു പാത്രം നിറയെ നല്ല തണുത്ത പച്ചവെള്ളം കുടിക്കുമായിരുന്നു. അതൊരു
നല്ല പരിപാടിയാണെന്ന് എനിക്കു തോന്നി. അങ്ങനെ ആഴ്ചകള്‍ കടന്നതോടെ എല്ലാ
വെപ്രാളങ്ങളുമൊടുങ്ങി. ഒരു തരം സംതൃപ്തി അനുഭവപ്പെട്ടു. ഞാന്‍ എനിക്കു തന്നെ കൈകൊടുത്ത്
എടാ മിടുക്കാ എന്ന് സ്വയം അഭിനന്ദിച്ചു. ഇനി വലിയില്ല എന്ന തീരുമാനത്തില്‍ നിന്നും എന്നെ
പിന്തിരിപ്പിക്കാന്‍ പിന്നീടൊരിക്കലും ഞാന്‍ എന്നെ അനുവദിച്ചിട്ടില്ല.
ഇതൊരു
സാരോപദേശ കഥയുടെ മട്ടിലൊന്നും ആരും കണക്കിലെടുക്കേണ്ട. ഒരു സിഗറ്റു വലിച്ചാലുടനെ
ജീവിതം പോയി എന്നൊന്നും ഞാന്‍ ചിന്തിക്കുന്നുമില്ല. പക്ഷേ ഞാന്‍ നേരത്തെ
സൂചിപ്പിച്ചതുപോലെ സിഗററ്റെന്നല്ല മറ്റൊന്നും തന്നെ നമ്മെ നിയന്ത്രിക്കുന്ന
സാഹചര്യം അനുവദിക്കരുതെന്ന് മാത്രമേ എനിക്കുള്ളു. നമ്മെയല്ല
നാമാണ് വലിക്കുന്നതെന്ന ബോധ്യമുണ്ടെങ്കില്‍ ആകാം, അല്ലെങ്കില്‍
എന്താലായും നിറുത്തുക തന്നെ വേണം. അത്രമാത്രം.
മനോജ് പട്ടേട്ട് || 2020 സെപ്തംബര്
24 , 8.15 AM ||
Comments