#ദിനസരികള്‍ 1055 തെരുവുകളിലാണ് പ്രതിഷേധിക്കേണ്ടത് !



            രണ്ടു ചാനലുകള്‍ - മീഡിയ വണ്‍ , ഏഷ്യാനെറ്റ് ന്യൂസ് എന്നിവ നാല്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ സംഘപരിവാരം നടത്തിയ വംശഹത്യയെ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങളുടെ നടപടി നിര്‍‌ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് നിരോധനം നടപ്പാക്കിയത്. ഈ രണ്ടു മാധ്യമങ്ങളും കലാപത്തിന് നേതൃത്വം കൊടുത്ത ആറെസ്സെസ്സിനേയും നിഷ്ക്രിയരായി നിന്ന ഡല്‍ഹി പോലീസിനേയും വിമര്‍ശിച്ചുവെന്നും സര്‍ക്കാര് ആരോപിക്കുന്നു. എന്തായാലും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഈ നീക്കത്തിലൂടെ നരേന്ദ്ര മോഡിയുടേയും അമിത് ഷായുടേയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നമുക്ക് കാണിച്ചു തരുന്നത്.
മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഹീനതന്ത്രം എന്നാണ് ഇടതുപക്ഷം ഈ നീക്കത്തെ അപലപിച്ചത്. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പോലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണം അല്ല. കേന്ദ്ര സർക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നുംസി പി ഐ എം അടക്കമുള്ള സംഘടനകള്‍ ചിന്തിക്കുന്നു.
സര്‍ക്കാറിന്റെ നേതൃത്വത്തില്‍ത്തന്നെ എന്തു വൃത്തികേടും സംഭവിക്കാമെന്ന സാഹചര്യത്തിലാണ് ഇന്ത്യ ജീവിച്ചുപോകുന്നത്.ജനാധിപത്യപരമായി ഇന്നാട്ടിലെ പൌരന്മാര്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും ലഭിച്ച എല്ലാ അവകാശങ്ങളും തട്ടിത്തെറിപ്പിക്കപ്പെടുന്നു.എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല. മറിച്ച് അംഗീകരിക്കുകയും അടങ്ങിയിരിക്കുകയും ചെയ്യുക എന്ന സന്ദേശംമാത്രമാണ് സംഘപരിവാരം ജനതയ്ക്ക് നേരെ വെച്ചു നീട്ടുന്നത്. അങ്ങനെയല്ലാത്തവയെല്ലാംതന്നെ നിരോധിക്കപ്പെടേണ്ടതോ സമൂലം നിഷേധിക്കപ്പെടേണ്ടതോ ആയവയാണ് എന്നാണ് അക്കൂട്ടര്‍ കരുതിപ്പോരുന്നത്. മാധ്യമങ്ങളെ നിരോധിച്ചുകൊണ്ട് നടത്തിയ നീക്കം അത്തരത്തില്‍ തങ്ങള്‍‌ക്കെതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ എന്തു സംഭവിക്കുമെന്ന് ചൂണ്ടിക്കാണിച്ചതാണെന്ന് സുവ്യക്തമാണ്.
ഒരു കാര്യം കൂടി ഇവിടെ നാം പരിഗണിക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതൊന്നും തന്നെ നുണയാണെന്ന വാദം കേന്ദ്രസര്‍ക്കാറിനില്ല.അതൊന്നും തന്നെ സംഭവിച്ചിട്ടില്ലാത്തതാണെന്നും അവര്‍ പറയുന്നില്ല. എന്നാല്‍ നിര്‍‌‌ദ്ദേശങ്ങള്‍ മറികടന്ന് വാര്‍ത്ത ജനങ്ങളിലേക്ക് എത്തിച്ചുവെന്നാണ് പ്രധാന ആരോപണം. എന്തായാലും വംശഹത്യാശ്രമങ്ങളെ തുറന്നു കാണിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കിട്ടിയ ആ നിരോധനത്തെ ബന്ധപ്പെട്ടവര്‍ അംഗീകാരമായി കണക്കാക്കണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
എന്തായാലും കേന്ദ്രസര്‍ക്കാറില്‍ നിന്നും നേരും നെറിയും പ്രതീക്ഷിക്കുന്നില്ലാത്തതുകൊണ്ടുതന്നെ ഈ നിരോധനത്തിലും  അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. മറിച്ച് ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കാനും പ്രതിഷേധിക്കാനും ഇനിയും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പിന്നീട് നാം ഈ രാജ്യത്തിന് വേണ്ടി ഖേദിച്ചിട്ട് കാര്യമൊന്നുമുണ്ടാകില്ലെന്ന വേവലാതി മാത്രമേയുള്ളു. ഓരോ നികൃഷ്ടസംഭവങ്ങളുണ്ടാകുമ്പോഴും നാം ഇതുപോലെ വേവലാതിപ്പെടുകയും അതിനു ശേഷം അവനവന്റെ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞ് സ്വസ്ഥരാകുകയും ചെയ്യും. മറ്റൊരു പ്രശ്നമുണ്ടാകുമ്പോള്‍ വീണ്ടും പുറത്തേക്കുവരും. ഇതൊരു ശീലമായിരിക്കുന്നു. അതുമാറ്റേണ്ടതുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ഒരു തുടര്‍ച്ച ഇത്തരം പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും ഉണ്ടാകണം എന്നതുമാത്രമാണ് ജനതയോടുള്ള അഭ്യര്‍ത്ഥന. തെരുവുകളിലേക്ക് പ്രതിഷേധങ്ങള്‍ പടരേണ്ടതുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം