#ദിനസരികള്‍ 1051 മോഡിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍



            നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോഡി. This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted എന്നാണ് സമൂഹമാധ്യമങ്ങളില്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള മോഡി കഴിഞ്ഞ ദിവസം അറിയിച്ചത്. അടുത്ത ഞായറാഴ്ചയോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് നരേന്ദ്രമോഡിയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
          വിവിധ സമൂഹമാധ്യങ്ങളില്‍ മോഡിയെ പിന്തുടരുന്നവരുടെ എണ്ണം നോക്കുക. ട്വിറ്ററില്‍ അമ്പതു മില്യന്‍ കടന്നിരിക്കുന്നു.ഒബാമയും ട്രംമ്പുമാണ് ഇക്കാര്യത്തില്‍ മോഡിയോട് മത്സരിക്കുന്ന ലോക നേതാക്കള്‍. ഫെയ്സ് ബുക്കിലാകട്ടെ നാല്പത്തിനാലു മില്യനാണ് ആരാധകരുടെ എണ്ണം. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം മുപ്പതുമില്യനും ലിങ്ക്ഡ്ഇന്നില്‍ മൂന്നുമില്യണും യൂട്യൂബില്‍ മൂന്നര മില്യണുമാണ് മോഡിയെ പിന്തുടരുന്നവരുടെ എണ്ണമെന്ന് നമ്മുടെ മാധ്യമങ്ങള്‍  പറയുന്നു.
          ഇത്രയും ആളുകള്‍ പിന്തുടരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ താനിനി സോഷ്യല്‍ മീഡിയയിലേക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ എന്താകും കാരണം എന്നാണ് അനുയായികളില്‍ പലരുടേയും അല്ലാത്തവരില്‍ ചിലരുടേയും ആലോചന.
          ഞാനാലോചിക്കുന്നത്, ഇത്രയേറെ അനുയായികളുള്ള ഒരാള്‍ക്ക് ഈ ലോകത്തോട് , ജനതയോട് ഒന്നും സംസാരിക്കാനില്ല എന്നു വന്നാല്‍ ആ സ്ഥിതി എത്ര ദയനീയമായിരിക്കും എന്നാണ്. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് ? തന്റെ രാജ്യത്തോട്, ലോകത്തോട് ഒരു നേതാവ് എന്ന നിലയില്‍ പങ്കുവെയ്ക്കുവാന്‍ ആശയങ്ങളൊന്നുമില്ലെന്നു വന്നാല്‍ , ആലോചനകളൊന്നുമില്ലെന്നു വന്നാല്‍ അതല്ലേ സഹതപിക്കേണ്ടതായ ദുരവസ്ഥ ? നവമാധ്യമങ്ങളിലൂടെ ജനതയെ നിയന്ത്രിക്കാനും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുവാനും രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിയ്ക്കാനും വളരെ എളുപ്പം കഴിയുന്ന ഒരു കാലത്താണ് മോഡിയെപ്പോലെയൊരാള്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്നത് എന്നതുകൂടി നാം കണക്കിലെടുക്കണം.
          സോഷ്യല്‍ മീഡിയയുടെ ആ പ്രഹരശേഷി തിരിച്ചറിഞ്ഞതുതന്നെയായിരിക്കണം മോഡിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അതായത് ഈ രാജ്യം നിര്‍ണായകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനത മനുഷ്യനായി ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടി കടുത്ത സമരത്തിലാണ്. ഭരണഘടനാപരമായി അവന് അനുവദിച്ചുകിട്ടിയിരിക്കുന്ന എല്ലാത്തരം അവകാശങ്ങളും അട്ടിമറിയ്ക്കപ്പെടുന്നു. മതാപരമായും ജാതീയമായും  കൂടുതല്‍ക്കൂടുതല്‍ വിഭജിക്കപ്പെടുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും ഏറി വരുന്നു.ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വസ്തുതാപരമായ വാര്‍ത്തകള്‍ അവതരിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഏറിയ പങ്കും സംഘിവത്കരിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ വാര്‍‌ത്തകള്‍ എവിടേയുമില്ല. പരിവാരസേവകരല്ലാത്തവര്‍‌ക്ക് നിലനില്ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍ ജനത തങ്ങളുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും സൂചിപ്പിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയകളിലാണ്.അവയുടെ ശക്തി മോഡിയ്ക്ക് നന്നായി അറിയാതിരിക്കാന്‍ വഴിയില്ല. അവയെക്കൂടി ഫലപ്രദമായി നിയന്ത്രിച്ചു നിറുത്താന്‍ കഴിഞ്ഞാല്‍ ജനത കൂടുതലായി ഒറ്റപ്പെടുമെന്ന് മോഡിയ്ക്കും കൂട്ടര്‍ക്കും അറിയാം. അതുകൊണ്ട് അത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയാണ് മോഡിയെ മുന്‍നിറുത്തിയുള്ള ഈ നീക്കമെന്നാണ് കരുതേണ്ടത്.
          അതിന് മോഡി മാത്രം തന്റെ അക്കൌണ്ടുകള്‍ അവസാനിപ്പിച്ചാല്‍ മതിയോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഏറെത്താമസിയാതെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കില്ലെങ്കില്‍പ്പിന്നെ നമുക്ക് എന്തിന് എന്ന ചോദ്യമുയരും. അതോടെയാണ് കളികള്‍ അസാധാരണമാകുന്നത്. പ്രധാനമന്ത്രിയുടെ മഹനീയമായ പാത പിന്തുടരാന്‍ എത്രയോ ആളുകള്‍ രംഗത്തിറങ്ങും ! എക്കാലത്തേയും പോലെ മോഡി തുടങ്ങി വെയ്ക്കുന്നുവെന്നേയുള്ളു. ഏറ്റെടുക്കാന്‍ ഏറെ ആളുകള്‍ മുന്നോട്ടു വരാന്‍ പോകുന്നു. അതോടെ നവമാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിന്റെ ലഭ്യതയിലുമൊക്കെ ഇടപെടാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാറിന് ഒരുങ്ങിക്കിട്ടും. വരാനിരിക്കുന്നത് അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമാകാന്‍ പോകുന്ന നവമാധ്യമകാലമായിരിക്കുമെന്ന് സുനിശ്ചിതമാണ്.
          മറ്റൊന്ന്  വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ സൌമനസ്യം കാണിക്കാത്ത ഒരു ഭരണാധികാരിയ്ക്കേ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കഴിയൂ എന്നതാണ്. നവമാധ്യമങ്ങളിലെ മോഡിയുടെ അഭിപ്രായത്തോട് ആര്‍ക്കുംതന്നെ അതേ മാധ്യമം വഴി പ്രതികരിക്കാനുള്ള അവസരമുണ്ട്. താന്‍ സോഷ്യല്‍ മീഡിയ വിടുന്നു എന്ന് അറിയിപ്പിനോടുള്ള പ്രതികരണങ്ങള്‍ തന്നെ നോക്കുക.പലരും മോഡിയോട് ആവശ്യപ്പെട്ടത് രാജ്യം തന്നെ വിടാനാണ്. രാഹുല്‍ ഗാന്ധിയാകട്ടെ , വെറുപ്പിന്റെ വിദ്വേഷത്തിന്റെ ആശയങ്ങളെയാണ് നവമാധ്യമങ്ങളെയല്ല വിട്ടുകളയേണ്ടത് എന്നാണ് മോഡിക്കുള്ള മറുപടിയായി എഴുതിയത്. അസഹിഷ്ണുവായ ഒരാള്‍ക്ക് ഇത്തരത്തില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നത് ഒട്ടുംതന്നെ പഥ്യമാകില്ലെന്നുറപ്പാണ്.അതുകൊണ്ട് വിമര്‍ശനങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണ് ഈ തീരുമാനം. പ്രതിമാസ റേഡിയോ പ്രക്ഷേപണം മോഡി അവസാനിപ്പിക്കുന്നില്ലെന്നു കൂടി മനസ്സിലാക്കുക.അവിടെ പ്രതികരിക്കാനുള്ള വഴികളൊന്നുംതന്നെയില്ലല്ലോ. അതുകൊണ്ട് മന്‍ കി ബാത് തുടരുമായിരിക്കും.
          ആറെസ്സെസ്സ് രൂപം കൊണ്ടിട്ട് ഒരു നൂറ്റാണ്ടാകുന്നത് 2025 ലാണ്.സംഘപരിവാരങ്ങളെ,പ്രത്യേകിച്ച് ആറെസ്സെസ്സിനെ, സംബന്ധിച്ച് അത് നിര്‍ണായക വര്‍ഷമാണ്. അതുകൊണ്ടുതന്നെ 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്നത് ഒരു ജീവന്മരണ പോരാട്ടമായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്ന് വ്യക്തം. വിമതസ്വരങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തിന്റെ അന്തസത്തയെ ഉടച്ചു കളഞ്ഞ് തങ്ങള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ഒരുക്കിയെടുക്കാനും അതിന്റെ മറവില്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുവാനുമുള്ള നീക്കങ്ങളിലെ നിര്‍ണായകമായ ചുവടുവെപ്പാണ് ഇനി വരാനിരിക്കുന്ന ഇന്റര്‍നെറ്റ് സോഷ്യല്‍മീഡിയാ മേഖലകളിലെ ഇടപെടലുകള്‍ എന്നതാണ് നാം മനസ്സിലാക്കേണ്ടത്.എന്തു വേണമെന്ന് ചിന്തിക്കേണ്ട സമയമാണ് മുന്നിലുള്ളത്.              
         
         




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം