#ദിനസരികള്‍ 1252 ഒറ്റയാന്റെ പോരാട്ടങ്ങള്
അയാള്‍ ഒറ്റയായിരുന്നു. മഴ അയാളെ നനച്ചിരുന്നു. എങ്കിലും
മറ്റെല്ലാത്തിനുമുപരി മനുഷ്യന്‍ മനുഷ്യനെ
ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ ഉള്‍ച്ചൂടില്‍ ആ
മനുഷ്യന്‍ അടിമുടി തിളച്ചിരുന്നു. അതുകൊണ്ടാണ് അലറിയെത്തുന്ന ആറെസ്സെസ്സിന്റെ
കാലാള്‍പ്പടയ്ക്കെതിരെ ഒറ്റക്കൊരു ചെങ്കൊടിയുമായി അയാള്‍ പ്രതിരോധം തീര്‍ത്തത്. ആ മനുഷ്യന്‍ ജാഥയെ നോക്കി കൊടി ഉയര്‍ത്തി വീശുകയും
മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതൊരു സന്ദേശമായിരുന്നു. മതത്തിന്റേയും
ജാതിയുടേയും പേരില്‍ ജനതയെ തമ്മില്‍ത്തല്ലിക്കുന്ന
നരാധമന്‍മാരില്‍ നിന്നും ഈ നാടിനെ
സംരക്ഷിച്ചു പിടിക്കാന്‍ ഇവിടെ ഞങ്ങളുണ്ട് എന്നായിരുന്നു അയാള്‍ നല്കിയ സന്ദേശം. ആ
ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ശാരീരികമായി ഏറെ ദുര്‍ബലനെങ്കിലും ഒരു
ചെങ്കൊടിത്തണലില്‍ ജ്വലിച്ചു നിന്ന അസാധാരണമായ മുഹൂര്‍ത്തത്തില്‍ അയാള്‍
ലോകത്തുള്ള മുഴുവന്‍ മനുഷ്യ സ്നേഹികളേയും തന്റെ പിന്നില്‍ അണിനിരത്തി. അസാമാന്യവും തീക്ഷ്ണവുമായ
ആ പ്രതികരണത്തിനുമുന്നില്‍ വര്‍ഗ്ഗീയ വിരുദ്ധ മനസ്സു സൂക്ഷിക്കുന്നവര്‍ ഒറ്റ
മനസ്സായി ചേര്‍ന്നു നിന്നു.
ചിത്രം
സംഘപരിവാരത്തില്‍ ഏറെ പ്രകോപനം സൃഷ്ടിക്കുമെന്ന കാര്യം
സുനിശ്ചിതമായിരുന്നു. അവരുടെ പ്രതികരണങ്ങളും ആ അര്‍ത്ഥത്തില്‍ കഠിനമാകുന്നതും
സ്വഭാവികം മാത്രം. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് , മഹാത്മാ ഗാന്ധി
പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന് കോള്‍മയിര്‍ക്കൊള്ളുന്ന
ഇക്കാലത്തെ കോണ്‍ഗ്രസുകാര്‍ എന്തിനാണ്
ആ ചിത്രത്തിനെതിരെ ആറെസ്സെസിനെക്കാള്‍ തീവ്രമായി പ്രതികരിക്കുന്നത് ? എങ്ങനെയാണ് ആ മനുഷ്യന്‍ കോണ്‍ഗ്രസുകാരനെ മുറിപ്പെടുത്തിയത്
? കോണ്‍ഗ്രസിനെയല്ല ,ആറെസ്സെസ്സിന്റേയും
ബി ജെ പിയുടെ മനുഷ്യവിരുദ്ധതയെയാണ് അയാള്‍ ചോദ്യം ചെയ്തത്. എന്നിട്ടും എന്തിനാണ്
കോണ്‍ഗ്രസിന് അമര്‍ഷം ? ഉത്തരം
സുവ്യക്തമാണ്.കോണ്‍ഗ്രസിന് ബി ജെ പിയോ ആറെസ്സെസ്സോ അല്ല ശത്രുക്കള്‍. അത്
ആദ്യമായും അവസാനമായും സി പി ഐ എം ആണ്.ആരെ കൂട്ടു പിടിച്ചാലും വേണ്ടില്ല സി പി ഐ എം
പരാജയപ്പെടണം എന്നൊരൊറ്റ അജണ്ട മാത്രമേ കോണ്‍ഗ്രസിനുള്ളു. ആ ചിന്തയുടെ പ്രകടമായ
സാക്ഷ്യപ്പെടുത്തലാണ് ഒറ്റയാള്‍പ്പോരാട്ടത്തിനെതിരെയുള്ള പ്രതികരണങ്ങള്‍.
കോണ്‍ഗ്രസ്
എക്കാലത്തും അങ്ങനെതന്നെയായിരുന്നു. ബി ജെ പിയോടോ ആറെസ്സെസിനോടോ ഏറ്റുമുട്ടേണ്ടി
വന്ന കാലങ്ങളിലൊക്കെ അവര്‍ രണ്ടടി പിന്നോട്ടു മാറി.നെഹ്രുവിന്റെ കാലത്തിനു മുമ്പേതന്നെ ഈക്കളി
ആരംഭിച്ചതാണ്.പല ആറെസ്സെസുകാരേയും എ ഐ സി സിയിലേക്ക് നോമിനേറ്റു ചെയ്ത്
ഹിന്ദുത്വവാദികളെ കൂടെ നിറുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു.
ഗാന്ധിയെ കൊന്ന സവര്‍ക്കറോടു പോലും ഇത്തരത്തിലുള്ള ഒരു അനുഭാവപൂര്‍ണമായ ഒരു
നിലപാട് നെഹ്രുവിന്റെ കോണ്‍ഗ്രസ് പുലര്‍ത്തിയതായി കാണാം.പിന്നീട് 1969 ല്‍ കപൂര്‍കമ്മീഷന്‍ കുറ്റവാളിയായി
കണ്ടെത്തുമ്പോഴേക്കും സവര്‍ക്കര്‍ മരിച്ചു കഴിഞ്ഞിരുന്നു. പൂട്ടിയിട്ടിരുന്ന
അയോധ്യ തുറന്നു കൊടുക്കാന്‍ തീരുമാനിച്ച രാജീവ്
ഗാന്ധിയടക്കം പിന്നീടു വന്ന കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം തന്നെ ആറെസ്സെസിനെ പ്രീണിപ്പിക്കുന്ന
അതേ നിലപാടു തന്നെയാണ് സ്വീകരിച്ചു പോന്നത്. എന്നാല്‍ ഇക്കാലത്ത്
ആറെസ്സെസ്സ് അനുകൂല മനോഭാവം സ്വീകരിക്കുന്നത് രാജ്യത്തിന്റെ നിലനില്പിന് വേണ്ടി
ഏറ്റവും അവസാനമായി മനുഷ്യ സ്നേഹികളായ ഒരു പറ്റമാളുകള്‍ നടത്തുന്ന
പ്രതിരോധങ്ങളെക്കൂടി അട്ടിമറിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും
മനസ്സിലാക്കണം.
സംഘപരിവാരത്തെ
മാത്രമല്ല കോണ്‍ഗ്രസിനെക്കൂടിയാണ് ആ ഒറ്റയാള്‍പ്പട്ടാളത്തിന്റെ പ്രതിരോധം
പ്രതിക്കൂട്ടില്‍ നിറുത്തുന്നത്.അയാളെ അധിക്ഷേപിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ
ആറെസ്സെസ്സിന്റെ രാഷ്ട്രീയത്തിനാണ് സിന്ദാബാദ് വിളിക്കുന്നത്. അറിയാതെയാണെങ്കില്‍ തിരുത്തുക,
അറിഞ്ഞുകൊണ്ടാണെങ്കില്‍ മുഖംമൂടി മാറ്റി വെച്ച്
ആറെസ്സെസിന്റെ കളത്തിലേക്ക് നീങ്ങി നില്ക്കുക. അവശേഷിക്കുന്നത് ഒരാളെങ്കില്‍ ഒരാള്‍.അയാള്‍ നിങ്ങള്‍ക്ക്
പ്രതിരോധത്തിന്റെ കോട്ടയായി മാറും എന്നാണ് ഈ മനുഷ്യന്‍ പറയുന്നത്
ചിത്രം
: ഹരിന്‍ കൈരളി പുന്നപ്ര
മനോജ് പട്ടേട്ട് || 2020 സെപ്തംബര്
21 , 8.15 AM ||
Comments