#ദിനസരികള്‍ 1254 സഖാവ് അഴീക്കോടന്സ്മരണകളില്.


            നവാബ് രാജേന്ദ്രന്‍ മരിക്കുന്നതുവരെ ആവര്‍ത്തിച്ച ഒരു കാര്യമുണ്ട്. :- തട്ടില്‍ എസ്റ്റേറ്റിലെ ആയിരത്തോളം ഏക്കര്‍ ഭൂമി കാര്‍ഷിക സര്‍വ്വകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കാന്‍‌ സര്‍ക്കാര്‍  തീരുമാനിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലാണ് പൊതുവേ നിലവിലുണ്ടായിരുന്ന വിലയെക്കാള്‍ ഏറെ കൂടുതല്‍ തുകയ്ക്ക് പ്രസ്തുത ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചത്. അന്ന് ലക്ഷങ്ങളാണ് കരുണാകരന്‍ ഇടപാടു നടത്തുന്നതിനുവേണ്ടി ആവശ്യപ്പെട്ടത്. അതിന്റെ ആദ്യഗഡു ആവശ്യപ്പെട്ടുകൊണ്ട് കരുണാകരന്റെ   പി എ ആയിരുന്ന സി കെ ഗോവിന്ദന്‍ എഴുതിയ കത്തിന്റെ കോപ്പി ലഭിക്കുകയും  നവാബ് വാരിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കത്തിന്റെ ഒറിജിനല്‍ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും പ്രതിപക്ഷ കക്ഷികളുടെ കോര്‍‌ഡിനേഷന്‍ കമ്മറ്റി കണ്‍വീനറുമായ സഖാവ് അഴീക്കോടന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. ആ കത്ത് പുറത്തു വരാതിരിക്കുന്നതിനു വേണ്ടിയാണ് രാഘവനെ 1972 സെപ്തംബർ 23ന് കരുണാകരന്റെ അറിവോടെ ക്രൂരമായി കൊലപ്പെടുത്തുന്നത്. അത്തരമൊരു കത്തില്ലെന്ന് വാദിച്ചുകൊണ്ട് ഗോവിന്ദന്‍ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍ നവാബ് വാരിക പ്രസിദ്ധീകരിച്ച കത്തിന്റെ ഒറിജിനല്‍ തന്റെ കൈയ്യിലുണ്ടെന്ന് അഴീക്കോടന്‍ വെളിപ്പെടുത്തി. പിറ്റേ ദിവസം കത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജാരേക്കുന്നതിനു വേണ്ടിയായിരുന്നു സഖാവ് അഴിക്കോടന്‍ തൃശൂരിലെത്തിയത്.

            കരുണാകരനും കൂട്ടരും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഈ കൊലപാതകം. അതിനു സി പി ഐ എമ്മില്‍ നിന്നും പുറത്താക്കിയ എ വി ആര്യന്റേയും കൂട്ടരുടേയും സഹായവും തേടി. തന്നെ പുറത്താക്കിയതില്‍ ആര്യന് സി പി എമ്മിനോട് ഉണ്ടായിരുന്ന വിദ്വേഷമാണ് കൊലക്കു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ കരുണാകരനും കൂട്ടര്‍ക്കും എളുപ്പമായിരുന്നു. മാത്രവുല്ല ആര്യന്റെ പാര്‍ട്ടി വിരുദ്ധ നീക്കങ്ങളെ എതിര്‍ക്കാന്‍ അഴീക്കോടന്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ആര്യന്റെ നേതൃത്വത്തിലുണ്ടാക്കിയ നക്സലൈറ്റ് ഗ്രൂപ്പിന് വേരുകളില്ലാതെയാക്കിയതില്‍ അഴീക്കോടന്  മുഖ്യ പങ്കാണുണ്ടായിരുന്നത്. ഇതെല്ലാം അറിയാമായിരുന്ന കരുണാകരന്‍ ആര്യനേയും അയാളുടെ കൂടെയുള്ളവരേയും സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.

            സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെടുമ്പോള്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. അത്രയും സമുന്നതനായ ഒരു നേതാവ് അതിനു മുമ്പും ശേഷവും കേരളത്തിലൊരു പാര്‍ട്ടിക്കും നഷ്ടപ്പെട്ടിട്ടില്ല.  എ കെ ജി, സഖാവ് അഴീക്കോടനെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ് ഊണും ഉറക്കവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സഖാവ് അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല.ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും.പകയോ വിദ്വേഷമോ മനസ്സില്‍ കൊണ്ടു നടക്കാത്ത സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതിരുന്ന അഴീക്കോടന്‍ രാഘവനെന്ന കമ്യൂണിസ്റ്റുകാരനെയാണ് അന്ന് അര്‍ദ്ധരാത്രി കൊലപ്പെടുത്തുന്നത്.

            കരുണാകരന്റെ പാര്‍ട്ടി ഇന്നും കൊലക്കത്തിയുമായി നാട്ടിലിറങ്ങി നടക്കുമ്പോള്‍ സഖാവ് അഴീക്കോടന്റെ സ്മരണകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.        

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 23 , 8.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം