#ദിനസരികള്‍ 1251 മലയാളം സംരക്ഷിക്കപ്പെടുക തന്നെ വേണം.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് വെച്ച് വ്യവഹാര ഭാഷ എന്ന നിലയില് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് മലയാളമാണ്. ഭാഷാപ്രേമത്തിന് പേരുകേട്ട തമിഴിനെക്കാള് കൂടുതലാണ് മലയാളം ഉപയോഗിക്കുന്നവരുടെ ശതമാനമെന്ന് കണക്കുകള് വ്യക്തമാക്കുന്നു. തമിഴ്നാട്ടില് തൊണ്ണൂറു ശതമാനം ആളുകളാണ് തമിഴ് ഭാഷ ഉപയോഗിക്കുന്നതെങ്കില് കേരളത്തില് തൊണ്ണൂറ്റിയാറു ശതമാനം ആളുകളും മലയാളമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും മലയാളഭാഷയെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ഭാഷാപ്രേമികളുടെ പരിദേവനത്തിന് നീണ്ട കാലത്തെ ചരിത്രമുണ്ട്. മലയാളികളായിട്ടുള്ളവര് ഈ ഭാഷയെ സംരക്ഷിച്ചു പിടിക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കുന്നില്ലെങ്കില് മറ്റാരാണ് ആ ദൌത്യം ഏറ്റെടുക്കുക ? ഇപ്പോഴാകട്ടെ കേന്ദ്രസര്ക്കാറിന്റെ പിന്ബലത്തോടെ ഹിന്ദിയുടെ അടിച്ചു കയറ്റം ആരംഭിച്ചു കഴിഞ്ഞു. ഹിന്ദിയോടുള്ള പ്രത്യേക സ്നേഹം ഒന്നുമല്ല ഹിന്ദി വ്യാപനത്തിനുവേണ്ടി കേന്ദ്രസര്ക്കാര് ശ്രമിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം. മറിച്ച് ഒരൊറ്റ ഭാഷയില് ഹിന്ദുത്വ അജണ്ടകള് രാജ്യമാകെ വ്യാപിപ്പിക്കുവാന് കഴിയുമെന്നും അത് സംഘപരിവാരത്തിന് ഗുണകരമായിരിക്കുമെന്നുമുള്ള ചിന്തയുടെ ഫലമാണ് ഹിന്ദി പ്രചാരണ പരിപാടികളുടെ മുഖ്യ ഉദ്ദേശമായിരിക്കുന്നത്.
പ്രാദേശിക ഭാഷകളില് മലയാളത്തിന് മറ്റു ദക്ഷിണേന്ത്യന് ഭാഷകളെക്കാള് പലതുകൊണ്ടും പ്രാധാന്യമുണ്ട്. സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങളുടെ - ചിലര് നവോത്ഥാനകാലം എന്നാണ് പറയുക - കാലം മുതല് ജനങ്ങളില് ഈ ഭാഷയിലെ സാഹിത്യത്തിന് വലിയ തോതില് ഇടപെടാന് കഴിഞ്ഞിരുന്നു. ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പല ആശയങ്ങളും മലയാളത്തിലുണ്ടായി. അവയില് ചിലതെല്ലാം ഒരു മുദ്രാവാക്യമെന്നതുപോലെ ആളുകളുടെ മനസ്സിലേക്ക് തുളച്ചു കയറി. സാമൂഹ്യ മുന്നേറ്റത്തില് അവ വലിയ തോതിലുള്ള പ്രചോദനങ്ങളായി.ജാതിയുടേയും മതത്തിന്റേയും കെട്ട നിയമങ്ങളില് കുടുങ്ങിക്കിടന്നിരുന്ന കേരളീയ സമൂഹം ഒരു പുതിയ പ്രഭാതത്തെ അനുഭവിച്ചു തുടങ്ങി. അങ്ങനെ ഒരു വലിയ സാമുഹ്യ മുന്നേറ്റത്തിന്റെ നട്ടെല്ലായിരുന്ന ഭാഷയെയാണ് ഇന്ന് നമ്മള് രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ മാറ്റി നിറുത്തുവാന് തുടങ്ങുന്നത്.
ഒരു ഭാഷ എന്നു പറഞ്ഞാല് ഒരു ജനതയുടെ ചരിത്രത്തിന്റേയും സംസ്കാരത്തിന്റെയും ഈടുവെയ്പാണ്. അതുകൊണ്ടുതന്നെ ഭാഷ ഇല്ലാതെയാകുക എന്നാല് ഒരു ജനത തന്നെ ഇല്ലാതാകുക എന്നാണ് അര്ത്ഥമാകുന്നത്. അത് അനുവദിക്കുവാന് പാടില്ല. ഏതെങ്കിലും വിധത്തിലുള്ള ഭാഷാ തീവ്രവാദമല്ല ഇത്. ഒളിപ്പിച്ചു വെച്ച ചില അജണ്ടകളിലൂടെ വര്ഗ്ഗീയ ശക്തികള് കടന്നു കയറാന് ശ്രമിക്കുമ്പോള് പ്രതിരോധം തീര്ക്കാനുള്ള ഏറ്റവും സമര്ത്ഥമായ ഒരായുധമാണ് സ്വന്തം ഭാഷ.കാരണം അതിലാണ് നാം ജനിച്ചതും വളര്ന്നും മരിക്കുന്നതുമെല്ലാം. നമ്മുടെ ചരിത്രം താല്കാലികമായെങ്കിലും മയങ്ങിക്കിടക്കുന്നത് അവിടെയാണ്. അവ വലിയൊരു വന്മതിലായി ഇനിയുമൊരിക്കല്ക്കൂടി നമുക്കു മുകളില് തണല് വിരിച്ചു നിന്ന് പ്രതിരോധമാകുവാന് ഒന്നു തൊട്ടുണര്ത്തിയാല് മതി.
അതുകൊണ്ട് മലയാളം സംരക്ഷിക്കപ്പെടുക തന്നെ വേണം.
ഈകുറിപ്പിന്റെ അനുബന്ധമായി കുരീപ്പുഴയുടെ അമ്മ മലയാളം കൂടി വായിക്കുക.
കാവ്യക്കരുക്കളില് താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്
ഞെട്ടിത്തെറിച്ചു തകര്ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില് വച്ചു നമിച്ചു തിരിഞ്ഞൊരാള്
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില് എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന് നഭസ്സ് ചോദിക്കുന്നു
മണിനാദമാര്ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള് പേറും കരങ്ങള് ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന് കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില് നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില് നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്മൊഴി
ആരോമല് ചേകോന്റെ അങ്കത്തിരുമൊഴി
ആര്ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന് നിറമൊഴി
കുഞ്ഞാലി വാള്മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന് ,ഊഞ്ഞാലിലാടുവാന്
പൂനുള്ളിയോടുവാന് ,വിളകൊയ്തു കേറുവാന്
വിത്തിടാന് ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്
തമ്മില് പിണങ്ങുവാന് ,പിന്നെയുമിണങ്ങുവാന്
പാടുവാന് ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്
കരയുവാന് ,പൊരുതുവാന് ,ചേരുവാന്
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില് കഞ്ഞി വിശപ്പാറ്റുവാന്
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്ക്കുവാന് വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്
ആയുധം തന്ന മലയാളം.
ഉപ്പ്, കര്പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന് ,വീണ, പുല്ലാങ്കുഴല്
നന്തുണി ചൊല്ലു കേള്പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന് കയത്തില്
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്
ശിക്ഷിച്ചു തൃപ്തരാകുമ്പോള്
ഓമനത്തിങ്കള് കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു ?
ഓമല്മലയാളത്തെ എന്തുചെയ്തു ?
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 20 , 8.15 AM ||
Comments