#ദിനസരികള്‍ 1257 എസ് പി ബിയ്ക്ക് വിട !
എസ്.പി.ബാലസൂബ്രഹ്മണ്യത്തിലേക്ക്
ഞാനെത്തുന്നത് പതിയെപ്പതിയെയായിരുന്നു. ശങ്കരാഭരണത്തിലെ വിഖ്യാതമായ ശങ്കരാ …നാദശരീരാ പരാ എന്ന പാട്ടാണ് അദ്ദേഹത്തിന്റേതായി ആദ്യം കേട്ടതെന്നാണ് ഓര്‍മ്മ.അല്ല,
അതാണ് ശരി.അതിനു മുമ്പുതന്നെ അദ്ദേഹം മലയാളത്തില്‍ പാടാന്‍
തുടങ്ങിയിട്ടുണ്ടെങ്കിലും അത്ര വലിയ ഹിറ്റുകളുണ്ടായിരുന്നില്ല. സ്വഭാവികമായും
സിനിമയെക്കാള്‍ മുന്നേ പാട്ടാണ് ആദ്യമെത്തിയത്. അന്ന് അത് പാടിയത് ആരാണെന്നോ ഭാഷ
ഏതാണെന്നോ അര്‍ത്ഥമെന്താണെന്നോ പോലും മനസ്സിലായില്ലെങ്കിലും
പ്രാണമു നീവനി ഗാനമേ നീതനി ,
പ്രാണമേ ഗാനമണീ…
മൗനവിചക്ഷണ ഗാനവിലക്ഷണ
രാഗമേ യോഗമനീ
പ്രാണമു നീവനി ഗാനമേ നീതനി
പ്രാണമേ ഗാനമണീ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അനുഭവിച്ച
ഒരു രസം പറഞ്ഞറിയിക്കാനാവാത്തതാണ്.ആ പാട്ട് , ‘നാ ഗാനലഹരി നുവു മുനുഗംഗാ
ആനന്ദവൃഷ്ടിനേ തടവംഗാ…....’ എന്ന് അവസാനിക്കുമ്പോഴേക്കും അനുഭൂതിയുടെ അസാമാന്യമായ
വിതാനങ്ങളിലേക്ക് കേള്‍വിക്കാരനെ കൈ പിടിച്ചുയര്‍ത്തുന്നു. ആദ്യം കേട്ട നാള്‍
മുതല്‍ ഇന്നു വരെ നിരന്തരം വിടാതെ പിന്തുടര്‍ന്ന ഒരു പാട്ടുണ്ടെങ്കില്‍ അതിതാണ്.
അപ്പോഴേക്കും
മലയാളത്തില്‍ ന്യൂഡല്‍ഹിയൊക്കെ വന്നുവെങ്കിലും സാജന്‍ മറ്റൊരു ഗംഭീര ഹിറ്റ് ഗാനവുമായെത്തി.
എല്ലാവരുടേയും നാവിന്‍ തുമ്പത്ത് ബഹുത്ത്
പ്യാര് കര്‍ത്തേ ഹേ തുംകോ സനം എന്ന പാട്ട് നൃത്തമാടി. അപ്പോഴേക്കും ബാലസുബ്രഹ്മണ്യം
ഏറെ സുപരിചിതനായി. അതുപോലെ അക്കാലത്ത് ,
എന്നുവെച്ചാല്‍ സ്കൂള്‍
കാലത്ത് , പുറത്തുവന്ന ഭീഷ്മാചാര്യയിലെ സ്വർഗ്ഗം ഇനിയെനിക്ക്
സ്വന്തം കുറുമ്പി പെണ്ണേ
,സ്വപ്‌നം പറന്നുവന്നെൻ നെഞ്ചിൽ കുടിയിരുന്നേ
എന്ന ഗാനമായിരിക്കണം മലയാളത്തില്‍ എസ് പി ബിയുടേതായി എന്നെ ആകര്‍ഷിച്ച ആദ്യ ഗാനം.
ആ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നുവെങ്കിലും – ചന്ദനക്കാറ്റേ കുളില്‍ കൊണ്ടുവാ , പറന്നൂ പൂങ്കുയില്‍
തുടങ്ങിയ ഗാനങ്ങളെല്ലാം ആ സിനിമയിലാണ്.- മനോജ് കെ ജയന്‍ മദ്യപിച്ചു കൊണ്ട് ആലപിക്കുന്ന
പ്രസ്തുത ഗാനത്തോട് എന്തോ കാരണത്താല്‍ എനിക്ക് പ്രിയമേറെയുണ്ടായിരുന്നു.
പിന്നെയങ്ങോട്ട്
എത്രയെത്ര അവിസ്മരണീയ ഗാനങ്ങള്‍. തമിഴില്‍ പാടിയ പല പാട്ടുകളുടേയും അര്‍ത്ഥം
മനസ്സിലായില്ലെങ്കിലും ആ ഗാനങ്ങള്‍ പുലര്‍ത്തുന്ന ഭാവപ്പൊലിമ പാട്ടുകളിലേക്ക്
വലിച്ചടുപ്പിക്കുന്ന പ്രധാന സംഗതിയാണ്. മലരേ മൌനമാ എന്ന എസ് പി ബി പാടുമ്പോള്‍ അത്
ഭാഷയ്ക്കപ്പുറമുള്ള ഋതുക്കളെ ആവാഹിച്ചെടുക്കലാകുന്നു.
സംഗീതം
പഠിച്ചിട്ടില്ല. മറ്റു ഗായകരെപ്പോലെയുള്ള ഒച്ചയടയ്ക്കുമെന്ന വേവലാതികളൊന്നുമില്ല.
ഐസ്ക്രീം കഴിക്കാനൊന്നും ഒരു മടിയുമില്ല - എസ് പി ബിയെക്കുറിച്ച് കേട്ടിരിക്കുന്ന
കഥകളിതൊക്കെയായിരുന്നു. പരമ്പരാഗത സംഗീതത്തിന്റെ വഴികളെ നിഷേധിച്ചിരുന്ന ഒരാളെന്ന
പരിവേഷം അത്ഭുതമാണുണ്ടാക്കിയത്. നമ്മുടെ നാട്ടിലെ ഗായകര്‍ തങ്ങളുടെ ജീവിതചര്യകളെ കണിശമായും
കൊണ്ടുനടക്കുന്നതിന്റെ ധാരാളം കഥകള്‍ നാം കേള്‍ക്കാറുള്ള സാഹചര്യത്തിലാണ് എസ് പി
ബിയെപ്പോലെയൊരാള്‍ അതെല്ലാം അത്രതന്നെ നിസ്സാരമായി കണക്കാക്കുന്നതെന്നത്
അദ്ദേഹത്തെക്കുറിച്ചുള്ള അത്ഭുതം വര്‍ദ്ധിപപിക്കുന്നു.
മഹാനായ
ഗായകനെന്നതുപോലെ മഹാനായ മനുഷ്യനുമായിരുന്നു അദ്ദേഹം. എല്ലാറ്റിനുമുപരി സംഗീതത്തെ
സ്നേഹിച്ചയാള്‍. തന്റെ പാട്ടുകള്‍ പാടരുതെന്ന് ഇളയരാജ ആവശ്യപ്പെട്ടപ്പോള്‍ പോലും ആ
സ്വരമൊന്ന് കടുക്കുന്നത് നാം കേട്ടിട്ടില്ല. വെള്ള വസ്ത്രത്തില്‍ പുതഞ്ഞ് മനസ്സില്‍ ഇരുട്ടുമായി
നടന്ന ഒരാളായിരുന്നില്ല അദ്ദേഹം ഒരിക്കലും. ഈ മഹാമനുഷ്യന്‍ ജീവിച്ചിരുന്ന ഒരു
കാലഘട്ടത്തില്‍ ഇവിടെ ജീവിക്കാനായത് മഹാഭാഗ്യമെന്നല്ലാതെ മറ്റെന്താണ് പറയുക ?
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 26
, 8.15 AM ||
Comments